തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യത. പത്തനംതിട്ടയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്. നാളെയും എറണാകുളത്ത് യെല്ലോ അലർട്ടായിരിക്കും.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കിട്ടുമെങ്കിലും സംസ്ഥാന താപനില മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഈ ജില്ലകളിൽ താപനില ഉയരും. പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസായിരിക്കും. കോഴിക്കോട് ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കും.