സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അറിയിച്ചു.
കാലാവസ്ഥ പ്രവചനം അനുസരിച്ച് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 5 മുതല്‍ 15 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇടിമിന്നല്‍ അതീവ അപകടകാരികള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പരുലര്‍ത്തണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.