Friday, November 22, 2024
spot_imgspot_img
HomeKeralaകാലവർഷം പിന്മാറി; 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരും

കാലവർഷം പിന്മാറി; 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരും

തിരുവനന്തപുരം: കാലവർഷം രാജ്യത്ത് നിന്ന് വ്യാഴാഴ്ചയോടെ പൂർണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയെന്നും തുടക്കം ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദവും ബംഗാൾ ഉൾകടലിൽ ന്യുനമർദ സാധ്യതയും നിലനിൽക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്രന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി ഒക്ടോബർ 21 ഓടെ മധ്യ ബംഗാൾ ഉൾകടലിൽ ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതിനുശേഷം ഒക്ടോബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന്റെ ഭാഗമായി അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares