തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബികടലിൽ വീണ്ടും പടിഞ്ഞാറൻ കാറ്റ് സജീവമായതിന്റെ ഫലമായി കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾകടലിൽ തുടരെ തുടരെ ന്യൂനമർദ്ദങ്ങൾ ഉണ്ടായേക്കും. തമിഴ്നാട് തീരത്തേക്കും ആന്ധ്രാ തീരത്തേക്കും ന്യൂനമർദ്ദങ്ങൾ എത്തുന്നതോടെ മഴ ശക്തമാകും. സെപ്റ്റംബർ മുഴുവൻ ഈ പ്രതിഭാസം തുടരാൻ സാധ്യതയുണ്ടെന്നും വിദഗദ്ധർ വിലയിരുത്തുന്നു.