അതിശക്തമായ മഴ സാധ്യത മുൻനിർത്തി തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച ( ജൂൺ ഒന്ന്) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തൃശ്ശൂരിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല. വ്യാപക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ മൂന്ന് ആശുപത്രികളിലും നിരവധി വീടുകളിലും വെള്ളം കയറി. ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസപ്പെട്ടു.