തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആളിയാർ ഡാമിന്റെ അഞ്ച് സ്പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. ഡാമിൽ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.രാവിലെ 4.30നാണ് ഡാമിന്റെ അഞ്ച് സ്പിൽവെ ഷട്ടറുകൾ 9 സെന്റീമീറ്റർ വീതം തുറന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 1047.35 അടിയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.