Sunday, November 24, 2024
spot_imgspot_img
HomeOpinionജനാധിപത്യത്തിന് നേരെ വാളോങ്ങുന്ന രാജ്ഭവനുകൾ

ജനാധിപത്യത്തിന് നേരെ വാളോങ്ങുന്ന രാജ്ഭവനുകൾ

This image has an empty alt attribute; its file name is Untitled-15-1024x801.jpg

അതുൽ നന്ദൻ

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ചരിത്രപരമായ തിരുശേഷിപ്പായ ഗവർണർ പദവി വീണ്ടും രാഷ്ട്രീയമായും ഭരണഘടനാപരമായും ചർച്ച ചെയ്യപ്പെടുകയാണ്. ഗവർണർ പദവി എന്നത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സർക്കാരിനെതിരെ നീക്കം നടത്താനുള്ളതാണെന്നും ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. കേരളം, തമിഴ്നാട്,ബംഗാൾ രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഗവർണർമാർ സമീപകാലത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തികൾ ഇതിനെ സാധൂകരിക്കുന്നുണ്ട്.

സംസ്ഥാനങ്ങളെ സംബന്ധിച്ച നിയമനിർമാണം, നിയമനിർവഹണം എന്നിവ ഉൾപ്പെടെ നിയമാനുസൃതമായി കൽപ്പിച്ച് നൽകിയിരിക്കുന്ന കടമകൾക്കപ്പുറം കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഗവർണർമാർ സംസ്ഥാനങ്ങൾക്കുമേൽ അപ്രമാദിത്വവും പരമാധികാരവും പ്രയോഗിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടകരമാം വിധം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും അട്ടിമറി നടക്കുന്നത്. സംസ്ഥാനങ്ങൾക്കും മേൽ കേന്ദ്രസർക്കാർ നടത്തുന്ന അമിതാധികാരപ്രയോഗത്തിന്റെ വക്താക്കളായി മാറുകയാണ് ഗവർണർമാർ. ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താനും ദുർബലപ്പെടുത്താനും നിരന്തരം ശ്രമിക്കുകയാണവർ. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുക, ഭരണഘടന മൂല്യങ്ങളിൽ ഉറച്ചുനിന്ന് കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രപതിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക, കേന്ദ്ര-സംസ്ഥാന ബന്ധം രാഷ്ട്രീയത്തിന് അതീതമായി ശക്തിപ്പെടുത്തുക തുടങ്ങിയതായിരിക്കണം ഗവർണറുടെ ഉത്തരവാദിത്വങ്ങൾ എന്ന് ഭരണഘടന നിർമ്മാണവേളയിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്.

കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരിനോടും പ്രത്യേക ചായ്‌വ് കാണിക്കാത്ത എന്നാൽ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കേണ്ട പദവിയാണിത്. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഗവർണർമാരുടെ അമിത രാഷ്ട്രീയ വിധേയത്വത്തിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. കേന്ദ്രത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായി സംസ്ഥാനങ്ങൾക്കു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതിയിൽ ഗവർണർ പദവി ഉപയോഗിക്കുന്നത് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ സമീപകാല സംഭവ വികാസങ്ങളിൽ നിന്ന് കൂടുതൽ വ്യക്തമായതാണ്. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നതോടുകൂടിയാണ് ഗവർണർ പദവിക്കും ചുമതലകൾക്കും കൂടുതൽ പ്രാധാന്യം കൽപ്പിച്ചു തുടങ്ങിയത്.

1858 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ അധികാരം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുന്ന സാഹചര്യത്തിൽ പ്രവിശ്യാഭരണം സുഗമമാക്കുന്നതിനാണ് ആദ്യമായി ഗവർണർ പദവി ആരംഭിക്കുന്നത്. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം ആയതിനുശേഷം പിന്നാലെ ഗവർണർ പദവിയിലും ചുമതലകളിലും സമൂല പരിഷ്കരണം നടന്നിരുന്നു. ഭരണഘടന അടിസ്ഥാനത്തിൽ 153 മുതൽ 164 വരെയുള്ള അനുഛേദങ്ങളിലാണ് ഗവർണറുടെ തിരഞ്ഞെടുപ്പും ചുമതലകളും പ്രതിപാദിക്കുന്നത്. ആർട്ടിക്കിൾ 153 പ്രകാരം ഇന്ത്യൻ രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത് 35 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരൻ ആയിരിക്കണം ഗവർണർ പദവിയിലെത്തേണ്ടത് കേന്ദ്രസർക്കാരും സംസ്ഥാന മുഖ്യമന്ത്രിയുമായി ആലോചിച്ചു വേണം ഗവർണറെ തീരുമാനിക്കേണ്ടത് എന്നാൽ ഈ ഭരണഘടനാ കീഴ് വഴക്കം എപ്പോഴെങ്കിലും പരിഗണിക്കപ്പെടാറുണ്ട് എന്നത് ചിന്തനീയമായ ഒരു വസ്തുതയാണ്.

ഭരണഘടനയിലെ 163 അനുച്ഛേദവുമായി ബന്ധപ്പെട്ടതാണ് വിവേചനപരമായ കടമ നിർവഹണം. ഭരണഘടന നിർമ്മാണവേളയിൽ തന്നെ ഡോക്ടർ ബി ആർ അംബേദ്കർ ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 1935 ഗവൺമെന്റ് ഓഫ് ഇന്ത്യ വകുപ്പുകളുടെ പകർത്തിയെഴുത്ത് അദ്ദേഹം നിരാകരിക്കുന്നുണ്ട്. ഗവർണർക്ക് അധികാരങ്ങൾ ഒന്നും തന്നെ ഇല്ലെന്നും കടമകളാണ് ആ പദവി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു വിവേചന അധികാരത്തെ ഭരണഘടന വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. സംസ്ഥാന ഭരണനിർവഹണത്തെയും നിയമനിർമ്മാണ നിർദേശങ്ങളെയും സംബന്ധിച്ചും ഗവർണർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ ദൈനംദിന ഭരണനിർവഹണത്തിൽ ഗവർണർക്ക് പ്രത്യേക അവകാശങ്ങൾ ഒന്നും തന്നെ ഭരണഘടന വിഭാവനം ചെയ്യുന്നില്ല.

മണി ബിൽ ഒഴികെയുള്ള മറ്റു ബില്ലുകൾ നിയമസഭ പാസാക്കിയ നിയമമാകണമെങ്കിൽ ഗവർണറുടെ അംഗീകാരം ലഭിച്ചിരിക്കണം. ഇല്ലെങ്കിൽ അത് അംഗീകരിക്കുന്നതിനായി വീണ്ടും സംസ്ഥാന സർക്കാരിന് ഗവർണടെ മുൻപിലേക്ക് അയക്കാം സംസ്ഥാന സർക്കാർ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നത് സംബന്ധിച്ച് ഗവർണറുടെ അധികാരങ്ങളെ സൂചിപ്പിക്കുന്നതാണ് ആർട്ടിക്കിൾ 200,201 എന്നിവ. ഗവർണറുടെ വിവേചന അധികാരം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എസ്.ആർ ബൊമ്മൈ യൂണിയൻ ഓഫ് ഇന്ത്യ (1994) കേസിലെ വിധി ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. കേസിൽ കർണാടക ഗവർണർ ആയിരുന്ന പി വെങ്കിട സുബ്ബയ്യയെ കോടതി കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

നിയമസഭാംഗങ്ങളായ 19 പേർ ഒപ്പിട്ട കത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താതെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കാണിച്ച വ്യഗ്രത ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമായിരുന്നു.1999 ൽ ബീഹാറിലെ റബ്റി ദേവി സർക്കാരിനെ പിരിച്ചുവിട്ട വാജ്പേയ് സർക്കാരിന് അടുത്തമാസം തന്നെ അവരെ മുഖ്യമന്ത്രിയാക്കേണ്ടി വന്നത് ഈ കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്. സമാനമായ ഇടപെടലുകൾ ഗവർണർമാരെ ഉപയോഗിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായി. 1957ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പിരിച്ചുവിടലും ഇതുമായി ബന്ധപ്പെടുത്തി നിരീക്ഷിക്കാവുന്നതാണ് ഗവർണർമാർ അധികാരം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ആ പദവിയുടെ അധികാരങ്ങൾ നിജപ്പെടുത്തുന്നതിനായി 1988-ൽ ജസ്റ്റിസ് സർക്കാരിയ അധ്യക്ഷനായ കമ്മീഷൻ രൂപവൽക്കരിക്കുന്നത്.

ഗവർണർമാർ രാഷ്ട്രീയപ്രവർത്തകരാകരുത്, സംസ്ഥാനത്തിന് പുറത്തുനിന്നുള്ളതായിരിക്കണം, സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർ ആകരുത്, അടുത്തകാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽപ്പെടുന്നവരെ ഗവർണർമാരാക്കുന്നത് കഴിയുന്നതും ഒഴിവാക്കണം, സംസ്ഥാന മുഖ്യമന്ത്രിയുമായി ആലോചിച്ചു വേണം ഗവർണറെ തീരുമാനിക്കാൻ, അഞ്ചുവർഷതിനിടയ്ക്ക് ഗവർണറെ മാറ്റുന്ന സാഹചര്യം ഒഴിവാക്കുക, ഗവർണറായി പിരിഞ്ഞതിനുശേഷം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടരുത് ഇങ്ങനെ എട്ടോളം പ്രധാന നിർദ്ദേശങ്ങളാണ് സർക്കാരിയ കമ്മീഷൻ മുന്നോട്ടുവച്ചത് എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഒരു കേന്ദ്രസർക്കാരും സർക്കാരിയാ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചിട്ടില്ല.

വിവേചനാധികാരം എന്ന പദത്തെ പരമാധികാരം എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് ഗവർണർ പദവി ദുരുപയോഗം ചെയ്യപ്പെടുന്നതും അതുവഴി ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളുടെ മേലുള്ള കടന്നുകയറ്റം സാധ്യമാകുന്നതും. ഗവർണർ പ്രഖ്യാപിക്കുന്നത് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച സർക്കാരിന്റെ നയമാണ് കേരളത്തിലേക്ക് ഗവർണർ അടക്കം ചിലർ താനാണ് സർക്കാരിന്റെ തലവൻ എന്ന സ്വയം ബോധ്യത്തിൽ തന്റെ സ്വന്തം നയങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പൗരത്വ ഭേദഗതി ബിൽ, കർഷക സമരം തുടങ്ങിയവയിൽ സംസ്ഥാന നയത്തിന് വിരുദ്ധമായാണ് ഗവർണർ നിലപാട് സ്വീകരിച്ചത്. സർവ്വകലാശാലകളിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ സംഘപരിവാർ പ്രവർത്തകരെ ഒളിച്ചു കടത്താൻ ശ്രമിച്ചത് സംസ്ഥാനത്ത് വിദ്യാർത്ഥി ഗവർണർ പോരാട്ടങ്ങളിലേക്ക് നയിക്കുകയുണ്ടായി.

എഐഎസ്എഫ് ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ കടുത്ത പ്രതിഷേധങ്ങളാണ് ഗവർണർക്കെതിരെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിയമസഭയിലെ നയ പ്രഖ്യാപന വേളയിൽ തമിഴ്നാട് ഗവർണർ സഭ വിട്ടു പോകുന്നതും ഈയടുത്ത കാലത്ത് കണ്ടതാണ്. തന്നെ നിയമിച്ച രാഷ്ട്രീയപാർട്ടി യോട് കൂറുകാണിക്കുന്ന തനി രാഷ്ട്രീയ നേതാവായാണ് പലപ്പോഴും ഗവർണർമാർ രാജ്യത്ത് പ്രവർത്തിക്കുന്നത്. ജനാധിപത്യ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു പദവിയിലിരുന്നുകൊണ്ട് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയെയും സർക്കാരുകളെയും വെല്ലുവിളിക്കുന്ന ഗവർണർമാരുടെ നടപടി ജനാധിപത്യാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares