ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (എഐ) ദുരുപയോഗം ചെയ്യുന്നത് തടയാൻ രാജ്യസഭയിൽ നാഷണൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റെഗുലേറ്ററി അതോറിറ്റി ബില്ലുമായി സിപിഐ എംപി പി സന്തോഷ് കുമാർ. എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം സ്വകാര്യതയ്ക്കുമേൽ ഉയർത്തുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് സമഗ്രമായ നയം രൂപീകരിക്കണമെന്ന് സ്വകാര്യ ബില്ലിലൂടെ സന്തോഷ്കുമാർ ആവശ്യപ്പെടുന്നു. മനുഷ്യാധ്വാനത്തിനു പകരം എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം മൂലം തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ അതോറിറ്റിക്ക് സാധിക്കണം.
എഐയുടെ കടന്നു കയറ്റം രാജ്യത്ത് ആർക്കും ജോലി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബില്ലിൽ, തൊഴിലുടമകൾ തൊഴിലാളികളുടെ ജോലിയെയോ അവകാശങ്ങളെയോ നേരിട്ട് ബാധിക്കുന്ന തരത്തിൽ എഐ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന് മുമ്പ് ജീവനക്കാരെ അത് ബോധിപ്പിച്ച് അവരുടെ സമ്മതം നേടണമെന്ന് വ്യവസ്ഥചെയ്യുന്നു. എഐ സങ്കേതിക വിദ്യ ഉയർത്തുന്ന ദൂഷ്യഫലങ്ങളെ കുറിച്ചുള്ള പരാതികൾ ദേശീയ അടിസ്ഥാനത്തിൽ പരിഹരിക്കാൻ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കണമെന്ന് അദ്ദേഹം ബില്ലിലൂടെ ആവശ്യപ്പെട്ടു.