എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങൾ’ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെ തനിക്ക് മെമന്റോ സമ്മാനിക്കാനെത്തിയ ആസിഫ് അലിയെ അപമാനിച്ച സംഗീത സംവിധായകൻ രമേഷ് നാരായണന്റെ നടപടി പുരോഗമന കേരളത്തിന് അപമാനകരമാണെന്ന് എ ഐ വൈ എഫ് ആരോപിച്ചു.
ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ തയ്യാറാകാതെ സംവിധായകൻ ജയരാജിനെ വേദിയിലേക്കു വിളിച്ചുവരുത്തി നടന്റെ കൈയിൽനിന്ന് മെമന്റോ എടുത്ത് ജയരാജിനു കൈമാറിയതിലൂടെ രമേഷ് നാരായണന്റെ ഫ്യൂഡൽ സംസ്കാരത്തെ താലോലിക്കാനുള്ള പ്രവണത പ്രബുദ്ധ കേരളം തിരിച്ചറിഞ്ഞിരിക്കുകയാണ്. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സർഗാത്മക ആവിഷ്‌കാരമായ കലയുടെ മാനവികതയെയാണ് തന്റെ മിഥ്യാഭിമാനത്താൽ രമേഷ് നാരായണൻ അപമാനിച്ചത്.
സാംസ്‌കാരിക കേരളത്തിനൊന്നടങ്കം കളങ്കമുണ്ടാക്കിയ രമേഷ് നാരായണന്റെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും നടൻ ആസിഫ് അലിയോട് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അറിയിച്ചു.