റമോണ്‍ മഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാങ്ങേണ്ടതില്ല എന്ന സിപിഎം തീരുമാനത്തിന് പിന്നാലെ വലിയ ചര്‍ച്ചയാണ് നടന്നു വരുന്നത്. റോക്‌സ് വെല്ലര്‍ ഫണ്ട്‌സ് ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം, കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ഒരു സ്വേച്ഛാധിപതിയുടെ പേരിലുള്ളതാണ് എന്നതാണ് മാർക്സിസ്റ്റ് പാര്‍ട്ടിയെ ഈ നിലപാടിലേക്ക് എത്തിച്ചത്. ആരാണ് റമോണ്‍ മഗ്‌സസേ? ഒറ്റവാക്കില്‍ പറഞ്ഞാല്‍, അമേരിക്ക വിശുദ്ധനാക്കിയ ചെകുത്താന്‍.
രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാനെതിരെ പോരാട്ടം നടത്തിയ ഫിലിപീന്‍സിലെ ജനങ്ങള്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ സ്വാതന്ത്ര്യ സമരം ശക്തമാക്കി. 1946 ജൂലായ് 4 നു ഫിലിപ്പീന്‍സ് സ്വാതന്ത്ര്യമായി. എന്നാല്‍, ജപ്പാനെതിരെയുള്ള സമരത്തില്‍ സഹായിക്കുവാന്‍ എത്തിയ അമേരിക്കന്‍ പട്ടാളം അതിനു ശേഷവും അവിടെ തുടര്‍ന്നു.
സ്പാനിഷ് കോളനി ഭരണം മുതലുള്ള ജന്മിത്തം ഗ്രാമങ്ങളിലെ പട്ടിണി വ്യാപകമാക്കിയിരുന്നു. അവരെ അണിനിരത്തിയുള്ള HUKBALAHAP എന്ന(Huk)കമ്മ്യൂണിസ്റ്റ് ഗറില്ലാ മുന്നേറ്റം കോളനി ഭരണത്തിനെതിരെയും കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ലക്ഷ്യം വെച്ചു മുന്നേറുന്ന സമയം കൂടിയായിരുന്നു അത്. 1950 ലെ തെരഞ്ഞെടുപ്പില്‍ Huk പാര്‍ട്ടിയില്‍ നിന്നും ലൂയിസ് തരുക്ക് അടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികളെ ഫിലിപ്പീനോ സര്‍ക്കാര്‍ അംഗീകരിച്ചില്ല. കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ ആയുധങ്ങള്‍ മുഴുവനും ഭൂരിപക്ഷം ലഭിച്ച ദേശീയ പാര്‍ട്ടിയുടെ സര്‍ക്കാരിന് കൈമാറണം എന്ന നിര്‍ദ്ദേശം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി. അങ്ങനെ ആഭ്യന്തര ഏറ്റുമുട്ടല്‍ ആരംഭിച്ചു.
കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തുവന്ന അമേരിക്കന്‍ പട്ടാളം ദേശീയ പാര്‍ട്ടിയുടെ പിന്തുണയോടെ ഫിലിപ്പീനോ രാഷ്ട്രീയത്തില്‍ ഇതോടെ നേരിട്ടിടപ്പെട്ടു. അമേരിക്കയുമായി ബെല്‍ വ്യാപാര ഉടമ്പടിയില്‍ ദ്വീപ് ഭരണകൂടം ഒപ്പിട്ടു. ഈ കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു മാഗ്സസെ. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം കമ്മ്യൂണിസ്റ്റ് വേട്ടകള്‍ക്ക് നേതൃത്വം നൽകുകയായിരുന്നു മഗ്‌സസസെ. അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്റെ വിശ്വസ്തനായ മഗ്‌സസേ, കൊന്നു തള്ളിയ കമ്മ്യുണിസ്റ്റ് പോരാളികളുടെ എണ്ണം ഇന്നും കൃത്യമായി കണക്കാക്കിയിട്ടില്ല.
1953ല്‍ മഗ്‌സസേ പ്രസിഡന്റായി.1957 മാര്‍ച്ച് 17നു ഒരു വിമാനപകടത്തില്‍ കൊല്ലപ്പെടുന്നത് വരേയും മഗ്‌സസേ കമ്മ്യൂണിസ്റ്റ് കൂട്ടക്കൊലകള്‍ യദേഷ്ടം തുടര്‍ന്നു.
കമ്മ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കുവാന്‍ അമേരിക്കയുടെ കര,നാവിക, വ്യോമ സേനകളും CIA യും അണിനിരന്നു. പള്ളികളെ കൂടെ നിര്‍ത്തി മഗ്‌സസേ സ്‌കൂളുകള്‍ മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ ശക്തമാക്കി. അതിനായി അമേരിക്കന്‍ റേഡിയോ നിലയങ്ങള്‍ കൂടെ നിന്നു. ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തി. ചെറുകിട ലോണ്‍ വിതരണത്തിന്(micro finance) അമേരിക്ക കൈ മറന്നു സഹായിച്ചു. ആശയപരമായും അടിച്ചമര്‍ത്തലിലൂടെയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ വക വരുത്തി. ആദ്യം പറഞ്ഞത് പോലെ, മഗ്‌സസേ ഒരിക്കലും സമാധാനത്തിന്റെ വെള്ളരിപ്രാവല്ല. അമേരിക്ക വിശുദ്ധനാക്കിയ ചെകുത്താനാണ്.