വയനാട് ദുരിത ബാധിതർക്ക് എഐവൈഎഫ് ഒരുക്കുന്ന ഭവന പദ്ധതിയിലേക്ക് രഷ്‌വിദയും അണിചേരും. പിതാവിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് ദുഃഖ കടലായിമാറിയ വയനാടിനെ ചേർത്തുപിടിക്കാൻ രഷ്‌വിദ സ്വമേധയ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അമ്മക്കൊപ്പം അടൂരിലൂടെ പോകും വഴിയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എഐവൈഎഫ് നടത്തിയ ആവശ്യ സാധനശേഖരണം രഷ്‍വിദയുടെ ശ്രദ്ധയിൽപ്പെട്ടത്. വീട്ടിലെത്തി അമ്മ വിദ്യക്ക് ഇരുചക്രവാഹനം വാങ്ങുന്നതിന് തൻ്റെ സംഭാവനക്കായി കരുതി വച്ചിരുന്ന കുടുക്ക നമുക്ക് വയനാട്ടിലെ ദുരന്ത ബാധിതർക്ക് നൽകിയാലോ എന്ന് കുഞ്ഞു മനസിൻ്റെ ആഗ്രഹം അമ്മയോട് തുറന്നു പറയുകയായിരുന്നു.
അതിന്റെ ഭാഗമായി വയനാടിനൊരു കൈത്താങ്ങായി എഐവൈഎഫ് നിർമ്മിച്ചു നൽകുന്ന 10 വീടുകൾക്കായുള്ള ധനസമാഹരണ പദ്ധതിക്കായി കുടുക്കയിലെ തുക കൈമാറാമെന്ന് അമ്മയും മകളും തീരുമാനമെടുക്കുകയായിരുന്നു. ഒരു വർഷം മുമ്പ് എം സി റോഡിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഏറത്ത് നെടുംകുന്ന് കളിയിക്കൽ അവിട്ടത്തിൽ രാജേഷിൻ്റെ ഏക മകളാണ് ചൂരക്കോട് എൻ എസ്.എസ് സ്കൂളിലെ അഞ്ചാം ക്ലാസുകാരിയായ രഷ്‌വിദ. പിതാവിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അടൂരിലെ എഐവൈഎഫ് നേതാക്കൾക്കൊപ്പം രഷ്‍വിദയുടെ വീട്ടിലെത്തിയ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ കുടുക്കയിലെ സമ്പാദ്യം കുഞ്ഞു കൈകളിൽ നിന്ന് ഏറ്റുവാങ്ങി.