ന്യൂഡൽഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. രാവിലെ 10 മുതൽ നാലു വരെ സൗത്ത് മുംബൈയിലെ എൻസിപിഎ (നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സ്)യിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ശേഷം വെർലിയിലെ പൊതുശ്മശാനത്തിൽ സംസ്‌കാരം നടക്കും.
അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയോടെ വിട പറഞ്ഞ രത്തൻ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അനുസ്മരിച്ചു. ധാർമ്മികതയുടെയും സംരംഭകത്വത്തിന്റെയും അതുല്യമായ കൂട്ട് എന്നാണ് രത്തൻ ടാറ്റയെ ഏക്‌നാഥ് ഷിൻഡെ വിശേഷിപ്പിച്ചത്. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് രത്തൻ ടാറ്റയെന്നും ഷിൻഡെ വിശേഷിപ്പിച്ചു. വ്യവസായ ഇതിഹാസത്തെ അവസാനമായി കാണാൻ എൻസിപിഎയിലേക്ക് എത്തുന്നവർ ഗേറ്റ് മൂന്ന് വഴി പ്രവേശിച്ച് ഗേറ്റ് രണ്ട് പുറത്തേക്ക് ഇറങ്ങണമെന്നും പരിസരത്ത് പാർക്ക് സൗകര്യം ഇല്ലെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.
വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടർത്തിയ വ്യവസായി രത്തൻ ടാറ്റ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകൻ, ഉപ്പ് മുതൽ സോഫ്റ്റ് വെയർ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരൻ, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയർത്തിപ്പിടിച്ച ഒറ്റയാൻ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബവും അനുശോചിച്ചു.
1991ൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി സ്ഥാനമേറ്റ രത്തൻ ടാറ്റ രാജ്യം ഉദാരവൽക്കരണ നയം നടപ്പിലാക്കിയപ്പോഴും ടാറ്റയെ വിജയവഴിയിൽ ഉറപ്പിച്ചുനിർത്തി ഇതിഹാസമാണ്. 1998 ഡിസംബർ 30ന് ഇന്ത്യയിൽ നിർമിച്ച ‘ഇൻഡിക്ക’ കാർ പുറത്തിറക്കി. ഇൻഡിക്ക വി2 കാറിലൂടെ വിപണിയിൽ ചരിത്രം സൃഷ്ടിച്ചു. 2008 ൽ വിഖ്യാത കാർ കമ്പനിയായ ഫോഡിന്റെ ജാഗ്വർ, ലാൻഡ് ലോവർ വിഭാഗങ്ങൾ ഏറ്റെടുത്തു. 2009 ൽ നാനോ കാർ വിപണയിലെത്തിച്ചു. ഇത് ഇന്ത്യൻ വാഹനചരിത്രത്തിലെ വലിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്.