കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീംകോടതിയിൽ തിങ്കളാഴ്ച അപ്പീൽ നൽകിയേക്കും. ആനയെ ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനങ്ങളുടെ എതിർപ്പ് ഉണ്ടാകുമെന്ന് അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടും.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ സർക്കാർ നിയമോപദേശം തേടിയിരുന്നു. ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനരോഷം ഉയരും എന്നതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ആ പ്രദേശത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അരിക്കൊമ്പനെ കൂട്ടിലടയ്‌ക്കേണ്ടെന്നും പറമ്പിക്കുളത്തേക്കോ മറ്റെവിടേക്കെങ്കിലോ മാറ്റാൻ സർക്കാർ തീരുമാനമെടുക്കണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്. മറ്റു സ്ഥലങ്ങൾ കണ്ടെത്തിയില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു.