തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതിനെ തുടർന്ന് 11 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല.പത്തു ജില്ലകളിലാണ് നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, മഴയ്ക്ക് നേരിയ ശമനം കണ്ടതോടെ മഴ മുന്നറിയിപ്പിൽ ഇന്നു രാവിലെ മാറ്റം വരുത്തി. മൂന്നു ജില്ലകളിൽ മാത്രമായി അതിതീവ്രമഴ മുന്നറിയിപ്പ് ചുരുങ്ങി. ഇതിലാണ് കാലാവസ്ഥ വകുപ്പ് വീണ്ടും മാറ്റം വരുത്തിയത്. നിലവിൽ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല.
പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടാണുള്ളത്. കാസർകോടും കൊല്ലത്തും തിരുവനന്തപുരത്തും ലക്ഷദ്വീപിലും യെല്ലോ അലർട്ട് തുടരുന്നു.
നിലവിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഓറഞ്ച് അലർട്ട് ഉള്ള ജില്ലകളിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റെഡ് അലർട്ടിന് സമാനമായ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. രണ്ട് ദിവസം കൂടി പിന്നിട്ടാൽ മഴ ശക്തികുറഞ്ഞ് സാധാരണ സ്ഥിതിയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജാഗ്രത തുടരുകയാണ്. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. ആറ് ഡാമുകളിൽ റെഡ് അലർട്ട് ഉണ്ട്. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട് . മംഗലം, മീങ്കര ഡാമുകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. ഇടുക്കി, മുല്ലപ്പെരിയാൾ ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജലവിഭവ മന്ത്രിറോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗായത്രി,നെയ്യാർ, മണിമല, കരമന ആറുകളിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. പമ്പ, അച്ചൻകോവിൽ, തൊടുപുഴ, മീനച്ചിൽ എന്നീ നദികളിലും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നുണ്ട്.