ഫാസിസ്റ്റ് ആശയങ്ങള്‍ക്കെതിരെയും ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് വേണ്ടിയും അഹോരാത്രം പ്രയത്നിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഗോവിന്ദ് പൻസാരെയുടെ ഓർമ്മ ദിനമാണിന്ന്.
2015 ഫെബ്രുവരി 16 ന് മഹാരാഷ്‌ട്രയിലെ കോലാപ്പൂർ നഗരത്തിലെ പ്രഭാത സവാരിക്കിടെയാണ് സഖാവ് ഗോവിന്ദ് പന്‍സാരെയ്ക്കും ഭാര്യയ്ക്കും ആക്രമികളുടെ വെടിയേല്‍ക്കുന്നത്.തുടർന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി 20 നാണ് സഖാവ് മരണ മടയുന്നത്.
സംശുദ്ധമായ വ്യക്തി ജീവിതവും ആദർശ രാഷ്ട്രീയത്തിന്റെ അത്യുദാത്ത മാതൃകയും മുഖ മുദ്രയാക്കിയ സഖാവ് പാർട്ടിയുടെ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. അതോടൊപ്പം മികച്ച ഗ്രന്ഥകാരനുംചിന്തകനുമായിരുന്നു സഖാവ് ഗോവിന്ദ് പൻസാരെ.
കോൽഹാപൂരിലെ കോൾവിരുദ്ധ സമരത്തിൽ വഹിച്ച നേതൃത്വപരമായ പങ്കും മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത് കാക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ‘ഹു കിൽഡ് കാക്കറെ ?’ എന്ന പുസ്തകവും സഖാവിനെ വർഗീയ -കോർപറേറ്റ് ശക്തികളുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു.കൂടാതെ സഖാവ് രചിച്ച ‘ശിവജി ആരായിരുന്നു? ‘(Who was shivaji) എന്ന ചരിത്ര ഗ്രന്ഥം സവര്‍ണ്ണ ഹൈന്ദവതയുടെ പ്രതിരൂപമാക്കി ശിവജിയെ മുദ്രകുത്താനുള്ള സംഘ പരിവാർ ആസൂത്രിത നീക്കത്തിന്നെതിരെയുള്ള ശക്തമായ പ്രതിരോധവുമായിരുന്നു.
ഹിന്ദുത്വ ദേശീയത പ്രതിനിധാനം ചെയ്യുന്ന ചിന്താ ധാരയോട് വിയോജിക്കുന്ന മുഴുവന്‍ ആശയങ്ങളോടും വ്യക്തികളോടും അസഹ്യമായ അസഹിഷ്ണുത പുലര്‍ത്തുകയെന്നത് രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള ഫാസിസ്റ്റുകൾ അത് കൊണ്ടെല്ലാം തന്നെ പൻസാരയെ വക വരുത്തുകയായിരുന്നു.മനുസ്മൃതിയുടെ തത്വങ്ങള്‍ക്കനുസൃതമായി ദൈവാധിപത്യപരമായ ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര ഭരണത്തിന്റെ തണലിൽരാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ സ്ഥാപിച്ചെടുക്കുന്ന ആർ എസ് എസ് അധിനിവേശത്തിന്റെ ഇരയായിരുന്നു പ്രിയ സഖാവ് ഗോവിന്ദ് പൻസാരെ.
കമ്മ്യൂണിസ്റ്റ് ബോധത്താൽ നയിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗ സംസ്കാരത്തെ എക്കാലവും ഉയർത്തിപ്പിടിച്ച സഖാവ് പൻസാരെ ഭരണഘടനയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എന്നും മുൻനിരയിലായിരുന്നു.ആർ എസ് എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണം ഇന്ത്യ എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും വർഗീയ ചേരി തിരിവിനായിദുരുപയോഗം ചെയ്യുമ്പോൾ സഖാവ് ഗോവിന്ദ് പൻസാരെയുടെ ഓർമ്മകൾ പോലും ഒരു രാഷ്ട്രീയ പോരാട്ടമായി മാറുന്നു.
വർഗീയതക്കും ഫാസിസ്റ്റ് നയങ്ങൾക്കും എതിരായുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തേണ്ട വർത്തമാന കാലഘട്ടത്തിൽ സഖാവ് ഗോവിന്ദ് പൻസാരെയുടെ ത്യാഗോജ്വല ജീവിതത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് മുന്നോട്ട് പോവുകയെന്ന ചരിത്ര പരമായ ദൗത്യം നാം ഏറ്റെടുക്കേണ്ടതുണ്ട്.