തൊട്ടുകൂടാത്തവരും താഴ്ന്ന ജാതിക്കാരും ഉൾപ്പെടുന്ന അധഃസ്ഥിതരായ ജനവിഭാഗം അനുഭവിച്ചിരുന്ന കഷ്ടതകൾക്കെതിരെ പോരാടി അവരുടെ ഉന്നമനത്തിനായി ജീവിതം അർപ്പിച്ച വിപ്ലവ നായകൻ. അതുവരെ മിണ്ടാതിരുന്ന ദുർബ്ബലരായ ജനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി. അദ്ദേഹമാണ് ഡോ.ബി ആർ അംബേദ്‌കർ. ദുർബല വിഭാഗങ്ങളുടെ പ്രതീക്ഷയുടെ പ്രകാശഗോപുരമായി രാജ്യമൊട്ടുക്കും തിളങ്ങി നിന്ന മഹാരഥൻ. രാജ്യത്തെ അധഃസ്ഥിത ജാതിക്കാർക്ക് ഭരണഘടന എന്ന വിശുദ്ധ ഗ്രന്ഥം സമ്മാനിച്ച മഹാനായ സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. ജാതി വ്യവസ്ഥയുൾപ്പെടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികൾക്കെതിരെ പോരാട്ടം നയിച്ച തത്വചിന്തകനായിരുന്നു അദ്ദേഹം. ഇന്ന് ഡോ.ബാബാസാഹേബ് അംബേദ്‌കറുടെ 66-ാമത് ചരമദിനം.
സംഘപരിവാർ സംഘടനകൾ ബാബറി മസ്ജിദ് തകർക്കാൻ തെരഞ്ഞെടുത്തത് അശരണരുടെ ആശ്രയമായി മാറിയ ഡോ.ബാബാസാഹേബ് അംബേദ്‌കറുടെ ഓർമ്മ ദിവസം തന്നെയായിരുന്നു എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. ഈ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഭരണഘടനയ്ക്ക് രൂപം നൽകിയ മഹാന്റെ ചരമവാർഷിക ദിനത്തിൽ വർഗ്ഗീയത ഉയർത്തി മതേതര സംസ്കാരത്തെ തകർത്ത് കൊടുംകുറ്റകൃത്യം ചെയ്തത് സംഘപരിവാറിന്റെ യഥാർത്ഥ സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു സംഭവമാണ്. കഴിഞ്ഞ മുപ്പതുവർഷത്തെ ചരിത്രം പരിശോധിക്കുമ്പോൾ അംബേദ്കറെയും വർഗ്ഗീയ രാഷ്ട്രീയത്തിനെതിരായ അദ്ദേഹത്തിന്റെ നിശിത വിമർശനവും ഓർക്കേണ്ടതുണ്ട്.
ജീവിതത്തിലുടനീളം സാമൂഹ്യനീതിക്കായി കാംക്ഷിച്ച അംബേദ്കർ ഹിന്ദുത്വ രാഷ്ട്രീയത്തെയും ഹിന്ദ്‌രാജ് സ്ഥാപിക്കാനുള്ള ആഹ്വാനങ്ങളെയും പാടേ നിരസിച്ചിരുന്നു. ഹിന്ദുത്വ രാഷ്ട്രീയമെന്നത് യാഥാർത്ഥത്തിൽ ഉയർന്ന ജാതിക്കാരുടെ പ്രത്യയശാസ്ത്രമാണെന്നും ജാതി വ്യവസ്ഥയിലൂടെ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അടിച്ചമർത്തുകയും ന്യൂനപക്ഷ മതങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്നത് അവരുടെ സ്വഭാവമാണെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ള വസ്തുതകളാണ്. ഹിന്ദുത്വ രാഷ്ട്രത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം രൂപീകരിച്ചാൽ അതിലും വലിയ മറ്റൊരു വിപത്തുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ഏത് സാഹചര്യത്തിലും ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന ഭരണകൂടം തടയപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. സവർക്കറും മുഹമ്മദാലി ജിന്നയും ഒരേ നാണയത്തിന്റെ ഓരേ വശങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നതെ ഉറക്കെ വിളിച്ചുപറഞ്ഞ സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം.
1950-ൽ അംബേദ്കറുടെ നിയമമന്ത്രി സ്ഥാനം രാജിവയ്ക്കാൻ കാരണമായതും ഈ ഹിന്ദുത്വ ശക്തികളായിരുന്നു. ഹിന്ദു കോഡ് ബിൽ മതത്തെ ഹനിക്കുമെന്ന അവരുടെ മുറവിളി അദ്ദേഹം അംഗീകരിച്ചില്ല. അന്ന് ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാം പ്രസാദ് മുഖർജിയെപ്പോലുള്ളവർ അബേദ്കർക്കെതിരെ ആക്രമണങ്ങളഴിച്ചുവിട്ടു. 1956-ൽ അംബേദ്കർ ബുദ്ധമതം സ്വീകരിച്ചതിലൂടെ അദ്ദേഹം എതിർത്തത് സ്വാതന്ത്ര്യാനന്തരവും ഹിന്ദു മതത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കളെയായിരുന്നു. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത വഴി ബുദ്ധമതമാണെങ്കിലും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വളരെ വിശാലമായിരുന്നു. മതവിശ്വാസത്തെ നിശിതമായി അപലപിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം 1980ൽ അംബേദ്കറെ ഹിന്ദുത്വ അക്കൗണ്ടിൽ ചേർക്കാൻ ആർഎസ്എസ് ശ്രമം തുടങ്ങിയിരുന്നു. ഗോൾവാർക്കറും, സവർക്കറും അടക്കം നിരവധി സംഘപരിവാർ നേതാക്കളാണ് ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നത്. 2014ൽ മോദി കേന്ദ്ര ഭരണം ഏറ്റെടുക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുന്നേ അംബേദ്കറുടെ അഭിലാഷങ്ങൾക്കനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് വീമ്പു പറച്ചിൽ തുടങ്ങിയിരുന്നു. 2017ൽ മോദി ഡൽഹിയിൽ അംബേദ്കർ ഇന്റർനാഷണൽ സെന്റർ ഉദ്ഘാടനം ചെയ്തു. അങ്ങനെ പലതും പിന്നീട് വന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അംബേദ്കറുടെ കൂറ്റൻ സ്മാരകങ്ങൾ പണിതുയർത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 2023-ഓടെ ഇവ പൂർത്തീകരിച്ചാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് പ്രയോജനപ്പെടുമെന്നാണ് സംഘപരിവാർ ശക്തികളുടെ കണക്കുകൂട്ടൽ. ബാബറി മസ്ജിദിന്റെ നാശത്തിനും വർഗ്ഗീയ കലാപങ്ങൾക്കും കാരണമായവർ അംബേദ്കറുടെ സങ്കൽപ്പങ്ങൾക്കും അദ്ദേഹം രൂപപ്പെടുത്തിയ ഭരണഘടനാ മൂല്യങ്ങൾക്കും എതിരാണ്. ആ മതഭ്രാന്തർ രാഷ്ട്രം ഭരിക്കുമ്പോൾ അംബേദ്കറുയർത്തിയിരുന്ന ആദർശങ്ങളും ആശയങ്ങളും വളച്ചൊടിച്ച് തങ്ങളുടേതാക്കിമാറ്റുന്ന സംഘപരിവാർ അജണ്ട ഈ കാലഘട്ടം നേരിടുന്ന വലിയൊരു വിപത്താണ്.