ടി കെ മുസ്തഫ വയനാട്
“കാൾ സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനായിരുന്നു ഞാൻ സ്വപ്നം കണ്ടത്. എന്നാൽ ഈ കത്ത് മാത്രമാണ് എനിക്ക് എഴുതാനായത്.
ലോകത്തെ മനസ്സിലാക്കുന്നതിൽ ഞാനൊരു തികഞ്ഞ പരാജയമായിരുന്നിരിക്കാം. സ്നേഹം, വേദന, ജീവിതം, മരണം… എല്ലാം തെറ്റായി മനസ്സിലാക്കിയതാകാം. ഒരാവശ്യവുമില്ലാത്ത തിടുക്കം ജീവിതത്തിൽ എനിക്കൊപ്പമുണ്ടായിരുന്നു. ജീവിതം ആരംഭിക്കാനുള്ളതായിരുന്നു ആ തിടുക്കം. മനുഷ്യരിൽ ചിലർക്ക് ജീവിതം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ കൊടും തെറ്റായിരുന്നു “
സവർണ്ണ ബോധം സൃഷ്ടിച്ചെടുത്ത് വികസിപ്പിച്ചെടുത്ത വംശീയ ബോധത്തിന് മുന്നിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ദളിത് ജീവിതങ്ങൾക്ക് രക്ഷയില്ലെന്നതിന്റെ നിർഭാഗ്യ സാക്ഷ്യം രോഹിത് വെമൂല യുടെ വാക്കുകളാണിവ. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല കടുത്ത ജാതീയ പീഡനങ്ങളിൽ മനം നൊന്താണ് 2016 ജനുവരി 17 ന് ആത്മഹത്യയിൽ അഭയം പ്രാപിച്ചത്.
“എന്റെ പിറവിയാണ് എന്റെ മാരകമായ അപകടം” എന്ന ആത്മഹത്യാ കുറിപ്പിലെ പരാമർശം ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പോലും ഇതര സമൂഹങ്ങളെ അടിച്ചമർത്തക്ക വിധം പുഷ്ടി പ്രാപിക്കുന്ന ജാതീയതയുടെ ഭീഭൽസത വിളിച്ചോതുന്നു. പ്രസ്തുത സ്ഥാപനത്തിലെ തന്നെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ബിഹാറിലെ കാളഹന്ദി സ്വദേശി രശ്മി രഞ്ജൻ സുനയുടെ മരണത്തിനിടയാക്കിയതും ജാതിവിവേചനമാണെന്നാണ് റിപ്പോർട്ട്. ഊർജതന്ത്രത്തിൽ ഗവേഷണം നടത്തിവരികയായിരുന്ന ഈ വിദ്യാർത്ഥിക്ക് എലിപ്പനി ബാധിച്ച ഘട്ടത്തിൽ ക്യാമ്പസിലെ മെഡിക്കൽ ജീവനക്കാർ കാണിച്ച അവഗണനയാണ് മരണ കാരണമെന്ന് പറയപ്പെടുന്നു.
ജന്മാടിസ്ഥാനത്തിൽ രൂപപ്പെടുന്നു എന്നുള്ളത് കൊണ്ട് ഉപേക്ഷിച്ചാലും വിട്ടു പോകാത്തത്ര സങ്കീർണ്ണതകൾ നിറഞ്ഞതാണ് ജാതി വ്യവസ്ഥ എന്ന് കാണാൻ കഴിയും. അത് കൊണ്ട് തന്നെ തിരസ്കരിക്കാനും സ്വീകരിക്കുവാനും കഴിയാത്ത വിധത്തിൽ വസ്തു നിഷ്ഠമായ യാഥാർത്ഥ്യമായി അത് നില കൊള്ളുന്നു എന്നതാണ് സത്യം.
ഇന്ത്യയിൽ സാമൂഹ്യ നീതി ഉറപ്പാക്കുന്ന ഭരണ ഘടനയും പ്രസ്തുത ഭരണ ഘടന അതിന്റെ പതിനേഴാം വകുപ്പിലൂടെ പുറപ്പെടുവിക്കുന്ന അയിത്ത നിരോധനവും പൊതു കിണറിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും ചാക്ക് വിരിച്ച് ക്ലാസ്സ് മുറിയുടെ മൂലയിൽ അപമാനിതനായി ഇരുന്നപ്പോഴും മുടി മുറിച്ച കത്രിക അശുദ്ധമായെന്ന് ആക്രോശിച്ച് മുടി വെട്ടുകാരൻ അഭിമാനത്തെ വൃണപ്പെടുത്തിയപ്പോഴും ഒരു ദളിത് ബാല്യം വേദനിച്ചതിന്റെയും പിടഞ്ഞതിന്റെയും വൈജ്ഞാനിക ഉത്തരമായിരുന്നു.
രാജസ്ഥാനിൽ ഈയിടെ അധ്യാപകന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്നുണ്ടായ ക്രൂര മർദ്ധനത്തെ തുടർന്ന് ഒൻപതുകാരൻ ദളിത് ബാലൻ മരണമടഞ്ഞ സംഭവം വർത്തമാന സമൂഹത്തിലും ജന്മാടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥകളെ രൂപപ്പെടുത്തിയ ചാതുർ വർണ്യത്തിന്റെ പ്രത്യക്ഷവും ഗൂഢവും ക്രൂരവുമായ ഇടപെടലുകളെയാണ് തുറന്നു കാട്ടുന്നത്. 2022 ജൂലൈ മാസം 20 നാണ് അദ്ധ്യാപകന് വേണ്ടി മാറ്റി വെച്ച പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിൽ ബാലൻ ക്രൂര മർദ്ദനത്തിന് ഇരയാവുന്നത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഓഗസ്റ്റ് 13 ന് മരണപ്പെടുകയായിരുന്നു.
സംസ്‌കൃത വാക്കായ ‘ദൽ’ എന്ന പദത്തിൽ നിന്നുമാണ് ‘ദളിത് ‘എന്ന പദം രൂപപ്പെടുന്നത്. “ചിതറിയ’ ‘മുറിഞ്ഞ’ തുടങ്ങിയ അർത്ഥങ്ങളാണ് പ്രസ്തുത പദത്തിന് നൽകപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ ജന സംഖ്യയുടെ 25 ശതമാനത്തോളം ദളിത് വിഭാഗങ്ങൾ ആണ്. ജാതീയവും ചരിത്ര പരവുമായ കാരണങ്ങളാൽ മുഖ്യ ധാരയിൽ നിന്നുമകറ്റി നിർത്തപ്പെട്ട അനേക ജാതികളുടെ കൂട്ടങ്ങളാണ് ദളിതർ.
ഇന്ത്യയിൽ ഓരോ പതിനെട്ട് മിനിറ്റിലും ഒരു ദളിതനെങ്കിലും അക്രമണത്തിന് വിധേയനാകുന്നു എന്ന് പറയപ്പെടുന്നു . പ്രതി ദിനം ദളിതർക്ക് നേരെ 27 അതിക്രമ കേസുകൾ എങ്കിലും റിപ്പോർട്ട് ചെയ്യുകയും ആഴ്ചയിൽ ആറ് ദളിതരെ എങ്കിലും കാണാതാവുകയോ തട്ടിക്കൊണ്ട് പോവുകയോ ചെയ്യുന്നു എന്നുമാണ് കണക്കുകൾ പറയുന്നത്. പുറത്ത് വരുന്ന രൂക്ഷമായ ജാതീയ പീഡനങ്ങളുടേയും കടുത്ത അവഗണനകളുടെയും വാർത്തകൾ ഇന്ത്യൻ സാമൂഹ്യ ഘടനയുടെ ഭാഗമായിത്തന്നെ നില കൊള്ളുന്നു ജാതി ചിന്ത എന്ന നഗ്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സ്വാതന്ത്ര്യത്തിലുംസമത്വത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ പ്രാകൃതവും മനുഷ്യത്വ രഹിതവുമായ സാമൂഹ്യ ദുരാ ചാരത്തെ നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുകയുള്ളൂ. ജന്മവും ജാതിയുമല്ല മനുഷ്യത്വവും സ്നേഹവുമാണ് ഒരുവനെ ശ്രേഷ്ഠനാക്കുന്നതെന്ന ബോധമാണ് പ്രധാനം. നിയമം മൂലം നിർമ്മാർജ്ജനം ചെയ്താലും മാനസികമായി മാറാൻ തയ്യാറല്ലെങ്കിൽ ആവർത്തിക്കും ദുരന്തങ്ങൾ. മാറേണ്ടത് കാഴ്ചപ്പാടുകൾ തന്നെയാണ്.!