Friday, November 22, 2024
spot_imgspot_img
HomeLatest Newsസഖാവ് പി കെ രാഘവൻ; നിസ്വാർഥനായ പോരാളി

സഖാവ് പി കെ രാഘവൻ; നിസ്വാർഥനായ പോരാളി

കെ പ്രകാശ്‌ ബാബു

നിസ്വാർഥമായ പൊതുപ്രവർത്തനത്തിലൂടെ അധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ നേതാവാണ്‌ പി കെ രാഘവൻ. 2005 ഓഗസ്റ്റ്‌ 19 ന്‌ പി കെ നമ്മെവിട്ടു പിരിഞ്ഞു. ക്ലേശപൂർണ്ണമായ ജീവിത സാഹചര്യത്തിൽനിന്ന്‌ ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്നു പി കെ രാഘവൻ. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്‌ ഹൈസ്‌കൂൾ വിദ്യാഭ്യാസംപോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ജന്മിത്വത്തിന്റെ ഭീകരമുഖം നിലനിന്ന ഒരു പ്രദേശത്താണ്‌ അദ്ദേഹം ജനിച്ചത്‌. ജന്മിത്തത്തിനെതിരെ പോരാടിയ ശൂരനാട്‌ സഖാക്കൾ പകർന്നു നൽകിയ വീറും ആവേശവും അനുഭവിച്ചറിഞ്ഞ തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. ശൂരനാട്‌ സമരം നടക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 16 ആയിരുന്നു. കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു പി കെ പൊതുരംഗത്തേക്ക്‌ വന്നത്‌. പടിഞ്ഞാറെ കല്ലട, ശാസ്‌താംകോട്ട എന്നിവിടങ്ങളിൽ സംഘടന കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചു. പിന്നീട്‌ പാർട്ടിയുടെ ശൂരനാട്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി.

നേതൃപരമായ ഗുണം ഏറെയുണ്ടായിരുന്ന പി കെ വളരെ വേഗം കുന്നത്തൂർ താലൂക്കിലെ പ്രമുഖ സംഘാടകനും ജനനേതാവുമായി. പിന്നീട്‌ കുന്നത്തൂർ താലൂക്കിന്റെ അതിരുവിട്ട്‌, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലും സെക്രട്ടറിയേറ്റിലും അംഗമായി. 1954ലെ ട്രാൻസ്‌പോർട്ട്‌ സമരത്തിലും 60ലെ ഭക്ഷ്യസമരത്തിലും പങ്കെടുത്ത്‌ പൊലീസിന്റെ ഭീകരമർദ്ദനത്തിനിരയായി. രണ്ടുതവണയും ജയിൽവാസം അനുഭവിച്ചു. ഒട്ടേറെ സമരങ്ങളുടെ മുന്നണിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഭരണിക്കാവിൽ ഫിലോമിന എന്ന പാവപ്പെട്ട സ്‌ത്രീയെ പുറമ്പോക്കു ഭൂമിയിൽ നിന്ന്‌ കുടിയിറക്കാനുള്ള നീക്കത്തെ ചെറുത്തുകൊണ്ടാണ്‌ പി കെ സമരരംഗത്തിറങ്ങിയത്‌.

ഇടയ്‌ക്കാട്ട്‌ കർഷകതൊഴിലാളികളുടെ വീടുകൾ പൊലീസും ഗുണ്ടകളും ചേർന്ന്‌ തീവച്ചതിനെതിരെ നടന്ന സമരത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. കുന്നത്തൂർ താലൂക്കിൽ കർഷകതൊഴിലാളികളുടേയും ചെത്തു തൊഴിലാളികളുടേയും നിരവധി സമരങ്ങളുടെ മുന്നിൽ പി കെ ഉണ്ടായിരുന്നു. 1973ലെ കൊടുമൺ പ്ലാന്റേഷൻ സമരത്തിലും പി കെ മുഖ്യപങ്കുവഹിച്ചു.

ശ്രദ്ധേയനായ പാർലിമെന്റേറിയനും ഭരണാധികാരിയുമായിരുന്നു പി കെ. 1967ൽ പത്തനാപുരം മണ്‌ഡലത്തിൽ ജനവിധി തേടി. 1970ലും 1987ലും വൈക്കത്തു നിന്നാണ്‌ നിയമസഭാംഗമായത്‌. 70ൽ അച്യുതമേനോൻ മന്ത്രിസഭയിൽ ചുരുങ്ങിയ കാലം പട്ടികജാതി-വർഗ്ഗ, ഹൗസിംഗ്‌ വകുപ്പുകളുടെ മന്ത്രിയായി. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മന്ത്രിയെന്ന നിലയിൽ തനിക്ക്‌ പലതും ചെയ്യാൻ കഴിയുമെന്ന്‌ അദ്ദേഹം തെളിയിച്ചു. 87-91 കാലത്ത്‌ വീണ്ടും മന്ത്രിയായപ്പോഴാണ്‌ മുൻകാലത്ത്‌ തനിക്ക്‌ ചെയ്യാൻ കഴിയാതിരുന്ന ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചത്‌. പട്ടികജാതി-വർഗ്ഗ കുട്ടികൾക്കായി പ്രീ-മെട്രിക്‌ ഹോസ്റ്റൽ, റസിഡൻഷ്യൽ സ്‌കൂളുകൾ, എസ്‌എസ്‌എൽസിക്ക്‌ തോൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ട്യൂഷൻ സമ്പ്രദായം തുടങ്ങിയവ എടുത്തുപറയാവുന്നവയാണ്‌.

കലയോട്‌ ഏറെ ആദരവുണ്ടായിരുന്ന സഹൃദയനായിരുന്നു അദ്ദേഹം. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വാതി സാംസ്‌കാരികവേദി തന്റെ മന്ത്രാലയത്തിന്റെ കീഴിൽ സ്ഥാപിച്ചു. നിഷേധിക്കപ്പെടുന്നവന്‌ കലാഭ്യാസം വിളിച്ചു സമ്മാനിക്കുക എന്ന ലക്ഷ്യമാണിതിനു പിന്നിലുണ്ടായിരുന്നത്‌. കേരള പുലയർമഹാസഭയുടെ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, രക്ഷാധികാരി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്‌. പട്ടികജാതി-വർഗ്ഗ സംയുക്ത സമിതിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. കർഷകതൊഴിലാളി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലും അതിന്റെ അഖിലേന്ത്യാ സംഘടനയായ ഖേദ്‌ മസ്‌ദൂർ യൂണിയൻ ദേശീയ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്‌.
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ സംശുദ്ധമായ ജീവിതം അനുകരണീയമായിരുന്നു. അധികാരവും പദവിയും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാനുള്ളതല്ലെന്ന്‌ അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares