Thursday, November 21, 2024
spot_imgspot_img
HomeOpinionഒരേയൊരു സഖാക്കളുടെ സഖാവ്, പി കൃഷ്ണപിള്ള: ജീവിതം, പാർട്ടി, പോരാട്ടം

ഒരേയൊരു സഖാക്കളുടെ സഖാവ്, പി കൃഷ്ണപിള്ള: ജീവിതം, പാർട്ടി, പോരാട്ടം

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റെന്നും സഖാക്കളുടെ സഖാവെന്നും വിശേഷിപ്പിക്കപ്പെടാൻ യോഗ്യനായ ധീരവിപ്ലവകാരി. സമാനതകളില്ലാത്ത സംഘടനാ പാടവത്തിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ആദ്യപഥികരിൽ ഒരാൾ. കേരളത്തിലെ തൊഴിലാളികളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളിലൂടെയും വളർന്നു വന്ന് ജനഹൃദയങ്ങൾ കീഴടക്കിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.

1906-ൽ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വൈക്കത്ത്, മയിലേഴത്തു മണ്ണപ്പിള്ളി നാരായണൻ നായരുടെയും പാർ‌വതിയമ്മയുടെയും മകനായി ഒരു ഇടത്തരം മധ്യവർഗ്ഗ കുടുംബത്തിലാണ്‌ സഖാവ് പി കൃഷ്ണപിള്ള ജനിച്ചത്. 14-ാം വയസ്സിൽ മാതാപിതാക്കളുടെ നിര്യാണത്തെ തുടർന്ന് കൃഷണപിള്ള ബാല്യകാലം അനാഥത്വത്തിൽ തളയ്ക്കപ്പെട്ടു. പിന്നീട് ചേച്ചിമാരുടെയും അമ്മാവന്റെയും പരിചരണയിലാണ് വളർന്നത്.

ആലപ്പുഴയിലെ കയർ ഫാക്ടറിയിൽ തൊഴിലാളിയായി പണിയെടുത്തിട്ടുള്ള സഖാവ് തൊഴിലന്വേഷണത്തിന്റെ ഭാ​ഗമായി 1927-ൽ അലഹബാദിലെത്തി. അവിടെ വച്ച് ഹിന്ദി ഭാഷ അഭ്യസിക്കുകയും സാഹിത്യ വിശാരദ് ബിരുദം നേടുകയുമുണ്ടായി. രണ്ടു കൊല്ലം അദ്ദേഹം അലഹബാദിൽ ചിലവഴിച്ചു. 1929-ൽ കേരളത്തിൽ തിരിച്ചെത്തിയ കൃഷ്ണപിള്ള തൃപ്പൂണ്ണിത്തുറയിൽ ദക്ഷിണഭാരത ഹിന്ദിപ്രചാര സഭയുടെ പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു.

1930 ഏപ്രിൽ 13-നു സിവിൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി കേളപ്പന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോഴിക്കോട്-പയ്യന്നൂർ ഉപ്പു സത്യാഗ്രഹ ജാഥയിലെ 32 വളണ്ടിയർമാരിൽ ഒരാളായിരുന്നു പി കൃഷ്ണപിള്ള. മുഴുവൻസമയ പൊതുപ്രവർത്തകനായി മാറിയ സഖാവിന്റെ ജീവിതം, കൊടിയ മർദ്ദനങ്ങളുടെയും തുടർച്ചയായ ജയിൽവാസങ്ങളുടെയും ദുഷ്ക്കരമായ ഒളിവുകാലങ്ങളുടെയും ആകെത്തുകയായിരുന്നു. 1930 നവംബർ ഒന്നിനു കോഴിക്കോട്ടു കടപ്പുറത്ത് ഉപ്പു നിയമം ലംഘിച്ച്, ബ്രിട്ടീഷ് പൊലീസിന്റെ മർദ്ദനം ചെറുത്തു കൊണ്ട്, ത്രിവർണ്ണ പതാകയുയർത്തി സഖാവ് തന്റെ സമരവീര്യം തെളിയിച്ചു.

ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിനു സഖാവ് കണ്ണൂർ ജയിലിൽ തടവിലടക്കപ്പെട്ടു. ഈ ജയിൽവാസത്തിനിടയിൽ കമൽനാഥ് തിവാരിയുൾപ്പെടെയുള്ള വിപ്ലവകാരികളെ പരിചയപ്പെടാൻ അവസരം ഒരുങ്ങുകയും, ആ സ്വാധീനം പതിയെ കോൺഗ്രസ്സിനുള്ളിലെ ഇടതുപക്ഷ കേന്ദ്രീകരണത്തിനും കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു വിത്തു പാകുന്നതിനും കാരണമായി. അവർണ്ണഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തിനായി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത “അബ്രാഹ്മണനായ” കൃഷ്ണപിള്ള എന്ന പോരാളി, സാമൂതിരിയുടെ നായർ പടയാളികളുടെ ഭീകര മർദ്ദനത്തെ അവഗണിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്രമണി മുഴക്കി. പിന്നീട് 1934 ൽ ബോംബെയിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി (സിഎസ്പി) രൂപീകൃതമായപ്പോൾ കേരളത്തിലെ സെക്രട്ടറിയായി സഖാവ് നിയോഗിക്കപ്പെട്ടു.

കേരള രാഷ്ട്രീയത്തിന് പി.കൃഷ്ണപിള്ള എന്ന ജനകീയ നേതാവിന്റെ ഏറ്റവും വലിയ സംഭാവന, അന്നു വരെ കേരളരാഷ്ട്രീയത്തിൽ നിലനിന്നിരുന്ന വരേണ്യ നേതൃത്വത്തിനു പകരമായി അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിന്റെയും കർഷകരുടെയും കൂട്ടായ ഒരു നേതൃത്വം വരുന്നതിനു വിത്തു പാകി എന്നതും തൊഴിലാളി മുഖമുള്ള രാഷ്ട്രീയബോധം സമൂഹ പൊതുമണ്ഡലത്തിൽ ഉയർത്തി കൊണ്ട് വന്നു എന്നുള്ളതും ആണ്. സി.എസ്.പി നേതാവായി സഖാവ് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയും തുണി മില്ല്, കയർ തൊഴിലാളികൾ, കർഷകർ എന്നിവരെ സംഘടിപ്പിച്ച് അവരുടെ പോരാട്ടങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു. 1937-ൽ കോഴിക്കോട്ടു വച്ചു രൂപീകൃതമായ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ സെക്രട്ടറിയായി സഖാവ്. എൻ.സി.ശേഖർ, ഈ.എം.എസ്, കെ.ദാമോദരൻ തുടങ്ങിയവരായിരുന്നു മറ്റു നേതാക്കൾ. സി.എസ്.പി രൂപീകരിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷം 1939 ഒക്ടോബർ 13-ന് കണ്ണൂർ പിണറായിയിലെ പാറപ്രത്തു വെച്ചു തൊണ്ണൂറോളം സി.എസ്.പി നേതാക്കൾ സമ്മേളിക്കുകയും കേരളത്തിലെ സി.എസ്.പി ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ(സിപിഐ) കേരള ഘടകമായി പ്രഖ്യാപിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതിനെ കുറിച്ച് പി കൃഷ്ണപിള്ളയുടെ വാക്കുകൾ; ഞാൻ ഒരു കോൺഗ്രസ്സുകാരനായി 1930-ൽ നിയമലംഘന കാലത്ത് കോൺഗ്രസ്സിൽ വന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം സമ്പാദിക്കലായിരുന്നു എന്റെ ലക്ഷ്യം. ഈ ഉദ്ദേശ്യം കോൺഗ്രസ്സിനുള്ളതു കൊണ്ട് ഞാൻ കോൺഗ്രസ്സിൽ ചേർന്നു. എന്നാൽ കോൺഗ്രസ്സിന്റെ മാർഗ്ഗം അതിന്റെ ലക്ഷ്യത്തിലെത്തിക്കയില്ലെന്നു എനിക്കു ബോദ്ധ്യപ്പെട്ടു. ഞാൻ മറ്റു സംഘടനകളിലേക്ക് നോക്കാൻ തുടങ്ങി. പല സംഘടനകളുടെയും പരിപാടികൾ പരിശോധിച്ചു. അവസാനം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമേ ഇന്ത്യയെ അതിന്റെ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കുകയുള്ളൂ എന്ന് എനിക്കു മനസ്സിലായി.അങ്ങൻെ ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

സവിശേഷ നേതൃഗുണമുള്ള പൊതുപ്രവർത്തന ശൈലിയിലൂടെ, വിനയവും മാനവികതയും ഉൾച്ചേർന്ന കമ്മ്യൂണിസ്റ്റ് ബോധത്തിൽ അടിയുറച്ചു നിന്നുകൊണ്ട്, കേരളമെമ്പാടുമുള്ള ചൂഷിത തൊഴിലാളിവർഗ്ഗത്തിന്റെ പ്രിയപ്പെട്ട സംഘാടകനായി മാറുകയായിരുന്നു സഖാവ് പി.കൃഷ്ണപിള്ള. തന്റെ അക്ഷീണപ്രയത്നം കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെ വളർച്ചയിലും മുന്നേറ്റത്തിലും, സ്വയം ഒരു രാസത്വരകം മാത്രമായി കരുതിയ സൗമ്യനായ തൊഴിലാളി നേതാവ്. കേരളത്തിന്റെ മുക്കിലും മൂലയിലും ആവേശത്തോടെ സഞ്ചരിച്ച് തന്റെ തൊഴിലാളി സഖാക്കൾക്ക് ആത്മധൈര്യം പകരാൻ എന്നും ശ്രദ്ധിച്ചിരുന്നു, സഖാവ്. വശ്യമനോഹരമായ പെരുമാറ്റത്തിലൂടെയും നിരീക്ഷണപാടവത്തിലൂടെയും ഒട്ടനവധി കഴിവുറ്റ കേഡർമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കാൻ സഖാവിനു കഴിഞ്ഞു. ഭീകരമായ പോലീസ് നരനായാട്ട് നടമാടിയിരുന്ന 1930-കളുടെ അന്ത്യപാദത്തിൽ, തൊഴിലാളിസംഘടനാപ്രവർത്തനം അതീവദുഷ്ക്കരമായിരുന്ന ഒരു കാലഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുക എന്ന വെല്ലുവിളി സഖാവ് കൃഷ്ണപിള്ള സ്വന്തം ചുമലിലേറ്റുന്നത്.

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലൂടെയായിരുന്നു പി.കൃഷ്ണപിള്ള എന്ന സംഘാടകന്റെയും തൊഴിലാളി നേതാവിന്റെയും ആദ്യകാല വളർച്ച. ഗാന്ധിയൻ ആദര്ശങ്ങളിൽ നിന്നും വഴിമാറി പ്രവർത്തിക്കാനാരംഭിച്ച അദ്ദേഹം തന്റെ അനുയായികളോടൊപ്പം കേരളത്തിലുടനീളം സഞ്ചരിക്കുകയും രഹസ്യ രാഷ്ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, യുവസംഗമങ്ങൾ, കർഷകതൊഴിലാളി യൂണിയൻ സംഘാടനം തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്തു. പി.കൃഷ്ണപിള്ള ഒരിക്കലും ഒരു പ്രദേശത്ത് ഒതുങ്ങി നിന്നു രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവായിരുന്നില്ല. തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളായി നീണ്ടുകിടന്ന മലയാളക്കര മുഴുവൻ തന്റെ പ്രവർത്തനമണ്ഡലമായി കണ്ട കർമ്മധീരനായിരുന്നു സഖാവ്.

1934 മുതൽ 1939 വരെയുള്ള അഞ്ചു വർഷ കാലയളവിൽ എൺപതോളം തൊഴിലാളി യൂണിയനുകളാണ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളത്തിലങ്ങോളമിങ്ങോളമായി രൂപം കൊണ്ടത്. കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിൽ രണ്ട് കേന്ദ്രീകൃതതൊഴിലാളി യൂണിയനുകളും, സഖാവ് സെക്രട്ടറിയായി 1935-ൽ ഒരു അഖില കേരള തൊഴിലാളി യൂണിയൻ കമ്മിറ്റിയും രൂപമെടുക്കുകയുണ്ടായി. 1938-ൽ കേരളത്തിലെ ആദ്യ പൊതുപണിമുടക്കെന്നു വിശേഷിപ്പിക്കാവുന്ന പ്രസിദ്ധമായ ആലപ്പുഴ തൊഴിലാളി സമരത്തിന്റെ മുഖ്യസംഘാടകനായി അദ്ദേഹം. വൻ വിജയമായി മാറിയ ഈ സമരം തിരുവിതാംകൂറിലെ തൊഴിലാളികൾക്കു സംഘടിക്കാനും കൂലി ചോദിക്കാനുമുള്ള അവകാശം വാങ്ങിക്കൊടുത്തു. വർഷങ്ങൾക്കു ശേഷം നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാന സ്വാധീനവും ഊർജ്ജവുമായി ഈ സമരം മാറി.

സഖാവ് രൂപം നൽകിയ രാഷ്ട്രീയ സമരങ്ങൾ കേരളത്തിലെ അധകൃത തൊഴിലാളിവർഗ്ഗത്തിനിടയിൽ കൊണ്ടുവന്ന രാഷ്ട്രീയ ഉണർവ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേരുറപ്പിക്കുന്നതിനും ഉപോൽബലകമായി നിലകൊണ്ടു. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ കൃഷ്ണപിള്ള ജന്മനാടായ വൈക്കത്തു വച്ച് പോലീസ് പിടിയിലാവുകയും കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തെ ഇടലക്കുടി സബ് ജയിലിൽ തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ് പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ പരിചയപ്പെടുന്നത്. 1943-ൽ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ പ്രഥമ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1946 ഒക്ടോബറിലെ ഐതിഹാസികമായ പുന്നപ്ര-വയലാർ, മാരാരിക്കുളം സമരത്തിനു മുന്നോടിയായി നടന്ന പണിമുടക്കും ആക്ഷൻ കൌൺസിൽ രൂപീകരണവും ഒളിവു കാലത്തു പാർട്ടി സെക്രട്ടറി എന്ന നിലയിൽ സഖാവിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളായിരുന്നു.

1948-ലെ കൽക്കത്താ തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും നിരോധിക്കപ്പെടുകയും സഖാവടക്കമുള്ള നേതാക്കൾക്കു ഒളിവിൽ പോകേണ്ടതായും വന്നു. ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും തങ്ങി നിൽക്കുന്ന ആലപ്പുഴ മുഹമ്മയിൽ കണ്ണാർക്കാട്ടെ ചെല്ലിക്കണ്ടത്തിൽ വീട്. ഇന്നത്തെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 106-ആം നമ്പർ ഭവനം. അവിടെയായിരുന്നു 1948 ഓഗസ്റ്റ് 19-ന് സഖാവ് കൃഷ്ണപിള്ള ഒളിവിൽ കഴിഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമിതിയിൽ വായിക്കുവാനായി ഒരു കുറിപ്പു തയ്യാറാക്കുന്നതിനിടയിലാണ് കയ്യിൽ പാമ്പുകടിയേറ്റു സഖാവ് മരണമടയുന്നത്.

ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനു സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം എല്ലാ കാലത്തും ഒരു അനുഭവപാഠമാണ്. അനീതിക്കും അടിച്ചമർത്തലുകൾക്കുമെതിരെ ഉള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ, അടിയുറച്ച കമ്മ്യൂണിസ്റ്റ് നൈതികതയുടെ, ഇടതുപക്ഷസംഘാടനത്തിന്റെ ഉദാത്ത മാതൃകയുടെ ഒക്കെ ആവേശോജ്ജ്വലമായ ഒരു പാഠപുസ്തകം. 1906 ആഗസ്റ്റ് 19 മുതൽ 1948 ആഗസ്റ്റ് 19 വരെ 42 വർഷം നീണ്ട ഇതിഹാസതുല്യമായ ആ ജീവിതത്തിൽ, സഖാവ് ചിന്തിച്ചതും, പ്രവർത്തിച്ചതും, ജീവിച്ചതും കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടിയായിരുന്നു, ഈ നാട്ടിലെ തൊഴിലാളികൾക്കു വേണ്ടിയായിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares