അലൻ പോൾ വർഗീസ്
ഈ ലേഖനം എഴുതുവാനുള്ള കാരണം മുതലാളിത്തമല്ല കോളനി വത്കരണത്തിന് പുറകിൽ എന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഒരു എഴുത്ത് കാണുവാൻ ഇടയായി. മലയാളത്തിൽ വന്ന ആ എഴുത്ത് യഥാർത്ഥത്തിൽ അത് എഴുതിയ വ്യക്തിയുടെ ലേഖനം എന്നതിനേക്കാൾ മറ്റൊരു ഇംഗ്ലീഷ് ലേഖനത്തിന്റെ തർജമയായിട്ടാണ് തോന്നിയത്.
ആ ഇംഗ്ലീഷ് ലേഖനത്തിന്റെ പേര് The Myth of Capitalist Colonialism എന്നാണ്. പ്രസ്തുത ലേഖനത്തിന് ഒരു മറുപടി കൊടുക്കാനാണ് ശ്രമം. അതിന് മുൻപ് ആരാണ് ഹാൻസ് എഫ് സെൻഹോൾസ് എന്ന് പറയാം. Hans F Sennholz ജർമ്മൻ വംശജനും അമേരിക്കയിലെ പെൻസിൽവാനിയയിൽ പ്രൊഫെസറും ആയിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലെ അറിയപ്പെടുന്ന സ്വതന്ത്ര കമ്പോള ആരാധന കേന്ദ്രമായ ഓസ്ട്രിയൻ ചിന്താധാരയിൽ പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഹാൻസ്. നിയൊ കെയ്‌നീഷ്യൻ സാമ്പത്തിക ശാസ്ത്രജ്ഞരുടെ നിർവചന പ്രകാരം ഒരു കമ്പോള മൗലികവാദിയാണ് ഹാൻസ്.
ഹാൻസ് എഴുതിയ ലേഖനത്തെ തുറന്ന് കാണിക്കാൻ ചില സാമ്പത്തിക ശാസ്ത്രജ്ഞർ ചരിത്രകാരന്മാർ സാമൂഹിക ശാസ്ത്രജ്ഞർ എഴുതിയ പുസ്തകങ്ങൾ ലേഖനങ്ങൾ ഞാൻ ആശ്രയിക്കുന്നുണ്ട്. ലേഖനത്തിന്റെ അതാത് ഭാഗങ്ങളിൽ എഴുതിയവരുടെ പേരും പുസ്തകവും പരാമർശിക്കുന്നതാണ്.ഹാൻസ് എഴുതി മലയാളത്തിലെക്ക് തർജമ ചെയ്യപ്പെട്ട ലേഖനത്തെ 4 പോയിന്റിൽ പറയാം
- മുതലാളിത്തം അല്ല മെർക്കന്റലിസം ആണ് കോളനിവത്കരണത്തെ സൃഷ്ടിച്ചത്. മുതലാളിത്ത വാദികൾ കോളനിവത്കരണത്തിന് എതിരായിരുന്നു.
- മുതലാളിത്തം ഉപയോഗിച്ചാണ് കോളനി പൂർവ രാജ്യങ്ങൾ രക്ഷപ്പെട്ടത്.
- കോളനിവത്കരണത്തിൽ നിന്ന് ആഫ്രിക്കയെ രക്ഷിച്ചത് മുതലാളിത്തമാണ്.
- കോളനിപൂർവ രാജ്യങ്ങൾ പുരോഗതി പ്രാപിച്ചത് മുതലാളിത്തം വഴിയാണ്
മെർക്കന്റലിസം മുതലാളിത്തം കോളനിവത്കരണം
മെർക്കന്റിലിസം ആണ് കോളനിവത്കരണം നടത്തിയത് അതിനെ തടയാനാണ് മുതലാളിത്തം ശ്രമിച്ചത് എന്നുമുള്ള വാദത്തെ ചരിത്രവും പൊളിറ്റിക്കൽ സയൻസും ഉപയോഗിച്ചു നമുക്കൊന്ന് പരിശോധിച്ച് നോക്കാം. പ്രൊട്ടെക്ഷനിസ്റ്റ് നയങ്ങളോടെ ഒരു വിഭാഗത്തെ മാത്രം സഹായിക്കുന്ന മെർകെന്റലിസ്റ്റ് നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ബ്രിട്ടിഷ് ഭരണകൂടത്തിന്റെ അനുവാദത്തോടെ ഇന്ത്യയിൽ കച്ചവടവും പിന്നീട് ആധിപത്യവും സ്ഥാപിച്ചത്. ഇത് ഒരു വസ്തുതയാണ്. എന്നാൽ ഈ മെർകെന്റലിസത്തെ എതിർത്ത ഫ്രീമാർകെറ്റ് വാദികളുടെ സമ്മർദ്ദ ഫലമായി 1833 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് ചൈന ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ഉണ്ടായിരുന്ന monopoly അഥവാ കുത്തക ബ്രിട്ടീഷ് ഭരണകൂടം എടുത്തു കളഞ്ഞു. ചാർട്ടെർ ആക്റ്റ് വഴിയാണ് ഇത് സാധ്യമാക്കിയത്. ഇതിന് ശേഷം ഇന്ത്യയിൽ സ്വതന്ത്ര കമ്പോളം ഉണ്ടായി. ഈ കുത്തക അവസാനിപ്പിക്കാൻ ബ്രിട്ടീഷ് പാർലമെന്റിൽ സമ്മർദ്ദം ചെലുത്തിയത് അവിടുത്തെ വ്യവസായികൾ ആണ്. ബ്രിട്ടനിലെ ക്യാപിറ്റലിസ്റ്റുകൾ പറഞ്ഞത് ഭരണകൂടം കേട്ടിരുന്നില്ല എന്ന വാദം ചരിത്രപരമായി നിലനിൽക്കില്ല.
മുതലാളിത്തത്തിന് കൊളോണിയലിസവുമായി യാതൊരു ബന്ധവും ഇല്ലെങ്കിൽ എന്താണ് ജോൺ ഹെയുടെ ഓപ്പൺ ഡോർ പോളിസി എന്ന് കമ്പോളവാദികൾ വിശദീകരിക്കണം. ക്യാപിറ്റലിസത്തിൽ നിന്ന് ജന്മം കൊണ്ട അമേരിക്കയുടെ കൊളോണിയൽ നയമായിരുന്നു ചൈനയിലെ ഓപ്പൺ ഡോർ പോളിസി. ലളിതമായി പറഞ്ഞാൽ ചൈനയുടെ കമ്പോളം ഫ്രീ ആയി വയ്ക്കണം. നിങ്ങളെ പോലെ ഞങ്ങൾക്കും ചൂഷണം ചെയ്യാൻ സാധിക്കണം.
ചുരുക്കി പറഞ്ഞാൽ മേർക്കന്റലിസം ആരംഭിച്ചു കൊടുത്ത കൊളോണിയലിസത്തെ മുതലാളിത്തം ഒരു ആഗോള പ്രതിഭാസമാക്കി മാറ്റി. പിന്നീട് ഇത് സാമ്രാജ്യത്വമായി വികസിച്ചു. ആഫ്രിക്കയിൽ കൊളോണിയൽ കാലത്ത് നിലനിന്നിരുന്നത് സ്വതന്ത്ര കമ്പോളമായിരുന്നു. ഒന്നല്ല അനവധി കമ്പനികൾ അവിടെ നിന്ന് ലാഭം കൊയ്തു.
ലാറ്റിൻ അമേരിക്കയിലെ സ്ഥിതിയും വ്യത്യസ്തമല്ല. യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയും മറ്റനേകം കമ്പനികളും ഇതിന് ഉദാഹരണങ്ങളാണ്. എവിടെയും ഫ്രീ ട്രേഡ് ഉണ്ടായിരുന്നു. പ്രശസ്ത ചരിത്രകാരൻ ബിപൻ ചന്ദ്ര എഴുതിയ India”s Struggle for Independence എന്ന പുസ്തകത്തിലെ An Economic Critique of Colonialism എന്ന അധ്യായത്തിൽ ഇങ്ങനെ എഴുതുന്നു ” They were able to able to see that colonialism no longer worked through crude tools of plunder and tribute and mercantilism but operated through the more disguised and complex mechanism of free trade and foreign capital investment. The essence of 19th century colonialism they said lay in the transformations of India into a supplier of food stuffs and raw materials to the metropolis a market of metropolitan manufacturers and a field of investment of British Capital.” റോമേഷ് ചന്ദ്ര ദത്ത്, ജി വി ജോഷി, ജി സുബ്രമണ്യ അയ്യർ തുടങ്ങിയവരുടെ പഠനങ്ങളെ ഉദ്ധരിച്ചാണ് ബിപൻ ചന്ദ്ര ഇതെഴുതുന്നത്.
കൊളോണിയലിസത്തെ മുതലാളിത്തത്തിൽ നിന്നും സ്വതന്ത്ര കമ്പോളത്തിൽ നിന്നും വേർപ്പെടുത്താൻ കഴിയില്ല എന്ന് ചരിത്രം തെളിയിക്കുന്നു.സ്വകാര്യ കമ്പനികൾ ഒരുപാട് ഇവിടെ ഉണ്ടായിരുന്നു എന്നും പ്രൊട്ടെക്ഷനിസം മാറി ഫ്രീ മാർക്കറ്റ് നിലവിൽ വന്നുവെന്നും ചരിത്രം പറയുന്നു.
കോളനി പൂർവ രാജ്യങ്ങളെ സഹായിച്ചത് മുതലാളിത്തമോ മുതലാളിത്തമാണ് പോസ്റ്റ് കൊളോണിയൽ രാജ്യങ്ങളെ സഹായിച്ചത് എന്ന് പലരും പറയാറുണ്ട്. മുതലാളിത്ത ലിബറൽ ലോകം എന്നും മൂന്നാം ലോക രാജ്യങ്ങളോട് മുഖം തിരിച്ചു നിന്നിട്ടേ ഉള്ളു. നെൽസൺ മണ്ടേലയെ കാലങ്ങളോളം തീവ്രവാദി എന്ന് മുദ്രകുത്തിയവരാണ് അവർ. പോസ്റ്റ് കൊളോണിയൽ രാജ്യങ്ങൾ ഒരുവിധം മുതലാളിത്ത വിരുദ്ധരായിരുന്നു. പല രാജ്യങ്ങളും സോഷ്യലിസ്റ്റ് ആഭിമുഖ്യം വച്ച് പുലർത്തിയിരുന്നു. ഒന്നുകിൽ സോഷ്യലിസം അല്ലെങ്കിൽ മിക്സഡ് ഇക്കോണമി ആണ് പലരും സ്വീകരിച്ചത്. പല രാജ്യങ്ങളിലും അടിസ്ഥാന വികസനം കുതിച്ചുയർന്നത് സോഷ്യലിസ്റ്റ് നയങ്ങളുടെ സഹായത്തോടെ ആയിരുന്നു. പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ പൗരന്മാരുടെ വിദ്യാഭ്യാസം ആയുർദൈർഘ്യം എന്നിവ മെച്ചപ്പെട്ടത് സോഷ്യലിസത്തിന് കീഴിൽ ആണ്.ഏകദേശം പത്തോളം ആഫ്രിക്കൻ രാജ്യങ്ങൾ ശാസ്ത്രീയ സോഷ്യലിസം തങ്ങളുടെ നയപരിപാടിയായി ഏറ്റെടുത്തു.
വളരെ വേഗത്തിൽ നഗരവത്കരണം, സാക്ഷരത ഗ്രാമ വികസനം എന്നിവ ആഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിക്കാൻ കാരണം സോഷ്യലിസ്റ്റ് നിലപാടുകൾ ആണ്. എന്നാൽ തുടരെ തുടരെയുള്ള അട്ടിമറികൾ ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ സ്പോൺസർ ചെയ്ത ആഭ്യന്തര പ്രശ്നങ്ങൾ സോവിയറ്റ് യൂണിയന്റെ പതനം ആഫ്രോ സോഷ്യലിസത്തിന് വലിയ തിരിച്ചടിയായി. പാട്രിസ് ലുമുംബ, തൊമസ് നോയൽ സങ്കാര, ക്വമേ നക്രൂമ, ഹൗറാറി ഭൗമീദിൻ, ഗദ്ദാഫി, നെൽസൺ മണ്ടേല തുടങ്ങിയവർ ആഫ്രിക്കയുടെ പ്രധാന ആന്റി ക്യാപിറ്റലിസ്റ്റ് ഭരണാധികാരികൾ ആണ്. ആഫ്രിക്കൻ ലാറ്റിൻ അമേരിക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് സോവിയറ്റ് യൂണിയൻ നൽകിയ സഹായങ്ങളും ചെറുതല്ല.
മുതലാളിത്ത വ്യവസ്ഥ ഒരിക്കലും കോളനിവത്കരണം അവസാനിപ്പിച്ചിട്ടില്ല. സോവിയറ്റ് യൂണിയന്റെ ഉദയവും അതിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് നടന്ന പോരാട്ടങ്ങളും വിവിധ ജനതകളുടെ ചെറുത്ത് നിൽപ്പുമാണ് കോളോണിയൽ വ്യവസ്ഥയ്ക്ക് അന്ത്യം കുറിച്ചത്. രണ്ടാം ലോക മഹായുദ്ധ ശേഷവും സ്വാതന്ത്യം നേടാൻ പറ്റാതെ പോയ രാജ്യങ്ങളും ഉണ്ടെന്ന് ഓർക്കണം.
ഫ്രാൻസ് ഫാനോൻ, ഡബ്ല്യു ഇ ബി ഡുബോയിസ്, ലംഗ്സ്റ്റൻ ഹ്യൂഗ്‌സ്, അസാറ്റ ഷാക്കുർ, നെൽസൺ മണ്ടേല, തുപ്പാക്ക് ഷാ കൂർ, എറിക് വില്യംസ് വോൾട്ടർ റോഡ്‌നി, സ്റ്റോക്കലി കർമാക്കിയേൽ തുടങ്ങിയ ആഫ്രോ അമേരിക്കൻ അവകാശ പോരാളികളും ധൈഷണികരും മുതലാളിത്തം ആഫ്രിക്കയോടും കറുത്ത വർഗ്ഗക്കാരോടും ചെയ്തത് എന്ത് എന്നും തങ്ങളുടെ പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും പറയുന്നുണ്ട്.
ഇനിയൊന്നും പോരെങ്കിൽ മാർട്ടിൻ ലൂതറിന്റെ ഒരു quote കൂടി ചേർക്കുന്നു. ഏറ്റവും ലളിതമായി മുതലാളിത്തത്തെ നിർവചിക്കാൻ.
We have deluded ourselves into believing the myth that capitalism grew and prospered out of the Protestant ethic of hard work and sacrifice.
The fact is that capitalism was built on the exploitation and suffering of black slaves and continues to thrive on the exploitation of the poor – both black and white, here and abroad.” ( കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും പ്രൊട്ടസ്റ്റന്റ് നൈതികതയിൽ നിന്നാണ് മുതലാളിത്തം വളർന്നതും അഭിവൃദ്ധി പ്രാപിച്ചതും എന്ന മിഥ്യാധാരണയിൽ നാം സ്വയം വഞ്ചിതരായി).
മുതലാളിത്തം കെട്ടിപ്പടുത്തത് കറുത്ത അടിമകളുടെ ചൂഷണത്തിലും കഷ്ടപ്പാടിലുമാണ്, ഇവിടെയും വിദേശത്തും ദരിദ്രരെ – കറുത്തവരും വെളുത്തവരും – ചൂഷണം ചെയ്തുകൊണ്ട് മുതലാളിത്തം തഴച്ചുവളരുന്നു എന്നതാണ് വസ്തുത.