ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടായ വലിയ തിരിച്ചടി വിവിധ തരത്തിലുളള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഭരണകൂടം ചൂക്ഷണ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്ന അടിസ്ഥാന ഇടത് തത്വത്തിൽ നിന്ന് ഭരണകൂടം സമം പാർട്ടി എന്ന നിലപാടിലേക്ക് ചില ഘട്ടങ്ങളിൽ കേരളത്തിലെ ഇടതുപക്ഷം മാറുന്നുണ്ടോ എന്ന് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന ശിൽപശാലയിൽ പ്രമേയം.
പ്രായോഗിക തലത്തിൽ ഇടത് ആശയങ്ങളുടെ തെളിമയിൽ കുറവു വരുമ്പോൾ ആ ഇടം കവരാൻ വലതുപക്ഷ ശക്തികൾ പുതിയ രൂപത്തിൽ രംഗത്ത് വരുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇടതു നേതാക്കളുടെയും ഇടതു ഭരണാധികാരികളുടെയും ഭാഷയും ശരീര ഭാഷയും ജീവിത രീതികളും സാധാരണ മനുഷ്യരുടെ വിശ്വാസം ആർജ്ജിക്കുന്ന തരത്തിലുളളതായിരിക്കണം. പ്രതിസന്ധികൾക്കിടയിലും വലിയ വിജയത്തിനും തുടർ ഭരണത്തിനും നേതൃത്വം നൽകിയ സി. അച്യുതമേനോൻ ഉൾപ്പെടെയുളള പൂർവ്വസൂരികൾ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്.
ഭരണകൂടത്തിന്റെ മുൻഗണനകൾ മാറുമ്പോൾ ജനം അത് വളരെ വേഗം തിരിച്ചറിയും. ചെയ്യുന്ന പ്രവർത്തികളുടെ ഉദ്ദേശ ശുദ്ധിയെ തന്നെ വക്രീകരിച്ച് പൊതുജന സമക്ഷം അവതരിപ്പിക്കാൻ വലതുമാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്ന ഈ കാലത്ത് സംസാരത്തിലും പെരുമാറ്റത്തിലും ജീവിത രീതികളിലും ഭരണ നടപടികളിലും മൂല്യാധിഷ്ഠിത ഇടതുപക്ഷ ആശയങ്ങളെ മുറുകെ പിടിച്ചു കൊണ്ട് ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാൻ ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാവണമെന്ന് എഐവൈഎഫ് സംസ്ഥാന ശിൽപശാലയിൽ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തിൽ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണ നേതൃത്വത്തോട് ആവശ്യപ്പെട്ടു.