Friday, November 22, 2024
spot_imgspot_img
HomeLatest Newsരിസാലയുടെ സർട്ടിഫിക്കേറ്റ് കാനത്തിന് വേണ്ട

രിസാലയുടെ സർട്ടിഫിക്കേറ്റ് കാനത്തിന് വേണ്ട

ജെസ്ലോ ഇമ്മാനുവൽ ജോയ്

മരണ കുറിപ്പുകൾ പൊതുവെ നിഷ്പക്ഷമാണ്, അത് കൊണ്ട് തന്നെ ഇവയിൽ രാഷ്ട്രീയ വിരോധങ്ങളോ, പ്രത്യശാസ്ത്ര പോരാട്ടങ്ങളോ സാധാരണയായി കാണപ്പെടാറില്ല. എന്ന് കരുതി മരണം ആരെയും വിശുദ്ധൻമാരാക്കുന്ന ഒരു സംഭവവും അല്ല. ജീവിച്ചിരുന്ന കാലത്ത് ചെയ്ത കൃത്യങ്ങൾക്കുള്ള വിമർശനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഉന്നയിച്ചാലും അതിനെ തെറ്റായി കണക്കാക്കാൻ കഴിയുക ഇല്ല, തെറ്റും, ശരിയും ചേർന്ന ഒന്നാണല്ലോ മനുഷ്യൻ. പക്ഷേ, വസ്തുതയ്ക്ക് നിരക്കാത്ത നുണ പ്രചാരണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല, അത്തരത്തിൽ ഒരു കുറിപ്പാണ് സഖാവ് കാനം രാജേന്ദ്രൻ മരിച്ച വേളയിൽ ” കാനത്തിന് എങ്ങനെ വിട പറയും ” എന്ന തലക്കെട്ടോടെ സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെ (എസ് എസ് എഫ്) ഭാഗമായി പ്രവർത്തിക്കുന്ന റിസാല എന്ന ഓൺലൈൻ പോർട്ടലിൽ പ്രത്യക്ഷപ്പെട്ടത്.

അരാഷ്ട്രീയപരവും, ചരിത്രപരമായ അജ്ഞതയുമടങ്ങുന്ന കുറിപ്പ് തുടങ്ങുന്നത് ഇടത് പക്ഷത്തിന് എന്തിന് രണ്ട് പക്ഷം എന്ന് കാനം ചിന്തിച്ചിരുന്നു എന്നാണ്. 1979 – ൽ ഇടത് ഐക്യം എന്ന ആശയം മുൻനിർത്തി കൊണ്ടാണ് കേരള മുഖ്യമന്ത്രിയായ സിപിഐയുടെ സഖാവ് പി.കെ. വാസുദേവൻ നായർ രാജി വച്ച് എൽഡിഎഫ് രൂപീകരണം സാധ്യമാകുന്നത്. അന്ന് മുതൽ ഇടത് പക്ഷത്തെ തിരുത്തൽ ശക്തിയായി നില കൊള്ളുന്ന ഒരു പാർട്ടിയാണ് സിപിഐ, അത്തരം നിലപാടുകളാണ് കാല കാലങ്ങളായുള്ള പാർട്ടി സംസ്ഥാന സെക്രട്ടറിമാർ സ്വീകരിച്ച് പോരുന്നതും.

സ്പ്രിംഗ്ലർ വിഷയത്തിലും, മാവോയിസ്റ്റ് എൻകൗണ്ടറിലും മറ്റും പാർട്ടി സെക്രട്ടറി എന്ന നിലയിൽ സഖാവ് കാനം രാജേന്ദ്രൻ എൽഡിഎഫ് മുന്നണിയുടെ ഭാഗമായി തന്നെ ഈ വിഷയങ്ങളിൽ എതിർപ്പിൻ്റെ ശബ്ദം മുന്നണിക്ക് അകത്തും പുറത്തുമായി ഉന്നയിച്ചതും, അതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തിയതും മറ്റും റിസാല മനപ്പൂർവം മറക്കുന്നു. സ്വന്തം മുന്നണിയിലെ മന്ത്രിയായ തോമസ് ചാണ്ടിക്കെതിരെ അഴിമതി ആരോപണം വന്നപ്പോൾ പ്രസ്തുത മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിസഭ യോഗത്തിൽ നിന്ന് സിപിഐയുടെ നാല് മന്ത്രിമാർ വിട്ട് നിന്നതും, പ്രതിഷേധത്തിനൊടുവിൽ തോമസ് ചാണ്ടി രാജി വച്ചതും ഇതേ കാനം രാജേന്ദ്രൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോളാണ്. മുന്നണിയിൽ പറയേണ്ട കാര്യങ്ങൾ അകത്തും, പുറത്ത് പറയേണ്ടുന്ന കാര്യങ്ങൾ പുറത്തും പറയുന്നതാണ് തൻ്റെ നിലപാട് എന്ന് സഖാവ് കാനം മുൻപ് പല തവണ തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ മാധ്യമങ്ങളെ സുഖിപ്പിക്കാനായി പിണറായി വിജയനെ തെറി വിളിക്കുന്നത് അല്ല തൻ്റെ ജോലി എന്നും അദ്ദേഹം ഒരു വേള ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ തണലിൽ വളർന്നത് കൊണ്ടാണ് സഖാവ് കാനത്തിന് തന്നെ തേടി വലിയ സ്ഥാനമാനങ്ങൾ വന്നത് എന്നാണ് ഒരു കണ്ടുപിടിത്തം. ഇവർ മനപ്പൂർവം മറക്കുന്നതോ അഥവ മറവി നടിക്കുന്നതോ ആയ ഒരു വസ്തുത ഉണ്ട്, സഖാവ് കാനം രാജേന്ദ്രൻ എ.ഐ. ടി. യു. സിയുടെ സെക്രട്ടറി ആയിരുന്ന കാലത്താണ് സംഘടന ഏറ്റവും അധികം വളർന്നത്. സിനിമ, ഐടി എന്നിങ്ങനെ പല അസംഘടിത മേഖലകളിലും തൊഴിലാളി യൂണിയനുകൾ സ്ഥാപിക്കുന്നത് ഈ കാലയളവിലാണ്. ടെക് മേഖലയിലും, പുതിയ കാല ബാങ്കുകളിലും നില നിന്നിരുന്ന കാരണം കാണിക്കാതെ ഉള്ള പിരിച്ചു വിടലിനും മറ്റും ഒരു പരുതി വരെ തടയിട്ടത് സഖാവ് കാനത്തിൻ്റെ നേതൃത്വത്തിൽ രൂപപ്പെട്ട ഇത്തരം യൂണിയനുകളാണ്. എംഎൽഎ എന്ന നിലയിൽ നിർമ്മാണ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി സ്വകാര്യ ബില്ലിലൂടെ നിയമ നിർമ്മാണ സാധ്യതയ്ക്ക് വഴി വച്ചതും. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി സഭയിൽ പ്രവർത്തിച്ചും, വിഷയങ്ങൾ ഉന്നയിച്ചും എതിർ ചേരിയിൽ ഉള്ള അംഗങ്ങളുടെ വരെ പ്രശംസ നേടി എടുത്ത വ്യക്തിയാണ് സഖാവ് കാനം.

സിപിഐയും, എ.ഐ.വൈ.എഫും. തണുപ്പൻ നയങ്ങളും, വയസന്മാരും മാത്രം അടങ്ങുന്ന സംഘടനയാണെന്നുമാണ് റിസാലയുടെ മറ്റൊരു ഭാഷ്യം. ഇന്ന് കാണുന്ന സിപിഐയെ പ്രതിനിധീകരിച്ച് കൊണ്ട് രാജ്യസഭയിലും, ലോക സഭയിലും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലും പ്രവർത്തിക്കുന്ന എംഎൽഎമാരും, എംപിമാരും എല്ലാം തന്നെ എ.ഐ.വൈ.എഫിൻ്റെ സംഘടന സംവിധാനത്തിലൂടെ ഉയർന്നു വന്നവരാണ്. രാജ്യസഭയിലെ ഉറച്ച പ്രതിപക്ഷ ശബ്ദങ്ങളിൽ ഒന്നായ സഖാവ് പി സന്തോഷ്കുമാർ എംപിയും, എ.ഐ.വൈ.എഫ് മുൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ യുഡിഎഫ് സർക്കാരിൻ്റെ ജന വിരുദ്ധമായ വൈദ്യുതി ബിൽ നിരക്ക് വർധനവിന് എതിരെ സമരം നയിക്കയും, റവന്യു മന്ത്രി എന്ന നിലയിലും എംഎൽഎ തലത്തിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സഖാവ് കെ. രാജനും അതിൻ്റെ തെളിവുകളായി നമ്മുടെ മുൻപിൽ ഉള്ളപ്പോൾ എങ്ങനെയാണ്, വസ്തുതയ്ക്ക് വിരുദ്ധമായി ചലിക്കാൻ മടിക്കുന്ന ആകർഷണീയമല്ലാത്ത സംഘടനയാണ് സിപിഐയും അതിൻ്റെ പോഷക സംഘടനകളും എന്ന് പറയാൻ സാധിക്കുക ? സി. എ. എ., പൗരത്വ ഭേദഗതി നിയമം എന്നീ കേന്ദ്ര സർക്കാരിൻ്റെ കിരാത നടപടികൾക്ക് എതിരെ ദേശീയ തലത്തിൽ തന്നെ ഒരു വമ്പൻ ലോങ് മാർച്ച് നടത്താൻ റിസാലയുടെ നിരീക്ഷണത്തിൽ ഉള്ളത് പോലെ ഉള്ള ഒരു ‘ യുവാക്കളെ ആകർഷിക്കാൻ ‘ സാധിക്കാത്ത സംഘടനയ്ക്ക് എങ്ങനെ കഴിഞ്ഞു ? ഈ ചോദ്യങ്ങൾക്കുള്ള മറുപടിയും റിസാലയുടെ പക്കൽ ഉണ്ടാവും എന്ന് വിചാരിക്കുന്നു.

റിസാലയുടെ ചരിത്ര – സമകാലീക രാഷ്ട്രീയ അജ്ഞ്തയാണ് സിപിഐ പിടിച്ചു നിൽക്കാൻ പാട് പെടുന്ന ഒരു പാർട്ടിയാണെന്നും, തെക്കേ മുനമ്പിലെ ഒരു അനക്കം മാത്രമാണ് ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയാണെന്നും മാത്രമല്ല അടിയന്തരാവസ്ഥയെ ന്യായീകരിക്കേണ്ട അവസ്ഥയാണ് സിപിഐക്ക് ഉള്ളതും എന്ന് ഉള്ള നിരീക്ഷണങ്ങൾ. വെറും ഒരു സിനോ – സോവിയറ്റ് പ്രശ്നം മാത്രമായിരുന്നില്ല 1964 – ലെ പിളർപ്പിൻ്റെ കാരണങ്ങൾ എന്നാണ് റിസാല ആദ്യം മനസ്സിലാക്കേണ്ടത് രാജ്യ സുരക്ഷ എന്ന നിലപാട് മുൻ നിർത്തി കൊണ്ട് എടുത്ത ചൈനീസ് വിരുദ്ധ നിലപാടിനോട് യോജിക്കാതെ ഉൾപ്പാർട്ടി സമരത്തിൻ്റെ സകല മാന്യതകളും ലംഘിച്ച് കൊണ്ടാണ് ഒരു പറ്റം അംഗങ്ങളുടെ ഇറങ്ങി പോക്കിൽ പാർട്ടി രണ്ടാവുന്നത്. അത് പാർട്ടിയുടെ ശക്തി ക്ഷയിപ്പിച്ചു എന്ന വാസ്തവം ഉൾക്കൊള്ളുമ്പോൾ തന്നെ സിപിഐയും അതിൻ്റെ ബഹുജന സംഘടനകളും ഇപ്പോഴും ദേശീയ തലത്തിൽ കൃത്യമായ സ്വാധീനം ചെലുത്തുന്ന ഒരു ഇടത് പക്ഷ പ്രസ്ഥാനമാണ്. ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോൾ അതിൻ്റെ മിക്കവാറും കമ്മിറ്റികളിലും സിപിഐ പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് നമുക്ക് കാണാൻ സാധിക്കുന്നു, മാത്രമല്ല ഈ കഴിഞ്ഞ നാല് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ചത്തിസ്ഗഡിൽ സിപിഐയോട് സഖ്യം കൂടാത്തത് കൊണ്ടും, തെലങ്കാനയിൽ സഖ്യ കക്ഷിയാക്കിയത് കൊണ്ടും, കോൺഗ്രസിന് ഉണ്ടായ വിജയ – പരാജയങ്ങളും, തെക്കേ അറ്റത്തെ ഒരു അനക്കം മാത്രമല്ല ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി എന്നതിൻ്റെ തെളിവാണ്.

സിപിഐ എന്നും വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരാണ്, ഭരണത്തിന് വേണ്ടി ആരാണ് വലത് പക്ഷത്തിൻ്റെ തിണ്ണ നിരങ്ങിയത് എന്ന് റിസാല ഒന്നും കൂടി ചരിത്രം പഠിക്കുന്നത് നല്ലതായിരിക്കും.രണ്ട് വോട്ടിന് വേണ്ടി വർഗീയ ശക്തികളുടെ കൂടെ കൂടുന്ന ചരിത്രമല്ല സിപിഐയുടേത്. ഇന്ദിര ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും കിരാത അടിയന്തരാവസ്ഥ നയങ്ങൾക്ക് എതിരെ 1977 ജനുവരി രണ്ടിന് അന്നത്തെ പാർട്ടി സെക്രട്ടറിയായ സഖാവ് സി. രാജേശ്വര റാവുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നപ്പോൾ ഗവൺമെന്റിന്റെ പുരോഗമന നയങ്ങളെ പിന്തുണയ്ക്കുകയും ജനങ്ങളുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നയങ്ങളെ എതിർക്കുകയും ചെയ്യും എന്ന് അദ്ദേഹം തന്നെ പാർട്ടി നിലപാട് വ്യക്തമാക്കുക ഉണ്ടായി. ഇതാണ് അടിയന്തരാവസ്ഥ കാലത്തെ പാർട്ടിയുടെ നിലപാട്.

റിസാലയുടെ ഇത്തരം വിവരമില്ലായ്മകൾക്കുള്ള മറുപടി സഖാവ് കാനം പണ്ടേ തന്നിട്ടുള്ളതാണ്, അദ്ദേഹത്തിൻ്റെ തന്നെ വാക്കുകൾ കടമെടുത്ത് കൊണ്ട് പറയട്ടെ ” നിങ്ങൾ ചരിത്രം പഠിക്കാൻ സമയം മിനക്കെടു, കണ്ണിൽ കണ്ടവർ പറഞ്ഞത് കൊണ്ട് ഇങ്ങോട്ട് വരരുത് “.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares