ടി കെ മുസ്തഫ വയനാട്
“അതേടാ, ഇത്രയും കാലം ചെരപ്പാ താൻ ചെയ്തത്. കാലാകാലങ്ങളിൽ മാറിമാറിവരുന്ന രാഷ്ട്രീയക്കാരുടെയും മേലധികാരികളുടെയും പ്രിയപ്പെട്ട ക്ഷൗരക്കാരനായിരുന്നു താൻ. ഇപ്പൊ ഈ തറവേല കാണിച്ചത് മണപ്പള്ളി സുധീരനും അവന്റെ ചേട്ടനും സുഖം കിട്ടാൻ വേണ്ടിയാണെന്നും അറിയാം.
പക്ഷെ മോനെ ദിനേശാ, നീയീ പറഞ്ഞ നിന്റെയീ കുലത്തൊഴിലുണ്ടല്ലോ,അത് എന്റെ ദേഹത്തു നടത്തല്ലേ. കുടുംബം കോഞ്ഞാട്ടയായി പോകുമേ! ” (‘നരസിംഹ’ത്തിൽ ‘ഇന്ദു ചൂഡ’നും ഡിവൈഎസ്പിയും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് )
‘ചെരപ്പ്’ എന്നാൽ ക്ഷൗരം എന്നാണർത്ഥം. മുടി വെട്ടുന്നത് ഒരിക്കലും അമാന്യമായ സംഗതിയല്ല. എന്നാൽ ചെരപ്പ് എന്നതിനെ അശ്ലീലവത്കരിക്കുന്നതിലൂടെ തൊഴിലിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ജാതീയതയുടെ ആധുനികതയിലുമുള്ള പ്രത്യക്ഷവും നിഗൂഢവുമായ ഇടപെടലിന്റെ തെളിവാണത് കാണിക്കുന്നത്
“ഗൗരി ചോത്തി പെണ്ണല്ലേ
പുല്ല് പറിക്കാൻ പൊയ്ക്കൂടേ
ചാത്തൻ പൂട്ടാൻ പോകട്ടെ.
ചാക്കോ നാട് ഭരിക്കട്ടെ
തംബ്രാനെന്നു വിളിപ്പിക്കും
പാളേൽ കഞ്ഞി കുടിപ്പിക്കും “
ഭരണകൂടനയങ്ങളോടും ഭരണാധികാരികളോടുമുള്ള എതിർപ്പിനേക്കാൾ പ്രശ്നം ‘ജാതി ‘തന്നെയായിരുന്നു അന്ന്. പുതിയ രൂപത്തിൽ ഭാവത്തിൽ പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയിൽ.
“ഇവൻ തച്ചന്റെ മോനല്ലേ, ഇവന്റെ അമ്മ മറിയ എന്നവളല്ലേ , ഇവന്റെ സഹോദരന്മാർ ശീമോൻ, യൂദാ, യാക്കോബ്, യോസെ എന്നിവരല്ലേ, ഇവന്റെ സഹോദരിമാരും നമ്മോട് കൂടെയില്ലേ, ഇവന് ഈ വീര്യ പ്രവൃത്തികൾ എവിടുന്നു കിട്ടി. അവർക്ക് അവനോട് ഇടർച്ചയുണ്ടായി. “(മത്തായി 13:55-57).
ന്യായ പ്രമാണം കലക്കികുടിച്ചു എല്ലാം തികഞ്ഞിരിക്കുന്ന പരീശന്മാർക്ക് ‘തച്ചന്റെ ‘ മോന്റെ പ്രവൃത്തികൾ ഒന്നുമങ്ങോട്ട് ദഹിക്കുന്നില്ല.
പരിഷ്ക്കാരവും സ്വയ നീതിയും ഭാവിക്കുന്നവർ എക്കാലവും തങ്ങൾക്ക് വെളിയിലുള്ളവരെ ഇപ്രകാരം ഹീനരും മ്ലേച്ഛരുമായി വിലയിരുത്തുകയും അവരെ അമാന്യരും അയോഗ്യരും അധ :കൃതരുമാക്കി തിരസ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതായി ചരിത്രത്തിൽ പലയിടങ്ങളിൽ വായിക്കാൻ കഴിയും.
മോഹിനിയാട്ടം നർത്തകനും ചലച്ചിത്ര നടനും 2001 ലെ എം.ജി സർവകലാശാല കലാപ്രതിഭയുമായിരുന്ന ആർഎൽവി രാമകൃഷ്ണനെ ജാതീയമായി ആക്ഷേപിച്ചും മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യത ചോദ്യം ചെയ്‌തും രംഗത്തെത്തിയ കലാ മണ്ഡലം സത്യ ഭാമയുടെ നടപടി ജാതി ഭേദമില്ലെന്നആവർത്തിച്ചാവർത്തിച്ചുള്ള പ്രഘോഷണങ്ങൾക്കിടയിലും നമ്മുടെ സാമൂഹ്യ ബന്ധങ്ങളിലും പൗരബോധത്തിലും ജാതി അലംഘനീയമായ വ്യവസ്ഥിതി തന്നെയാണെന്ന സത്യം വിളിച്ചോതുന്നു.
ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും അദ്ദേഹത്തെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കയില്ലെന്നും നിറമുള്ള ശരീരവും ഭംഗിയുമുള്ളവർക്ക് മാത്രമേ മോഹിനിയാട്ടം കളിക്കാനാകൂ എന്നും ജൽപനം നടത്തുകയാണ് സവർണ്ണ ബോധം സൃഷ്ടിച്ചെടുത്ത് വികസിപ്പിച്ചെടുത്ത അധികാര വിധ്വംസകതയുടെയും കീഴാള വിരുദ്ധതയുടെയും പ്രതിരൂപം!
ഇന്ത്യയിൽ സാമൂഹ്യ നീതി ഉറപ്പാക്കുന്ന ഭരണ ഘടനയും പ്രസ്തുത ഭരണ ഘടന അതിന്റെ പതിനേഴാം വകുപ്പിലൂടെ പുറപ്പെടുവിക്കുന്ന അയിത്ത നിരോധനവും പൊതു കിണറിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും ചാക്ക് വിരിച്ച് ക്ലാസ്സ് മുറിയുടെ മൂലയിൽ അപമാനിതനായി ഇരുന്നപ്പോഴും മുടി മുറിച്ച കത്രിക അശുദ്ധമായെന്ന് ആക്രോശിച്ച് മുടി വെട്ടുകാരൻ അഭിമാനത്തെ വൃണപ്പെടുത്തിയപ്പോഴും ഒരു ദളിത് ബാല്യം വേദനിച്ചതിന്റെയും പിടഞ്ഞതിന്റെയും വൈജ്ഞാനിക ഉത്തരമായിരുന്നുവെന്നത് മറക്കരുതായിരുന്നു കലാമണ്ഡലം സത്യ ഭാമ.
സ്വാതന്ത്ര്യത്തിലുംസമത്വത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ പ്രാകൃതവും മനുഷ്യത്വ രഹിതവുമായ ഇത്തരം വികല ചിന്താഗതികളെ ഉന്മൂലനം ചെയ്യാൻ സാധിക്കുകയുള്ളൂ. ജന്മവും ജാതിയുമല്ല മനുഷ്യത്വവും സ്നേഹവുമാണ് ഒരുവനെ ശ്രേഷ്ഠനാക്കുന്നതെന്ന ബോധമാണ് പ്രധാനം. നിയമം മൂലം നിർമ്മാർജ്ജനം ചെയ്താലും മാനസികമായി മാറാൻ തയ്യാറല്ലെങ്കിൽ ആവർത്തിക്കും ദുരന്തങ്ങൾ. മാറേണ്ടത് കാഴ്ചപ്പാടുകൾ തന്നെയാണ്.!
പ്രബുദ്ധ കേരളത്തിൽ പോലും ജാതി എന്നത് സ്വാഭാവിക തെരഞ്ഞെടുപ്പായി മാറുന്നുവെന്നത് അത്യന്തം വേദനാജനകമാണ്!