വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ് റോബർട്ട് വദ്ര. മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും ഉചിതമായ സമയം വരുമ്പോൾ താനും പ്രിയങ്കയ്ക്കൊപ്പം പാർലമെന്റിലുണ്ടാകുമെന്നും മുൻപ് പ്രഖ്യാപിച്ച വദ്ര, തെരഞ്ഞെടുപ്പ് രംഗം ഉണർന്നതോട് കൂടി കളത്തിലിറങ്ങിയെന്നാണ് റിപ്പോർട്ട്. യു പി എ സർക്കാറുകളുടെ ഭരണത്തിൽ സോണിയയുടെ മരുമകൻ എന്ന നിലയിൽ ഭരണാനുകൂല്യങ്ങൾ ഉപയോഗിച്ച് കൊണ്ട് വദ്ര നടത്തിയ ക്രമക്കേടുകൾ കോൺഗ്രസ് രാഷ്ട്രീയത്തെ മുൻപ് അക്ഷരാർഥത്തിൽ പിടിച്ചു കുലുക്കിയിരുന്നു.നിരവധി അഴിമതി കേസുകളിൽ പ്രതിയായ വദ്ര പ്രിയങ്കയുടെ ഭർത്താവെന്ന ലേബലിൽ പിന്‍വാതിലിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് സുരക്ഷിതമാക്കാനുള്ള ബിസിനസ് തന്ത്രമാണ് പയറ്റുന്നതെന്നായിരുന്നു ആരോപണം.
അഴിമതി ആരോപണത്തെ തുടർന്ന് പലതവണ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായ വ്യക്തിയാണ് റോബർട്ട് വദ്ര. വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യത്തിന് അദ്ദേഹത്തിന്നെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ബ്രിട്ടനിലടക്കം വദ്രക്ക് ആഢംബര വസതികളുണ്ടെന്ന വിവരവും അതിനിടെ പുറത്തുവന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കോടികളുടെ നിക്ഷേപവും മുതല്‍മുടക്കുകളുമുണ്ടെന്നതും വദ്രയെ പ്രതിരോധത്തിലാക്കുന്നുണ്ട്. കോൺഗ്രസ് രാഷ്ട്രീയ പ്രവേശനവും തുടർന്നുള്ള പാർലമെന്ററി അധികാരവും തന്റെ അവിഹിത ഇടപെടലുകള്‍ക്ക് മറയാക്കാമെന്നാണ് വദ്ര കരുതുന്നത്. രാഷ്ട്രീയത്തോടുള്ള തന്റെ ‘അഭിനിവേശം’ അദ്ദേഹം മുൻപൊരിക്കൽ പരസ്യമായി തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
“ഈ വര്‍ഷങ്ങളിലെ അനുഭവങ്ങളും പാഠങ്ങളും വെറുതെ കളയാനാവില്ല, കൂടുതല്‍ നല്ലതിനായി ഉപയോഗിക്കേണ്ടതുണ്ട്… ഈ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ഒരിക്കല്‍ അവസാനിക്കുമ്പോള്‍, ജനങ്ങളെ സേവിക്കുന്നതില്‍ ഞാനും പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്” തന്റെ രാഷ്ട്രീയത്തോടുള്ള ‘മമത’ ചൂണ്ടിക്കാട്ടി അദ്ദേഹം മുൻപ് നടത്തിയ പ്രസ്താവന വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി വെച്ചിരുന്നു. 2024 ൽ അമേഠി മണ്ഡലത്തിൽ മത്സരിക്കാൻ വദ്ര തയ്യാറെടുത്തുവെങ്കിലും പരാജയ ഭീതിയിൽ കോൺഗ്രസ് നേതൃത്വം സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കിഷേരിലാൽ ശർമക്ക് സീറ്റ് നൽകുകയായിരുന്നു. താൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ താത്പര്യമെന്ന് പറഞ്ഞ് തന്റെ അനിഷ്‌ടം വദ്ര പരസ്യമാക്കുകയും ചെയ്തു.
കളങ്കിതനായ വദ്രയുടെ രാഷ്ട്രീയ പ്രവേശനത്തോടെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലാകുമെന്ന ആശങ്ക മുൻ നിര നേതാക്കൾക്ക് പോലുമുണ്ട്. വയനാട് മണ്ഡലത്തിലെ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിന് നൽകിയ പിന്തുണയും തന്റെ പാർലമെന്റ് പ്രവേശനത്തെ കുറിച്ചുള്ള പ്രവചനവും പ്രിയങ്കയെ നിഴലാക്കിക്കൊണ്ടുള്ള അഴിമതിക്ക് കളമൊരുക്കാനാണെന്നാണ് പൊതു വിലയിരുത്തൽ. രാഹുലിന് ശേഷം പ്രിയങ്കയും ശേഷം വദ്രയുമെന്ന കൃത്യമായ ആസൂത്രണത്തോട് കൂടിയുള്ള രാഷ്ട്രീയ തന്ത്രത്തിന് വയനാട് വേദിയാകുന്നു എന്നതാണ് വാസ്തവം. ‘ആദ്യം പ്രിയങ്ക പിന്നെ ഞാൻ’ എന്ന പ്രഖ്യാപനം കൃത്യമായ ചില സൂചനകൾ തന്നെയാണ് നൽകുന്നത്. പ്രിയങ്കയെ റബ്ബർ സ്റ്റാമ്പ് ആക്കിക്കൊണ്ടുള്ള ആധിപത്യത്തിനും പിന്നീട് പ്രിയങ്കയെ മാറ്റിയുള്ള സമ്പൂർണ്ണാധിപത്യത്തിനും അഴിമതിക്കാരന് അവസരമൊരുക്കണോ എന്ന് ചിന്തിക്കേണ്ടത് വയനാട്ടിലെ പ്രബുദ്ധ വോട്ടർമാരാണ്.