ജനാധിപത്യാവകാശങ്ങൾക്കായുള്ള ഇന്ത്യൻ യുവത്വത്തിന്റെ പോരാട്ടങ്ങളുടെ മുൻ നിരയിൽ എന്നും നിറ സാന്നിധ്യമായിരുന്നു എ ഐ വൈ എഫ് ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് റോഷൻ കുമാർ. അറിവിനും തൊഴിലിനും വേണ്ടിയുള്ള യുവതയുടെ ഐതിഹാസികമായ സമര പരമ്പരകൾ ഇന്ത്യൻ തെരുവുകളെ കീഴ്‌പ്പെടുത്തിയപ്പോള്‍ അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും പ്രതിനിധിയായി ഭരണ കൂട നയങ്ങൾക്കെതിരെ അനുരഞ്ജന കലഹത്തിലേർപ്പെട്ട യുവ വിപ്ലവകാരി.
രാജ്യത്തിന്റെ പരമാധികാരവും രാജ്യത്തെ ജനങ്ങളുടെ താത്‌പര്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആശയപരമായ പ്രതിരോധവും സൃഷ്ടിച്ചിരുന്നു സഖാവ് റോഷൻ കുമാർ.
ബീഹാറിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സഖാവ് ബാല്യം മുതൽ കടുത്ത കമ്മ്യൂണിസ്റ്റ് ബോധത്താലും വിപ്ലവ വീര്യത്താലുമാണ് വളർന്നത്. തൊഴിലാളിവർഗത്തിനും അടിച്ചമർത്തപ്പെട്ട ജനസാമാന്യത്തിനും സാമൂഹ്യമായി ചൂഷണം ചെയ്യപ്പെടുന്നവർക്കും വേണ്ടി എന്നും ശബ്ദമുയർത്താൻ അത് കൊണ്ട് തന്നെ സഖാവിന് കഴിഞ്ഞിരുന്നു
ദേശീയ സെക്രട്ടറിയായിരിക്കെ അഗ്നിപഥ് പദ്ധതിയ്ക്ക് എതിരെ സമരം ചെയ്തതിന്റെ പേരിൽ അദ്ദേഹത്തെ കള്ളകേസുകളിൽ കുടുക്കി ബീഹാർ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ജയിൽ മോചിതനായി സഖാവ് പുറത്തിറങ്ങിയത്. സൈനിക മേഖലയിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ബീഹാറിലും രാജ്യ വ്യാപകമായും നടന്ന പ്രക്ഷോഭങ്ങളിൽ അധികാരി വർഗ്ഗത്തിന്റെ കൊടിയ മർദ്ദനങ്ങളെയും പീഡനങ്ങളെയും അതി ജീവിച്ചാണ് റോഷൻ കുമാർ സജീവമായി നില കൊണ്ടത്.
ആഗോള വത്കരണ കാലത്ത് യുവജനങ്ങളും തൊഴിലാളികളുമുൾപ്പെടെയുള്ളവരെ കൊള്ളയടിക്കുന്ന കോർപറേറ്റ്–-വർഗീയ കൂട്ടുകെട്ടിന്നെതിരെയുള്ള പോരാട്ടത്തിൽ എ ഐ വൈ എഫി നെ കരുത്തോടെ നയിക്കാൻ സഖാവ് റോഷൻ കുമാറിന്റെ നേതൃത്വത്തിന് കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.