Friday, November 22, 2024
spot_imgspot_img
HomeOpinionനീറ്റ്-നെറ്റ് പരീക്ഷ ക്രമക്കേട്: ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് കൂറിന്റെ ഫലം

നീറ്റ്-നെറ്റ് പരീക്ഷ ക്രമക്കേട്: ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് കൂറിന്റെ ഫലം

ആർ എസ് രാഹുൽ രാജ്
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌

രേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ തുടർന്നു വരുന്ന കോർപ്പറേറ്റനുകൂലവും വിദ്യാർത്ഥി വിരുദ്ധവുമായ നയ സമീപനങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് നീറ്റ്-നെറ്റ് പരീക്ഷ ക്രമക്കേടുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. സുതാര്യവും സമയ ബന്ധിതവുമായ പരീക്ഷ നടത്തിപ്പെന്ന അവകാശ വാദം ഉന്നയിച്ചു കൊണ്ട് 2017 ൽ പാർലമെന്റിൽ പാസ്സാക്കപ്പെട്ട നിയമത്തെ തുടർന്ന് രൂപപ്പെട്ട ‘നാഷണൽ ടെസ്റ്റിംഗ് എജൻസി’ (എൻ ടി എ) യുടെ വിശ്വാസ്യതയാണ് കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനങ്ങളെ തുടർന്ന് തകർന്നത്.
അധികാരത്തിലേറിയതുമുതൽ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ഇല്ലായ്മ ചെയ്യുകയും സ്വകാര്യവത്കരണത്തെയും കച്ചവട താല്പര്യങ്ങളെയുംവ്യവസ്ഥാപിതവൽക്കരിക്കുകയും ചെയ്യുന്ന കേന്ദ്രനയത്തിന്റെ ഭാഗമായിട്ടാണ് മെഡിക്കൽ പഠന കോഴ്‌സുകളിലേക്ക് സംസ്ഥാന തലത്തിൽ നടത്തിയിരുന്ന പരീക്ഷകളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ട് ദേശീയ തലത്തിൽ ‘നീറ്റ്’ നിർബന്ധമാക്കുന്നത്. മെഡിക്കൽ കോഴ്‌സുകൾക്കായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ നീറ്റ് – യു ജി പരീക്ഷയിൽ ഗ്രേസ് മാർക്ക്‌ അനുവദിച്ചതും നിരവധി വിദ്യാർത്ഥികൾക്ക് സംശയാസ്പദമായ വിധത്തിൽ മുഴുവൻ മാർക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പ്രസ്തുത പരീക്ഷയുടെ സുതാര്യതയിൽ സുപ്രീം കോടതി തന്നെ ആശങ്ക അറിയിച്ചതിനിടെയാണ് ചോദ്യ പേപ്പർ ചോർചയുടെയും ക്രമക്കേടിന്റെയും അടിസ്ഥാനത്തിൽ എൻ ടി എ ജൂൺ 18 ന് നടത്തിയ യു ജി സി – നെറ്റ് പരീക്ഷ റദ്ദാക്കിയ വാർത്തയും പുറത്തു വരുന്നത്.

2024 ലെ ‘നീറ്റ്’ പരീക്ഷ രാജ്യത്തെ 4750 പരീക്ഷ കേന്ദ്രങ്ങളിലായി ഇരുപത്തി നാല് ലക്ഷത്തിൽ പരം വിദ്യാർത്ഥികളാണ് എഴുതിയിരുന്നത്. 2020 ൽ രണ്ട് പേർക്കും 2021 ൽ മൂന്ന് പേർക്കും 2023 ൽ രണ്ട് പേർക്കുമാണ് പരീക്ഷയിൽ മുഴുവൻ മാർക്കുകളും ലഭിച്ചത്. നാല് പേർ ഒന്നാം റാങ്ക് നേടിയ 2022 ൽ 715 മാത്രമായിരുന്നു അവരുടെ സ്കോർ. എന്നാൽ ഇത്തവണ 67 പേർക്ക് മുഴുവൻ മാർക്കും ലഭിക്കുകയും അതിൽ തന്നെ ഹരിയാനയിലെ ഒരു പരീക്ഷ കേന്ദ്രത്തിലെ ആറ് മത്സരാർത്ഥികൾ ഉൾപ്പെടുകയും ചെയ്തിരുന്നു. നീറ്റ് യു ജി പരീക്ഷയുടെ പ്രോസ്പെക്ടസ് മാനദണ്ഡം അനുസരിച്ച് പരിശോധിക്കുമ്പോൾ ഭൂരിപക്ഷം വിദ്യാർത്ഥികളുടെ സ്‌കോറും യഥാർത്ഥത്തിൽ അവർക്ക് ലഭിക്കേണ്ട സ്‌കോറുമായി പൊരുത്തപ്പെടുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.

എംബിബിഎസ്-ബിഡിഎസ് ബിരുദതല പ്രവേശന പരീക്ഷയിലെ ആകെ മാർക്ക് 720 ആണ്. ശരിയായ ഉത്തരത്തിന് 4 മാർക്ക് ലഭിക്കുമ്പോൾ തെറ്റായ ഉത്തരങ്ങൾക്ക് ഓരോ ചോദ്യത്തിനും 1 മാർക്ക് കുറയ്ക്കുകയുംചെയ്യുക എന്നതാണ് നിലവിലെ രീതി. ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ അതോടൊപ്പം അടയാളപ്പെടുത്താതെ അവശേഷിക്കും ചെയ്യും. മാർക്കുമായി ബന്ധപ്പെട്ട മാന ദണ്ഡ പ്രകാരം ഗണിതശാസ്ത്രപരമായി 719, 718 എന്നിങ്ങനെയുള്ള മാർക്കുകൾ ലഭിക്കില്ലെന്നിരിക്കെ അത്തരം കേസുകൾ ഒന്നിലധികം വിദ്യാർത്ഥികളുടെ ഫലങ്ങളിൽ കാണപ്പെടുകയും ചെയ്യുന്നു. അതിനിടെയാണ് ബീഹാറിൽ ചോദ്യപേപ്പർ ചോർചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികളിൽ നിന്നും കത്തിച്ച ചോദ്യപേപ്പറുകൾ, ഒഎംആർ ഷീറ്റുകൾ തുടങ്ങിയവ പോലീസ് കണ്ടെടുത്തത്. ബീഹാറിനു പുറമേ ഗുജറാത്ത് ,യുപി, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലും ചോദ്യ പേപ്പർ ചോർചയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായുള്ള വാർത്തകളും ഏറ്റവും ഒടുവിൽ പുറത്തു വരുന്നു.

രാജ്യത്താകമാനമുള്ള സർവകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസർ’, ‘ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ആൻഡ് അസിസ്റ്റന്റ് പ്രൊഫസർ’ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള യോഗ്യത നിർണയിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ് പരീക്ഷ. എൻ ടി എ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷക്ക് 6,35,587 സ്ത്രീകളും 4,85,579 പുരുഷന്മാരും 59 ഭിന്ന ലിംഗക്കാരും ഉൾപ്പെടെ 11,21,225 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാജ്യത്തെ 317 നഗരങ്ങളിലായി 1,205 പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയുടെ ചോദ്യ പേപ്പർ 48 മണിക്കൂർ മുമ്പ് ചോർന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും വില്പന നടത്തിയെന്നുമാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പരീക്ഷയുടെ സുതാര്യതയിൽ വീഴ്ച സംഭവിച്ചതായി നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റിൽ നിന്ന് യു.ജി.സിക്ക് ലഭ്യമായ വിവരത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം കൈകൊള്ളുന്നത്. നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ടെലഗ്രാമിൽ പ്രചരിച്ചതായി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

സംഘ് പരിവാർ നേതൃത്വം നൽകുന്ന ഇന്ത്യൻ ഭരണ കൂടം വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കിക്കൊണ്ട് തങ്ങളുടെ സാംസ്കാരികാധിപത്യം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഹിന്ദുത്വയുടെ വർത്തമാനകാല ഉൽപ്പന്നങ്ങൾ നിരന്തരം നിർമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെകളിൽ രാജ്യത്തെ രൂപപ്പെടുത്തിയ ചരിത്രാനുഭവങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർ തങ്ങളുടെ അജണ്ടകൾക്കനുയോജ്യമാംവിധം ചരിത്ര പാഠ്യപദ്ധതിയ്ക്ക് രൂപം നൽകി മിഥ്യാബോധങ്ങൾ നെയ്‌തെടുത്ത് ഭരണത്തിന്റെ തണലിൽ ആധികാരികമായി പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസത്തെ ഭരണ കൂടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അകറ്റി നിർത്താനുള്ള വ്യഗ്രതയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവട വത്കരണവും കാവി വത്കരണവും മുഖ മുദ്രയാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസത്തിന് കേന്ദ്രീകൃത സ്വഭാവം രൂപപ്പെടുത്താനെന്ന പേരിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് രാജ്യത്തിന്റെ ഫെഡറൽ ഘടനയെ അക്ഷരാർത്ഥത്തിൽ വെല്ലുവിളിക്കുന്ന സമീപനവും കേന്ദ്രം സ്വീകരിക്കുന്നു.കൺകറന്റ് ലിസ്റ്റിൽ നിന്നും വിദ്യാഭ്യാസത്തെ നിയമങ്ങളുടെ പിൻബലമൊന്നുമില്ലാതെ തന്നെ യൂണിയൻ ലിസ്റ്റിലെത്തിക്കുകയാണ് കേന്ദ്ര സർക്കാർ നിലവിൽ ചെയ്യുന്നത്.

ഭരണഘടന മുന്നോട്ടുവക്കുന്ന ബഹുസ്വരതയെയും സാമൂഹിക നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിച്ചു കൊണ്ട് വിദ്യാഭ്യാസത്തെ ദുർബലമാക്കാനുള്ള നീക്കമാണ് ദേശീയ പരീക്ഷകളുടെ അട്ടിമറികളിലൂടെ വെളിപ്പെടുന്നത്. നീറ്റ് നെറ്റ് പരീക്ഷ അട്ടിമറിയെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുകയും ചെയ്യേണ്ടതുണ്ട്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares