അബ്ദുള്ളക്കുട്ടി
എഐഎസ്എഫ് തിരുവനന്തപുരം ജില്ല പ്രസിഡന്റ്
എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ സിനിമയ്ക്കും നടനും സംവിധായകനുമായ പൃഥ്വിരാജിനും എതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്.
എമ്പുരാൻ സിനിമയിലെ പ്രധാന വില്ലനെ ബാബ ബജ്റംഗി എന്ന് വിളിക്കാൻ പൃഥ്വിരാജ് തീരുമാനിച്ചതിന് പിന്നിൽ ഹിഡൻ അജണ്ടയുണ്ടെന്നും ഇടതുപക്ഷക്കാരുടെയും ഇന്ത്യാ വിരുദ്ധരുടെയും ദുഷ്ടലക്ഷ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന സിനിമ പ്രചാരണത്തിലൂടെ അദ്ദേഹത്തിന്റെ ദേശ വിരുദ്ധതയാണ് മറ നീക്കി പുറത്തു വന്നതെന്നുമാണ് ‘ഓർഗനൈസർ’ ആരോപിക്കുന്നത്.ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലയളവിൽ ന്യൂനപക്ഷങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കുമെതിരായ പോരാട്ടം പ്രഖ്യാപിത ലക്ഷ്യമായി സ്വീകരിക്കുകയും മതത്തിന്റെപേരിൽ പൗരന്മാരെ ഭിന്നിപ്പിച്ച് മുതലെടുപ്പ് ശ്രമം നടത്തിയ ബ്രിട്ടീഷ് ഭരണ കൂടത്തിന് വിടുപണി നടത്തുകയും ചെയ്തവർ വർത്തമാന കാലത്ത് ദേശ സ്നേഹത്തിന്റെ കുത്തകാവകാശം ഏറ്റെടുത്ത് രംഗ പ്രവേശനം ചെയ്യുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല.
ഇന്ത്യന്‍ ദേശീയതയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഥമ ആക്രമണ പദ്ധതിയായിരുന്ന രാഷ്ട്ര പിതാവിന്റെ വധത്തിന് നേതൃത്വം നൽകിയ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ അധികാരം കയ്യാളുന്ന സമകാലത്ത് ഗാന്ധിയും ജനാധിപത്യ ഇന്ത്യയും സൃഷ്ടിച്ചെടുത്ത മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ട് സമൂഹത്തിന്റെ സമസ്ത മേഖലകളിലും നടത്തുന്ന ഏകാധിപത്യ മനോഭാവത്തെ മറച്ചു പിടിച്ചു കൊണ്ട് എത്ര സമർത്ഥമായാണ് ‘ഓർഗനൈസർ’ രാജ്യ സ്നേഹത്തെ കുറിച്ച് വാചാലമാകുന്നത്.
ഗാന്ധി സിനിമ കണ്ടാണ് ലോകം ഗാന്ധിജിയെ അറിഞ്ഞതെന്ന കണ്ടു പിടുത്തം നടത്തിയവർ മുൻപ് ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രം നീക്കം ചെയ്താണ് ഗാന്ധി സ്നേഹവും രാജ്യ സ്നേഹവും പ്രകടിപ്പിച്ചത്.അന്ന് മോദി ഖാദിയുടെയല്ല പകരം പോളിസ്റ്ററിന്റെ മോഡലാണെന്നാണ് തുഷാര്‍ ഗാന്ധി ആരോപിച്ചത്.
കോമാളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിവധത്തിനു പിന്നില്‍ ഹിന്ദുത്വ ഫാസിസം തന്നെയാണെന്ന് വിശദമായി സ്ഥാപിച്ചുകൊണ്ട് തുഷാര്‍ ഗാന്ധി ‘ലെറ്റ്സ് കിൽ ഗാന്ധി'(Lets Kill Gandhi ) എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെയാണ് തുഷാർ ഗാന്ധിയിലും ഇവർ ദേശ ദ്രോഹം ആരോപിക്കുന്നത്. ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നീതിക്കായി അഹോരാത്രം പ്രയത്നിച്ച തീസ്ത സെതല്‍വാദ് ആർ എസ് എസ് വീക്ഷണത്തിൽ വിദേശ ശക്തികളുമായി ചേര്‍ന്ന് ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരമേര്‍പ്പെടുന്ന ഇടത് ആക്ടിവിസ്റ്റാണെന്നോർക്കണം.
2023 ആഗസ്റ്റില്‍ ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിന്റെ വാര്‍ഷിക ദിനത്തില്‍ തീസ്തയുമായി ചേർന്ന് തുഷാര്‍ ഗാന്ധി നടത്താനിരുന്ന മാര്‍ച്ച് മുംബൈ പോലിസ് വിലക്കിയത് ചൂണ്ടിക്കാട്ടി ഈയിടെ തുഷാർ ഗാന്ധിയെ തടഞ്ഞ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉറഞ്ഞു തുള്ളിയിരുന്നു. സാമ്രാജ്യത്വ വിരുദ്ധ ദേശീയ വിമോചന സമരങ്ങളുടെ എതിർ ദിശയിൽ മാത്രം സഞ്ചരിച്ച ചരിത്രമുള്ളവരാണ് മറ്റുള്ളവരുടെ രാജ്യ സ്നേഹത്തെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടുള്ള വിവാദ പരാമർശങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് രസകരം.ദേശവിരുദ്ധവും ജനാധിപത്യ വിരുദ്ധവും മനുഷ്യ മൂല്യങ്ങൾക്ക് വിരുദ്ധവുമായി പ്രവർത്തിക്കുന്ന ആ ർ എസ് എസ് ഇന്ത്യൻ ഭരണഘടന പാസാക്കി നാല് ദിവസം കഴിഞ്ഞപ്പോൾ ഇന്ന് മറ്റുള്ളവരെ ദേശ സ്നേഹം പഠിപ്പിക്കുന്ന ‘ഓർഗനൈസറി’ലൂടെനടത്തിയ ജൽപനം ജനാധിപത്യ വിശ്വാസികൾ മറന്നിട്ടില്ല.“പ്രാചീന ഭാരതത്തിൽ നിലനിന്ന ഭരണഘടനയെക്കുറിച്ച് യാതൊരു സൂചനയും പുതിയ ഭരണഘടനയിൽ ഇല്ല. മനുവിൻ്റെ നിയമങ്ങൾ സ്പാർട്ടയിലെ ലൈക്കർഗസിനും പേർഷ്യയിലെ സോളണിനും വളരെ മുമ്പേ എഴുതിയതാണ്.
മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന അദ്ദേഹത്തിൻ്റെ നിയമങ്ങൾ ഇന്നും ലോകത്തിൻ്റെ പ്രശംസ പിടിച്ചുപറ്റുകയും സ്വതസിദ്ധമായ അനുസരണവും ആചാര നിഷ്ഠയും പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ ഭരണഘടന പണ്ഡിതന്മാർക്ക് അതൊന്നും വിലയില്ലാത്തതാകുന്നു” എങ്ങനെയുണ്ട് ആർ എസ് എസ് മുഖപത്രത്തിന്റെ ദേശ സ്നേഹം? തീർന്നില്ല, 1947 ഓഗസ്റ്റ് 14ന് കപട ദേശത്തിന്റെ രൂപീകരണത്തിന്റെ സ്വാധീനത്തിൽപ്പെടാതിരിക്കാൻ ആഹ്വാനം ചെയ്‍തതും 1947 ജൂലൈ 17 ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ത്രിവർണ്ണ പതാകയെ ഒരു തുന്നൽക്കാരൻ തയ്ച്ച വെറും തുണിയാണെന്ന് പ്രഖ്യാപിച്ചതും മറ്റാരുമായിരുന്നില്ല.
ദേശ സ്നേഹത്തിന് നിർവചനം കുറിക്കുകയും ദേശ വിരുദ്ധരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് മുൻപ് ഭൂത കാലത്തേക്ക് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും എന്നാണ് ‘ഓർഗനൈസറി’നെ ഓർമ്മപ്പെടുത്താനുള്ളത്.