വിജയവാഡ: കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിലുളള സര്‍ക്കാരിനെ തൂത്തെറിയണമെന്നും ഇതിനായി ജനാധിപത്യ‑മതേതര-ഇടതുശക്തികളുടെ വിശാലമായ ഐക്യവേദി വളര്‍ത്തിക്കൊണ്ടുവരണമെന്നും ആഹ്വാനം ചെയ്ത് സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്. രാജ്യത്ത് ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണം. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയും കൂടുതല്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ആശയപരമായി രൂപപ്പെടുന്ന ശക്തമായ യോജിപ്പിലൂടെ മാത്രമേ ആര്‍എസ്എസ്-ബിജെപി സഖ്യത്തെ നേരിടാനാകൂ എന്ന് പ്രമേയത്തില്‍ വ്യക്തമാക്കി.
നിലവിലെ അപകടകരമായ സാഹചര്യങ്ങളെ നേരിടുന്നതിനും ജനങ്ങളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനും ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിലുള്ള വലതുപക്ഷ ശക്തികളുടെ കടന്നാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനുമുള്ള പോരാട്ടത്തില്‍ ഇടതുപ്രസ്ഥാനങ്ങളുടെ സ്വാധീനം നിര്‍ണായകമാണ്. അതിനായി പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും അടിത്തറ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. ആര്‍എസ്‌എസിനെതിരെ ആശയപരമായ വെല്ലുവിളി ഉയര്‍ത്തുന്നതിന് സാധ്യമാകുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി.