ആർഎസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കിന് ഇന്ന് പാലക്കാട് അഹല്യ കാംപസിൽ തുടക്കം കുറിക്കുകയാണ്. ബിജെപിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങൾ യോഗത്തിന്റെ അജണ്ടയിൽ ഇല്ലെന്ന് പ്രത്യക്ഷത്തിൽ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനവും ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുമടക്കം ചർച്ചക്ക് വരുമെന്നാണ് അറിയാൻ കഴിയുന്നത്. ആദ്യമായാണ് ആർഎസ്എസിന്റെ അഖിലഭാരതീയ സമന്വയ ബൈഠക് കേരളത്തിൽ നടക്കുന്നത്. സർസംഘചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാഹകന്മാരായ ഡോ. കൃഷ്ണഗോപാൽ, സി ആർ മുകുന്ദ, അരുൺകുമാർ, അലോക്‌കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘടനയുടെ ചുമതല വഹിക്കുന്ന 90 ഭാരവാഹികളും ആർഎസ്എസിനു കീഴിലുള്ള 32 സംഘടനകളുടെ ദേശീയ അധ്യക്ഷൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി, മറ്റു പ്രധാന ദേശീയ ഭാരവാഹികളും പാലക്കാടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ബിജെപി- ആർഎസ്എസ് ഏകോപനം ശക്തമാക്കണമെന്ന മാർഗനിർദേശമുണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിനുശേഷം ചേരുന്ന ആദ്യത്തെ ഉന്നതതലയോഗമെന്നനിലയിൽ ബൈഠക്കിന് പ്രാധാന്യമേറെയാണ്. ബൈഠകിന് മുന്നോടിയായി ആർഎസ്എസിനും ബിജെപിക്കുമിടയിലെ അകൽച്ച മാറ്റാൻ രണ്ടാഴ്ച മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഡൽഹിയിലെ വസതിയിൽ ഇരു ഭാഗത്ത് നിന്നുമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. ആർഎസ്എസ് ഭാഗത്തുനിന്ന് ജനറൽ സെക്രട്ടറി ദത്താത്രേയയും അരുൺ കുമാറും ബിജെപിയിൽനിന്ന് രാജ്നാഥ് സിങ്ങിന് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമാണ് യോഗത്തിൽ പങ്കെടുത്തത്.
ആർഎസ്എസ് – ബിജെപി ബന്ധത്തിൽ അകൽച്ച സൃഷ്ടിക്കുന്ന പ്രസ്താവന നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന നദ്ദക്ക് പകരം പുതിയ പ്രസിഡന്റ് എന്ന ആവശ്യം ആർ എസ് എസ് കേന്ദ്രങ്ങളിൽ ശക്തമാണ്. ഇന്ത്യൻ എക്സ്പ്രസ്സിലെ രണ്ട് പത്രപ്രവർത്തകർക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി നദ്ദ ആർഎസ്എസും ബിജെപിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന മട്ടിൽ പ്രതികരിച്ചത് വിവാദമായിരുന്നു.
‘ആർഎസ്എസ് എന്നത് ഒരു സാംസ്കാരിക സംഘടനയാണ്; ഞങ്ങൾ ഒരു രാഷ്ട്രീയ സംഘടനയും, അത് ഒരു പ്രത്യയശാസ്ത്രപരമായ മുന്നണിയാണ്. ആർഎസ്എസിനും ബിജെപിക്കും വ്യക്തമായി സ്ഥാപിക്കപ്പെട്ട അവരുടേതായ പ്രവർത്തനമേഖലകൾ ഉണ്ട്.‘ നദ്ദയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആർഎസ്എസ് സഹായം ആവശ്യമില്ലെന്ന നദ്ദയുടെ പ്രസ്താവനയും ആർഎസ്എസിനെ ചൊടിപ്പിച്ചിരുന്നു. മോദി – ഷാ താല്പര്യമാണ് നദ്ദയെ ദേശീയ അധ്യക്ഷ പദവിയിലെത്തിച്ചത്. അത് കൊണ്ട് തന്നെ മോദി -അമിത് ഷാ കൂട്ടു കെട്ടിനെ നിയന്ത്രിക്കാനുള്ള തീരുമാനങ്ങളും തന്ത്രങ്ങളും ബൈഠക്ക് കൈ കൊള്ളുമെന്നാണ് അറിയുന്നത്.
കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പാലക്കാട് ബൈഠക്കിന് പുറകിലുണ്ട്. ദക്ഷിണ, ഉത്തരപ്രാന്തങ്ങളായി കേരളത്തിലെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ആ ർ എസ് എസ് ഈയിടെ തീരുമാനം എടുത്തിരുന്നു . തിരുവനന്തപുരം മുതൽ എറണാകുളം ഉൾപ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും തൃശ്ശൂർ മുതൽ കാസർകോട് ഉൾപ്പെടുന്ന മേഖല ഉത്തര കേരള പ്രാന്തമെന്നുമായി പ്രവർത്തിക്കാനാണ് നാഗ്പൂർ രേശിംഭാഗിലെ അഖില ഭാരതീയ പ്രതിനിധിസഭയിലെ തീരുമാനം.
മുൻപ് 37 സംഘ ജില്ലകളും 11 വിഭാഗുകളുമായാണ് കേരളത്തിൽ ആർ എസ് എസ് പ്രവർത്തനം നടന്നിരുന്നത്. തൃശൂരിന് ശേഷം കേരളത്തിൽ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ തുടരാൻ കഴിയുമെന്ന ധാരണയും ആർ എസ് എസ് നേതൃത്വം വെച്ച് പുലർത്തുന്നു. 1997 ൽ ആർഎസ്എസ് പ്രസിദ്ധീകരിച്ചിട്ടുള്ള പരം വൈഭവ് കെ പാത് പർ (കീർത്തിയുടെ പാതയിൽ) എന്ന പുസ്തകത്തിൽ വ്യത്യസ്ത കർത്തവ്യങ്ങളുടെ നിർവഹണത്തിനായി അവർ ഉണ്ടാക്കിയിട്ടുള്ള 40 സംഘടനകളുടെ വിശദാംശങ്ങൾ നൽകുന്നുണ്ട്. അതിൽ ബിജെപി,എബിവിപി,ഹിന്ദു ജാഗരൺ മഞ്ച്,വിശ്വ ഹിന്ദു പരിഷത്ത്,സ്വദേശി ജാഗരൺ മഞ്ച്, സൻസ്കാർ ഭാരതി എന്നിവ ആർഎസ്എസ് നിർമ്മിതികളാണ് എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്. അത് കൊണ്ട് തന്നെ ആർഎസ്എസിന്റെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനമായി ബിജെപിയെ കൂടുതൽ പരുവപ്പെടുത്തുക എന്ന അജണ്ട തന്നെയാണ് പാലക്കാട് ബൈഠക്കിലൂടെ ലക്ഷ്യം വെക്കുന്നത്.