വയനാട്ടിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ച ജനങ്ങള്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് ഒരുക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കേവലം വീടും ഭൂമിയും കൊടുക്കലാകില്ലെന്നും സമ്പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിലിന്‍റെ എട്ടാംദിനമായ ഇന്ന് ആറുസോണുകളിലെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആറുസോണുകളിലും മന്ത്രിമാര്‍ എത്തും. കിണറുകള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 392പേരാണ് മരണമടഞ്ഞത്. 180ലേറെ പേരെ കണ്ടെത്താനുണ്ട്. സാധാരണ തിരച്ചില്‍സംഘത്തിന് കടക്കാന്‍ പറ്റാത്ത മേഖലയായ സൂചിപ്പാറയ്ക്കും പോത്തുകല്ലിനുമിടയില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും. സൈന്യത്തിന്‍റെയും വനംവകുപ്പിന്‍റെയും 12പേര്‍ തിരച്ചില്‍ സംഘത്തിലുണ്ടാകും. മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.
അതേസമയം, ദുരന്തമേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുപ്പും ഇന്ന് തുടങ്ങും. നഷ്ടപരിഹാരം കണക്കാക്കാന്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പരിശോധിക്കും. പൊളിച്ചുമാറ്റേണ്ടവയുടെ കണക്കും പൊതുമരാമത്ത് വകുപ്പ് ശേഖരിക്കും.