Thursday, November 21, 2024
spot_imgspot_img
HomeKeralaസാജിതയ്ക്ക് മോഹം വക്കീൽ ആവാൻ

സാജിതയ്ക്ക് മോഹം വക്കീൽ ആവാൻ

കൈപ്പമംഗലം: പാതിവഴിയിൽ ഉപേക്ഷിച്ച പഠനത്തെ ജീവിത യാത്രക്ക് അര നൂറ്റാണ്ട് പിന്നിടുമ്പോൾ തിരിച്ചു പിടിക്കുകയാണ് സാജിത അയിരൂർ എന്ന കൈപ്പമംഗലംകാരി. ചെറുപ്പത്തിൽ പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും ജീവിത പ്രയാസം മൂലവും വിവാഹം നേരത്തെ കഴിഞ്ഞത് കൊണ്ടും പത്താം ക്ലാസിൽ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. വിവാഹ ജീവിതം ആവട്ടെ അത്ര സുഖകരമായ ഓർമ്മകൾ അല്ല സാജിതയ്ക്ക് സമ്മാനിച്ചത്. സ്വന്തം ഇഷ്ടങ്ങൾക്കോ, ക്രിയാത്മകതക്കോ ഒന്നും തന്നെ വില കിട്ടിയില്ല. അവസരങ്ങളും ഉണ്ടായില്ല. ചെറുപ്പത്തിൽ തന്നെ രണ്ട് പെൺകുട്ടികളുടെ അമ്മയായ സാജിത അയിരൂർ, സ്വന്തം പ്രയത്നം കൊണ്ട് അവരെ വളർത്തുകയും, മികച്ച വിദ്യാഭ്യാസം നൽകുകയും ചെയ്തു. മൂത്ത മകൾ സബിത മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി വിദേശത്ത് ജോലി ചെയ്തുവരുന്നു. രണ്ടാമത്തെ മകൾ ബിൻസി ഇലക്ട്രിക്കൽ എന്ജനിയറിങ്ങിൽ ബി ടെക് ബിരുദം നേടി ഇപ്പോൾ തപാൽ വകുപ്പ് ജീവനക്കാരിയായി ജോലിനോക്കുന്നു.

മക്കളുടെ പഠനം കഴിഞ്ഞപ്പോൾ ആണ് അവരുടെ കൂടെ പിന്തുണയിൽ സാജിത തന്റെ പഠനം പുനരാരംഭിച്ചത്. കേരളസർക്കാർ ആവിഷ്കരിച്ച തുടർ വിദ്യാഭ്യാസ പദ്ധതി പ്രകാരം എസ്എസ്എൽസിയും പ്ലസ് ടുവും വിജയിച്ച സാജിത അയിരൂർ ഇപ്പോൾ എൽഎൽബി എൻട്രൻസ് എഴുതാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഒപ്പം സൈക്കോളജിയിൽ ബിരുദപഠനവും ലക്ഷ്യം വെക്കുന്നു. സ്ത്രീകളെയും കുട്ടികളെയും നിയമപരമായി സഹായിക്കുകയും, മോട്ടിവേഷണൽ ക്ലാസുകൾ നൽകുകയും ചെയ്യണം എന്നാണ് സാജിതയുടെ ആഗ്രഹം

കൊൺഗ്രസ്സിനും മുസ്ലിം ലീഗിനും ഏറെ വളക്കൂറുള്ള പ്രദേശത്തെ അറിയപ്പെടുന്ന ഇടതുപക്ഷ കുടുംബം ആയിരുന്നു സാജിത അയിരൂറിന്റെത്. വിവാഹം കഴിഞ്ഞ് ചെന്ന വീട്ടിൽ നിന്ന് എൽഡിഎഫിനു വോട്ട് ചെയ്യാൻ പറഞ്ഞയക്കില്ല എന്ന് പറഞ്ഞപ്പോൾ വോട്ട് ഏതൊരു പൗരന്റെയും അവകാശം ആണെന്ന് ഉറക്കെ പറയുകയും ആ അവകാശം കുടുംബത്തിൽ നിന്ന് നേടിയെടുത്ത അനുഭവവും സാജിതയ്ക്ക് ഉണ്ട്. ആ സംഭവം അറിഞ്ഞ, താൻ ആദ്യമായി വോട്ട് ചെയ്ത മുൻ കൃഷി വകുപ്പ് മന്ത്രിയും സിപിഐ നേതാവുമായിരുന്ന കൃഷ്ണൻ കണിയാംപറമ്പിൽ തന്റെ വീട്ടിൽ സന്ദർശനം നടത്തിയ കാര്യവും സാജിത ഓർത്തെടുക്കുന്നു. സിപിഐ സംസ്ഥാന കമ്മറ്റി അംഗം കെ പി സന്ദീപ് ഉദ്ഘാടനം ചെയ്‌ത അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എഐവൈഎഫ് ഉം മഹിളാ സംഘവും ചേർന്ന് നടത്തിയ വനിതാ -യുവജന കൂട്ടായ്മയിൽ സാജിത ആയിരൂരിനെ മഹിളാ സംഘം പഞ്ചായത്ത്‌ സെക്രട്ടറി വേണി പ്രേംലാൽ ആദരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares