അന്താരാഷ്ട്ര മാതൃ ഭാഷ ദിനം ആചരിക്കുന്ന വേളയിൽ മലയാളത്തെ സ്നേഹിച്ച മലയാളിയല്ലാത്ത ഒരു മനീഷിയെ നമുക്ക് പരിചയപ്പെടാം.
“സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു”. ഈ ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.ക്രൈസ്തവർ മരണാനന്തര ചടങ്ങുകളിൽ ആലപിക്കുന്ന ഗാനമായിട്ടാണ് ഈ ഗാനം അറിയപ്പെടുന്നത്. എന്നാൽ ഗാന രചയിതാവ് അപ്രകാരം മരണാനന്തര ചടങ്ങുകളിൽ ആലപിക്കാൻ വേണ്ടി എഴുതിയതല്ല ഈ ഗാനം എന്നതാണ് സത്യം.
‘അരനാഴിക നേര’ മെന്ന മലയാള ചിത്രത്തിലാണത് വിലാപ ഗാനമായി മാറ്റപ്പെട്ടത്.1970 ൽ എം ഒ ജോസഫ് നിർമ്മിച്ച അരനാഴിക നേരമെന്ന ചിത്രത്തിൽ വയലാറിന്റെതായി വന്ന ഈ ഗാനം യഥാർത്ഥത്തിൽ ജർമ്മൻകാരനായ ഒരു മിഷണറി രചിച്ചതാണ്.വോൾബ്രീറ്റ് നാഗൽ എന്നാണ് അദ്ദേഹത്തിന്റെ പേര്. നാഗൽ സായിപ്പ് എന്ന് അറിയപ്പെട്ടു.

ജർമൻകാരൻ ആയ അദ്ദേഹം കേരളത്തിൽ വന്ന് മലയാള ഭാഷ പഠിച്ച് രചിച്ച മലയാള ഗാനങ്ങൾ വാസ്തവത്തിൽ മലയാളികളെ പോലും അതിശയിപ്പിക്കും.ക്രൈസ്തവ ആരാധനകളിൽ മുഴങ്ങാറുള്ള ഒട്ടേറെ സ്തുതി ഗീതങ്ങൾ നാഗൽ രചിച്ചിട്ടുണ്ട്.
1893 ൽ ബാസൽ മിഷൻ മിഷണറിയായി കേരളത്തിൽ എത്തിയ നാഗൽ തന്റെ പ്രേഷിത പ്രവർത്തനങ്ങൾക്ക് വേണ്ടി മലയാള ഭാഷ ആഴത്തിൽ പഠിച്ചു. ഇരുപത്തിയൊന്ന് വർഷമാണ് അദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നത്.
“സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു,
എൻ സ്വദേശം കാണ്മതിന്നായ് ബദ്ധപ്പെട്ടോടീടുന്നു “
‘ബദ്ധപ്പെട്ടോടീടുന്നു’ എന്നതിനേക്കാൾ മലയാളികൾക്കിടയിൽ ഈ വരികൾ ‘ഞാൻ തനിയെ പോകുന്നു ‘ എന്ന രീതിയിൽ സാർവത്രികമാകാൻ കാരണം സിനിമയിൽ ഗാനം അവതരിപ്പിച്ചപ്പോൾ കൊണ്ട് വന്ന ഭേദഗതിയാണ്. ഇപ്രകാരം നാഗലിന്റെ ഗാന ത്തിന് ചില ഭേദഗതികൾ നൽകിയാണ് ‘അര നാഴിക നേര’ത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

“ആകെ അൽപ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ നിനക്ക് സ്തോത്രം വേഗം നിന്നെ കാണും ഞാൻ “
വയലാർ ഇതിന്റെ രണ്ടാം വരി “ആകെ അര നാഴിക മാത്രം ഈയുടുപ്പ് മാറ്റുവാൻ ” എന്നാക്കി
“രാവിലെ ഞാൻ ഉണരുമ്പോൾ
ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം
ഇന്നലേക്കാൾ അടുപ്പം “
നാഗലിന്റെ വരികളുടെ വയലാർ ഭാഷ്യം ഇങ്ങനെ
രാവിലെ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉണരുന്നു
അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു”
ഹെർമൻ ഗുണ്ടർട്ടിനെ പോലെ മലയാളത്തെ ആഴത്തിൽ സ്നേഹിച്ചിരുന്നു വി നാഗലും. 1898 ൽ മുപ്പത്തി ഒന്നാം വയസ്സിൽ മലയാളത്തിലെ തന്റെ പ്രഥമ കൃതി ‘ക്രിസ്തീയ സ്നാനം’ രചിക്കുമ്പോൾ അദ്ദേഹത്തിന്റെ മലയാള ഭാഷ പരിചയം വെറും അഞ്ച് വർഷം മാത്രമായിരുന്നു. മലയാള കാവ്യ ശാഖ ഇത്ര മാത്രം ലളിതവത്കരിക്കപ്പെട്ടിട്ടില്ലാത്ത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ് അന്നത്തെ കാവ്യ ശൈലിക്കനുസൃതമായ രീതിയിൽ വൃത്തവും അന്ത്യ പ്രാസവും ദ്വിതീയാക്ഷര പ്രാസവും ദീക്ഷിച്ചുള്ളതും ഭാഷയുടെ ശക്തി സൗന്ദര്യത്തെ ആവാഹിച്ചുമുള്ള നാഗൽ രചനകൾ രൂപപ്പെട്ടത് എന്നത് അത്ഭുതാവഹം തന്നെ.വി നാഗലിനോടുള്ള ആദര സൂചകമായി കുന്നംകുളം നഗരത്തിലെ ഒരു റോഡിന് ‘മിഷനറി വി നാഗൽ റോഡ് ‘ എന്ന പേര് നൽകിയിട്ടുണ്ട്. ദീർഘ കാലം കുന്നം കുളമായിരുന്നു നാഗലിന്റെ പ്രവർത്തന മേഖല.

മലയാളിയല്ലാത്ത ഒരാൾ കേരളത്തിൽ വന്ന് മലയാളം പഠിക്കുകയും മലയാളത്തിൽ നിരവധി ഗാനങ്ങൾ രചിക്കുകയും അത് മലയാളികൾ നെഞ്ചേറ്റുകയും ചെയ്യുക എന്നത് വിസ്മയകരമല്ലേ!’സമയമാം രഥ’ത്തിൽ മുഴു മലയാളികൾക്കും പ്രിയങ്കരമാണെങ്കിൽ മറ്റ് ഗാനങ്ങൾ കേരളീയ ക്രിസ്തീയ ഗോളത്തിനും ഏറെ പ്രിയങ്കരവും പ്രത്യാശ നിറക്കുന്നതുമാണ്. മലയാളിയല്ലാത്ത നാഗലിന്റെ മലയാളത്തോടുള്ള മമതയെ കേരളം അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ച ചെയ്തുവോ എന്ന ചോദ്യം പ്രസക്തമാണ്.
മലയാളത്തെ സ്നേഹിച്ച മഹാ മനീഷിക്ക് ‘മലയാളത്തി’ൽ ഇടം ലഭിച്ചുവോ എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.1914-ൽ മക്കളെ ഉപരി പഠനത്തിന് ചേർക്കുന്നതിനായി നാഗൽ ജർമ്മനിയിലേക്ക് പോയി. ആറു മാസം കഴിഞ്ഞ് തിരിച്ചു വരാമെന്നുള്ള ധാരണയോടെയായിരുന്നു മക്കളുമായുള്ള യാത്ര. എന്നാൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാരണം മടങ്ങി വരവ് മുടങ്ങി. 1918 ൽ യുദ്ധം അവസാനിച്ച ശേഷം ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഒടുവിൽ 1921 മെയ് 21 ന് വി നാഗൽ ഈ ലോകത്തോട് വിട പറഞ്ഞു