വിവേകനന്ദ ദർശനങ്ങൾ കാലാതീതമായി യുവതലമുറകൾക്ക് പുതിയ ദിശാബോധം നൽകുന്നതാണ്. ദേശീയതയും രാജ്യ സ്നേഹവും ചർച്ചയാകുന്ന ഈ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ് വിവേകാനന്ദന്റെ ജീവിതപാഠങ്ങൾ. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർത്ത് മതം, ആഹാരം, വസ്ത്രം, അഭിപ്രായം തുടങ്ങി എല്ലാത്തിനും കൂച്ചുവിലങ്ങിടുന്ന കാലത്ത് വിവേകാനന്ദ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. തൊഴിലില്ലായ്മ, ജാതി വിവേചനം, ദാരിദ്ര്യം, പട്ടിണി, മതപരമായ അസഹിഷ്ണുത, വർഗീയത എന്നിവയ്ക്കെതിരായുള്ള യുവതലമുറയുടെ രോഷം പ്രകടമാണ്. ധനികരെ കൂടുതൽ ധനികരും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടരും ആക്കുന്നതാണ് നവ ഉദാരവൽക്കരണ നയങ്ങൾ. ഭക്ഷണ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വലിയ ഭീഷണികളെ നേരിടുന്നു.
വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ നിരന്തരമായി ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിവേകാനന്ദ ദർശനങ്ങളിൽ മതത്തിന്റെ വെള്ളം ചേർത്ത് ജനങ്ങൾക്ക് മുന്നിൽ വിളമ്പാനാണ് ആർഎസ്എസ് ബിജെപി ശക്തികൾ ശ്രമിക്കുന്നത്.
വിവേകാനന്ദനെന്ന നവോത്ഥാന പരിഷ്കർത്താവിനെ വർഗ്ഗീയ ശക്തികൾ ഇന്ന് അവരുടെ നേതാവായി പ്രചരിപ്പിക്കുകയാണ്. ഈ നാട്ടിലെ ജാതി ചിന്തകളുടെ ആഴം ഏറ്റവും കൂടുതൽ വിളിച്ചു പറഞ്ഞ ഒരാളായിരുന്നു വിവേകാനന്ദൻ. മൂഢന്റെ അവസാന ആയുധം വർഗ്ഗീയതയാണ് എന്ന് വിവേകാനന്ദൻ തന്നെ പറഞ്ഞതാണ്. നമ്മുടെ സാമൂഹിക പരിഷ്കാർത്താക്കൾ തുടച്ചു നീക്കാൻ ശ്രമിച്ച ജാതിയതയും സവർണ ബോധവും അവരുടെ പേരിൽ തന്നെ അടിച്ചേൽപ്പിച്ച് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘ പരിവാറിന് മുന്നിൽ നമ്മൾ വിവേകാനന്ദൻ ഉയർത്തിയ ശരിയായ ദർശനങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട്. ആ ലക്ഷ്യം മുൻനിർത്തിയാണ് എഐവൈഎഫ് വിവേകാനന്ദ സ്‌മൃതിയുമായി യുവാക്കൾക്കിടയുലേക്ക് ഇറങ്ങുന്നത്.