Friday, November 22, 2024
spot_imgspot_img
HomeIndiaരാജ്യം എന്തു ചിന്തിക്കണം എന്ന് തീരുമാനിക്കുന്ന സംഘപരിവാര്‍; മോദിയുടെ 'ഡിജിറ്റല്‍ ഇന്ത്യ കളികള്‍'

രാജ്യം എന്തു ചിന്തിക്കണം എന്ന് തീരുമാനിക്കുന്ന സംഘപരിവാര്‍; മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ കളികള്‍’

2012 മുതൽ 2023 വരെ 741 തവണ ഇൻർനെറ്റ് ഉപരോധം ഏർപ്പെടുത്തിയ രാജ്യമാണ് നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’.ഇതിൽ 2022ൽ മാത്രം 84 തവണ ഇന്ത്യയിൽ നിർബന്ധിത ഇന്റർനെറ്റ് ഉപരോധമുണ്ടായി.

സർക്കാരിന് എതിരായ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും, ബിജെപി-സംഘപരിവാർ സ്‌പോൺസേഡ് കലാപങ്ങൾ വ്യാപകമാകുമ്പോഴും രാജ്യത്ത് പലയിടങ്ങളിൽ ഇന്റർനെറ്റ് ഉപരോധം ഏർപ്പെടുത്തും. പുറംലോകവുമായി ബന്ധപ്പെടാനാകാതെ കലാപ ബാധിത മേഖലയിലെ മനുഷ്യർ ക്രൂരമായ നീതിനിഷേധത്തിൽ അകപ്പെടും. സുപ്രീംകോടതിയുടെ ഇടപെടലുകൾ ഉണ്ടായി ഇന്റർനെറ്റ് ഉപരോധം പിൻവലിക്കുമ്പോഴേക്കും സംഘപരിവാർ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കും.

മണിപ്പൂർ തന്നെ നോക്കൂ, കലാപം ആരംഭിച്ചതു മുതൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടു. കലാപ ബാധിത മേഖലകളിൽ നിന്നുള്ള ഒരു വാർത്തയും പുറംലോകത്തേക്ക് എത്തിയില്ല. മറിച്ച്, മണിപ്പൂരിലെ ക്രിസ്ത്യൻ ക്രൂരത എന്ന തരത്തിൽ ബിജെപി, സംഘപരിവാർ സോഷ്യൽ മീഡിയ സംഘം തെരഞ്ഞെടുത്ത കണ്ടന്റുകൾ മാത്രം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇന്റർനെറ്റിൽ ഒഴുകി. ഇവ എത്തേണ്ടിടത്ത് എത്തിയെന്ന ബോധ്യം സംഘപരിവാറിന് വന്നതിന് ശേഷം മാത്രമാണ് രാജ്യം, മണിപ്പൂരിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു തുടങ്ങിയത് തന്നെ.

അതായത്, ജനാധിപത്യത്തിന്റെ മാതാവെന്ന് സ്വയം വിശേഷിക്കപ്പെടുന്ന ഈ രാജ്യത്തെ ജനങ്ങൾ എന്തു കാണാണം, എന്ത് ചിന്തിക്കണം, എന്തിൽ പ്രതികരിക്കണം എന്നതുവരെ സംഘപരിവാർ തീരുമാനിക്കുന്ന ഗുരുതര സാഹചര്യം വന്നുചേർന്നിരിക്കുന്നു.

മനുഷ്യർക്ക് മേലേയുള്ള കടന്നുകയറ്റങ്ങൾ സംഘപരിവാറിനും അതിന്റെ മെഷനറിക്കും പുതുമയുള്ള കാര്യമല്ല. രാഷ്ട്രീയത്തിലെ ധാർമികതയും നേർമയും അവർക്കൊരു പ്രശ്‌നമല്ല. മനുഷ്യ ജീവന് പുല്ലുവില കൽപ്പിക്കുന്നൊരു അക്രമിക്കൂട്ടം, രാജ്യം എന്ത് ചിന്തിക്കണം എന്നത് തീരുമാനിച്ച് മത വിദ്വേഷം മുന്നിലേക്ക് വച്ചുതരുമ്പോൾ, പട്ടിണിയും ദാരിദ്ര്യവും മാത്രം കൈമുതലുള്ള ഇവിടുത്തെ സാധാരണക്കാർ, താഴേത്തട്ടിലുള്ള ജനങ്ങൾ അത് കണ്ണുമടച്ചു വിശ്വസിക്കുകയും ആ വലിയ ചിലന്തി വലകളിൽ പെട്ടുപോവുകയും ചെയ്യുന്നു.

ഇന്റർനെറ്റില്ലാത്ത കാലത്ത്, ഗുജറാത്ത് കലാപവും ബാബറി മസ്ജിദും ആളിക്കത്തിച്ചത് വാമൊഴികളിലൂടെയും കവലകൾ തോറും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെയും പിൻബലത്തിലായിരുന്നു. മുഖ്യധാര മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും ഒരുപോലെ അന്ന് സംഘപരിവാറിന് വേണ്ടി വിടുപണി നടത്തി. ഇന്നാ സ്ഥാനം പതിനായിരക്കണക്കിന് വ്യാജ ട്വിറ്റർ ഐഡികൾ ഏറ്റെടുത്തു. അവയിലൂടെ അവർ നുണകളുടെ കെട്ടഴിച്ചുവിട്ടു. അവരഴിച്ചുവിട്ട നുണകൾ മാത്രം വിശ്വസിച്ച ഇന്നാട്ടിലെ പട്ടിണി കോലങ്ങൾ തൃശൂലവുമേന്തി തെരുവുകളിലേക്കിറങ്ങിയത് നമ്മൾ മുസാഫർനഗറിലും ഡൽഹിയിലും കണ്ടു. ഇന്നിപ്പോൾ മണിപ്പൂരിൽ നിന്നൊരു ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന്റെ ആഘാതത്തിൽ രാജ്യം സ്ത്രീസുരക്ഷയെ കുറിച്ച് വീണ്ടും ചർച്ച ചെയ്തു തുടങ്ങുമ്പോഴേക്കും, മണിപ്പൂരിലെ ക്രൈസ്തവ ക്രൂരതകളുടെ കെട്ടുകഥകൾ ഇതിനോടകം ആയിരം റൗണ്ട് കറങ്ങി തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു. അവിടെയാണ് സംഘപരിവാർ വിജയിക്കുന്നതും, ജനാധിപത്യ ഇന്ത്യ തോറ്റുപോകുന്നതും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares