സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്‌റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ രാവിലെ പത്തിന് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മെയ് 13 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.നിലവിലെ ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഞായറാഴ്‌ച വിരമിച്ചു. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്‌ത ജസ്‌റ്റിസ് സഞ്ജീവ് ഖന്ന 2019 ജനുവരിയിലാണ് സുപ്രീംകോടതി ജഡ്‌ജിയായത്. ഡൽഹി ഹൈക്കോടതിയിലും പ്രാക്‌റ്റീസ് ചെയ്‌തു.
ദീർഘകാലം ആദായനികുതി വകുപ്പിന്റെ സ്‌റ്റാൻഡിങ് കോൺലായിരുന്നു. 2005ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി. 2006ൽ സ്ഥിരം ജഡ്‌ജിയായി. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാബെഞ്ചിലും ജസ്‌റ്റിസ് സഞ്ജീവ് ഖന്ന അംഗമായിരുന്നു.