പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിന് ശേഷം ഓഫീസിലിരിക്കാനൊ ജോലി ചെയ്യാനൊ അവകാശമില്ലെന്ന് രാജസ്ഥാനിലെ ജുന്‍ജുനു മുന്‍ എംപിയും ബിജെപി നേതാവുമായ സന്തോഷ് അഹ്‌ലാവത്. സൂരജ്‌ഗട്ടില്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ അഹ്‌ലാവത് നടത്തിയ പ്രസംഗത്തിലാണ് ഈ പരാമർശം ഉണ്ടായയത്. പ്രസ്താവന വിവാദമായിട്ടും ബിജെപി നേതാവിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല . ഏപ്രില്‍ 19, 26 തീയതികളില്‍ രണ്ട് ഘട്ടമായാണ് രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടപ്പ്.
ബാഗ്രി ഭാഷയിലായിരുന്നു അഹ്‍ലാവത് പ്രവർത്തകരോട് സംസാരിച്ചത്. “ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. സർക്കാർ ഓഫീസിലെ കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്കും എന്റെ പ്രവർത്തകരെയോ വോട്ടർമാരെയോ അഭ്യുദയകാംഷികളെയോ ഉപദ്രവിക്കാന്‍ സാധിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർ ഒന്നുകില്‍ മനസിലാക്കി പെരുമാറണം, അല്ലെങ്കില്‍ ബാഗ് പാക്ക് ചെയ്തോളു. അഞ്ച് വർഷത്തേക്ക് നിങ്ങളെ മണ്ഡലത്തില്‍ ഞാന്‍ പ്രവേശിപ്പിക്കില്ല. ഇങ്ങനെയൊന്നും സംസാരിക്കരുതെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചു, അതിനാല്‍ ഇക്കാര്യം ഗ്രാമം മുഴുവന്‍ അറിയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് സൂരജ്‌ഗട്ടിലെ ഒരു സർക്കാർ ഓഫീസിലും ജോലി ചെയ്യാന്‍ അവകാശമില്ല,” അഹ്‍ലാവത് പറഞ്ഞു.