ഡൽഹി: പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിൽ ശശി തരൂരിനെ തിരുകി കയറ്റി കേന്ദ്രസർക്കാർ. ശശി തരൂരിനെ നിര്‍ദേശിച്ചവരുടെ പട്ടികയിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്.
ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് കേന്ദ്രസർക്കാരിനു നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്‍റെ തീരുമാനം.
തരൂരിനെ പരിഗണിച്ചതിലൂടെ കോണ്‍ഗ്രസിന്‍റെ ഉത്തരം മുട്ടിക്കുക കൂടിയാണ് ഉന്നം. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാട് മറികടന്ന് കേന്ദ്രസര്‍ക്കാരിന് തരൂര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. അഭിപ്രായ പ്രകടനത്തില്‍ പാര്‍ട്ടി ലക്ഷ്മണ രേഖയും വരച്ചെങ്കിലും വിദേശകാര്യ വിഷയത്തില്‍ സ്വന്തം നിലക്ക് അഭിപ്രായം പറയുമെന്ന് തന്നെയാണ് തരൂര്‍ ആവര്‍ത്തിക്കുന്നത്.