വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇടത് പക്ഷ സ്ഥാനാർഥിയായി സത്യൻ മൊകേരി വരുമ്പോൾ ഇടത് പക്ഷത്തിന് ആത്മ വിശ്വാസമേകുന്നതും യു ഡി എഫി ന് ആശങ്ക സൃഷ്ടിക്കുന്നതുമായ ഒരു ചരിത്രമുണ്ട്. മണ്ഡല രൂപീകരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 2009 ൽ യു ഡി എഫ് സ്ഥാനാർഥി എം ഐ ഷാനവാസ് നേടിയത് 153439 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.
അതാകട്ടെ അന്ന് വരെ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷവും. അഡ്വക്കേറ്റ് എം റഹ്മത്തുള്ളയായിരുന്നു ഇടത് പക്ഷത്തിന്റെ സ്ഥാനാർഥി.റെക്കോർഡ് ഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ 2014 ൽ ഷാനവാസ് രണ്ടാം അങ്കത്തിന്നിറങ്ങിയപ്പോൾ എൽ ഡി എഫ് കളത്തിലിറക്കിയത് ഇടത് പക്ഷ ലാളിത്യത്തിന്റെ മകുടോദാഹരണമായ സത്യൻ മൊകേരിയെ ആയിരുന്നു. യു ഡി എഫ് കേന്ദ്രങ്ങളെ അന്ന് അവസാന നിമിഷം വരെ മുൾ മുനയിൽ നിർത്തിയ സത്യൻ മൊകേരി ഒടുവിൽ അവസാന നിമിഷം കീഴടങ്ങിയത് വെറും 20870 വോട്ടുകൾക്കായിരുന്നു.
ആ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 37123 വോട്ടുകൾ നേടിയ പി വി അൻവറാണ് സത്യത്തിൽ ഷാനവാസിനെ ‘രക്ഷപ്പെടുത്തിയത് ‘. അൻവർ നേടിയ വോട്ടുകളിൽ നല്ലൊരു പങ്കും ഇടത് പക്ഷത്തിന്റേതായിരുന്നു എന്നതാണ് വസ്തുത. ഇടത് സ്ഥാനാർഥിയുടെ ജനകീയതയും പ്രാദേശിക വിഷയങ്ങളിൽ ഷാനവാസിനോടുണ്ടായിരുന്ന വോട്ടർമാരുടെ നീരസവും പ്രകടമായിരുന്ന തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ 15769 വോട്ടുകളുടെ ലീഡ് എൽ ഡി എഫ് നേടുകയും ചെയ്തു.
കർമ്മ നിരതവും കളങ്ക രഹിതവും ജനകീയ മുഖവുമായ സത്യൻ മൊകേരി വീണ്ടുമൊരിക്കൽ വയനാട്ടിൽ ജന വിധി തേടാനെത്തുമ്പോൾ ഇടത് മുന്നണിയുടെ പ്രവർത്തകർ ഒന്നടങ്കം ആവേശത്തിലാണ്. അഞ്ച് വർഷം എം പി ആയിരിക്കെ രാഹുൽ ഗാന്ധി മണ്ഡലത്തോട് കാണിച്ച നിഷേധാത്മക സമീപനവും 2024 ലെ വിജയത്തിന് ശേഷം മണ്ഡലത്തെ അനാഥമാക്കിയതും നിഷ് പക്ഷ വോട്ടർമാർ വലിയ രീതിയിൽ ചർച്ച ചെയ്യുന്നുണ്ട്. ഇടത് മുന്നണിക്ക് ഏറെ സാധ്യതയുള്ള മണ്ഡലത്തിൽ സത്യൻ മൊകേരിയിലൂടെ വിസ്മയം സൃഷ്ടിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ ഡി എഫ്.