വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. രാവിലെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയായിരുന്നു. നിലവിൽ സി പി ഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി സി പി ഐ മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും ദീർഘ കാലം കിസാൻ സഭ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
മുൻപ് 2014 ൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ എം ഐ ഷാനവാസിനെതിരെ മത്സരിച്ച സത്യൻ മൊകേരി 2009 ലെ യു ഡി എഫിന്റെ 153439 എന്ന ഭൂരിപക്ഷം 20870 ലേക്ക് എത്തിച്ചിരുന്നു. 1987, 91, 96 നിയമ സഭ തെരഞ്ഞെടുപ്പുകളിൽ നാദാപുരത്ത് മത്സരിച്ചു ജയിച്ചു.