Thursday, November 21, 2024
spot_imgspot_img
HomeEditorialയുവാക്കളെ, നമ്മളല്ലാതെ ഇനി ആരാണ് തെരുവിലിറങ്ങുക…

യുവാക്കളെ, നമ്മളല്ലാതെ ഇനി ആരാണ് തെരുവിലിറങ്ങുക…

സാധാരണമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നു പോകുന്നത്. രാജ്യത്തെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി ഏതറ്റം വരെയും പോകുമെന്ന് സംഘപരിവാർ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്തെ തകർന്ന സാമ്പത്തിക മേഖലയെ കുറിച്ചോ നശിച്ചുകൊണ്ടിരിക്കുന്ന വികസനത്തെക്കുറിച്ചോ ബിജെപിക്കാരോട് ചോദിച്ചാൽ മറുപടി എന്തായിരിക്കും? മതം. അതിനപ്പുറം ഒരു ഉത്തരവും അവരിൽ നിന്നുണ്ടാകില്ല.

വർഗീയത മാത്രമാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും ആയുധം. വർഗീയ കലാപങ്ങൾ അഴിച്ചുവിട്ടും മത വേർതിരിവ് നടത്തിയുമാണ് ബിജെപി ഇന്നേവരെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങൾ എല്ലാം നേടിയത്.

ഈ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ രണ്ടാംകിട പൗരന്മാരായി മാറ്റാനുള്ള ശ്രമം ബിജെപി ഭരണത്തിന്റെ തുടക്കം മുതൽ ആരംഭിച്ചിട്ടുണ്ട്. ഇനിയും ബാക്കി നിൽക്കുന്ന മതേതര മനസ്സുകളുടെ സൂക്ഷ്മതയും ധൈര്യവും ഒന്നുകൊണ്ടു മാത്രമാണ് ചെറുത്തുനിൽപ്പ് സാധ്യമാകുന്നത്. പേടിയില്ലാതെ നമ്മൾ സംഘപരിവാറിനെതിരെ ഉറക്കെ സംസാരിക്കേണ്ടതുണ്ട് എന്ന രാഷ്ട്രീയ ബോധ്യമാണ് എഐവൈഎഫിനെ സേവ് ഇന്ത്യ മാർച്ച് പോലൊരു ക്യാമ്പയിനിലേക്ക് എത്തിച്ചത്.

പൊരുതുന്ന ഇന്ത്യൻ ജനതയെ കൂടെ നിർത്തുക, രാഷ്ട്രീയ ശക്തി പകരുക എന്നത് പുരോഗമന ഇടത് സംഘടന എന്ന നിലയിൽ അഖിലേന്ത്യ യുവജന ഫെഡറേഷന്റെ കർത്തവ്യമാണ്.

തൊഴിലില്ലായ്മയും പട്ടിണിയും കാരണം ഈ രാജ്യത്ത് നിലനിൽപ്പിനു വേണ്ടി യുവാക്കൾ തെരുവിൽ ഇറങ്ങുകയാണ്. ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന സേവ് ഇന്ത്യ മാർച്ചിന്റെ മുദ്രാവാക്യം ഓരോ ജനാധിപത്യ വിശ്വാസിയും ഏറ്റു വിളിക്കേണ്ടതാണ്.

ഇന്ന് മുതൽ 28 വരെ നടക്കുന്ന കാൽനട ജാഥകളിൽ പങ്കെടുക്കാൻ എത്തുന്ന യുവത രാജ്യത്തിന്റെ പ്രതീക്ഷയാണ്. അങ്ങനെയൊന്നും ഈ രാജ്യത്തെ മതഭീകരന്മാർക്ക് മുന്നിൽ അടിയറവ് വെക്കില്ല എന്ന ഉറച്ച തീരുമാനത്തിന്റെ പിന്നിൽ അണിനിരക്കാൻ 10000 കണക്കിന് യുവാക്കൾ ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗരവീഥികളിലും ഒരുമിച്ച് എത്തും. നമ്മുടെ രാജ്യത്തെ, നമ്മുടെ മതേതരത്വത്തെ, ജനാധിപത്യത്തെ സംരക്ഷിക്കാൻ യുവാക്കളെ, നമ്മളല്ലാതെ ആരാണ് തെരുവിലിറങ്ങുക…ഇനി നമ്മുടെ സമയമാണ്,വിഭജന രാഷ്ട്രീയത്തിനെതിരെ ഒരുമയുടെ ശബ്ദം ഉയർത്താൻ നമ്മുടെ സമയം വന്നെത്തിയിരിക്കുന്നു… തെരുവുകളിലേക്ക് ഇറങ്ങുക, സമരമായി പടരുക, ഒരുമിച്ച് നിന്ന് വർഗീയതക്കെതിരെ മുദ്രാവാക്യങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കുക…

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares