ഒരുപാട് സമരങ്ങള്‍ കണ്ട ഭൂമികയാണ് വയനാട്… ജന്‍മിമാരോടും കങ്കാണികളോടും പോരാടി ധീര രക്തസാക്ഷികളായ നിരവധി സഖാക്കളുടെ ഓര്‍മ്മകളുറങ്ങുന്ന വിപ്ലവ മണ്ണ്.
ആദിവാസി, കര്‍ഷക ചെറുത്തുനില്‍പ്പിന്റെ ഐതിഹാസിക സമര ഗാഥകള്‍ വിരിഞ്ഞ മണ്ണ്. അടിയാന്റെ ചോരവീണ് നനഞ്ഞ മണ്ണ്. ജന്‍മിത്വത്തിന്റെ അധികാര ഹുങ്കിന്റെ മതിലുകള്‍ തച്ചുതകര്‍ക്ക് ചെങ്കൊടിയേന്തിയ മനുഷ്യര്‍ സ്വാതന്ത്ര്യത്തിന്റെ വിത്തു പാകിയ മണ്ണ്.
മഞ്ഞും മലയും മാത്രമല്ല വയനാട്, ചോരകൊണ്ട് ചരിത്രമെഴുതിയ കമ്മ്യൂണിസ്റ്റ് പോരാളികളുടെ ജീവന്റെ വിലയുണ്ട്, ഈ ഭൂമികയ്ക്ക്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ നയിക്കുന്ന സേവ് ഇന്ത്യ മാര്‍ച്ച് വയനാട്ടിലേക്ക് കടക്കുമ്പോള്‍, കനല്‍ച്ചൂടാണ് വയനാടന്‍ കാറ്റിന്. ഓര്‍മ്മകള്‍ ഇരമ്പുന്നു, വയനാടന്‍ കാടുകളില്‍ തീപടർത്തിയ കമ്മ്യൂണിസ്റ്റ് പോരാളികളുടെ ധീര സ്മരണകള്‍ ആളിക്കത്തുന്നു… മലമടക്കുകളില്‍ നിന്നൊരു മുദ്രാവാക്യം തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുഴങ്ങുന്നു… ഇങ്ക്വിലാബ് സിന്ദാബാദ്… രക്തസാക്ഷികള്‍ സിന്ദാബാദ്…