ഒരുമിച്ച് നടക്കാം വർഗീയതയ്‌ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രവാക്യം ഉയർത്തി എഐവൈഎഫ് നടത്തുന്ന സേവ് ഇന്ത്യ മാർച്ചിനു ഇന്ന് തൃശൂരിന്റെ മണ്ണിൽ സമാപനം. തിരുവനന്തപുരത്തു നിന്നും പര്യടനം ആരംഭിച്ച എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ക്യാപ്റ്റനും എസ് വിനോദ് കുമാർ,അഡ്വ. ആർ ജയൻ, അഡ്വ. ഭവ്യ കണ്ണൻ(വൈസ് ക്യാപ്റ്റൻമാർ),അഡ്വ. ആർ എസ് ജയൻ, (ഡയറക്ടർ) എന്നിവർ അംഗങ്ങളുമായ തെക്കൻ മേഖലാ ജാഥയും കാസർകോട് നിന്നും ആരംഭിച്ച എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്യാപ്റ്റനും കെ ഷാജഹാൻ, പ്രസാദ് പറേരി, അഡ്വ. വിനീത വിൻസെന്റ് (വൈസ് ക്യാപ്റ്റന്മാർ), അഡ്വ. കെ കെ സമദ്(ഡയറക്ടർ) എന്നിവർ അംഗങ്ങളുമായ വടക്കൻ മേഖലാ ജാഥയും തൃശൂരിൽ സംഗമിക്കും.
എണ്ണിയാലൊടുങ്ങാത്ത പോരാട്ടങ്ങൾ നടത്തിയ യുവജന പ്രസ്ഥാനമായ എഐവൈഎഫിന്റെ ഐതിഹാസിക കാൽനട ജാഥയ്ക്ക് കേരളമൊട്ടാകെ വൻ വരവേൽപ്പാണ് ലഭിച്ചത്. ഫാസിസ്റ്റ് ഭരണകൂടത്തെ എതിർത്ത് തോൽപ്പിക്കണമെന്ന് ആഗ്രഹമുള്ള ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയായി ഈ യാത്ര മാറി.
കൊടും വേനലിനെ അവഗണിച്ച് സഖാക്കൾ കേരളത്തിന്റെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഇറങ്ങിച്ചെന്നു. കൃത്യമായ രാഷ്ട്രീയം സംസാരിച്ചു. സംഘപരിവാറിന്റെ കുടില തന്ത്രങ്ങളെയും അതിനെ എതിർക്കാനെന്ന രീതിയിൽ കേരളത്തിന്റെ മണ്ണിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന എസ്ഡിപിഐ പോലുള്ള സംഘടനകൾക്ക് എതിരെയും യുവാക്കൾക്കിടയിൽ കൃത്യമായ ബോധവത്കരണം നടത്തുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തമാണ് എഐവൈഎഫ് ഏറ്റെടുത്തത്. ജനാധിപത്യത്തിന്റെ അവസാന ആണിക്കല്ലും ഊരിമാറ്റാനുള്ള ആർഎസ്എസ് ശ്രമത്തെ ഏതു വിധേനയും ചെറുത്തു തോൽപ്പിക്കുക എന്ന ഏറ്റവും വലിയ ദൗത്യത്തിന് ജനതയെ പ്രാപ്തരാക്കുക എന്ന മഹത്തായ ശ്രമം ഒരു യുവജന സംഘടന ഏറ്റെടുത്തപ്പോൾ, അതിനെ മതേതര-ജനാധിപത്യ വിശ്വാസികൾ ആവേശത്തോടെ സ്വീകരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥകൾക്ക് ലഭിച്ച ആവേശ്വജ്വല വരവേൽപ്പ് അതിന്റെ തെളിവായി. ഇടത് ഐക്യത്തിന്റെ വേദികൂടിയായി സേവ് ഇന്ത്യ മാർച്ച്.
ഇന്ന് വൈകിട്ട് 5 മണിയ്ക്ക് ഇരുജാഥകളും തൃശൂർ തെക്കേഗോപുരനടയിൽ സംഗമിക്കും. തൃശൂർ ശക്തൻനഗറിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ ഭഗത് സിങ് യൂത്ത് ഫോഴ്സിലെ 3000 അംഗങ്ങളും മുപ്പതിനായിരത്തോളം വരുന്ന യുവജനങ്ങളും അണിനിരക്കും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥകൾ തെക്കേഗോപുരനടയിൽ എത്തിച്ചേരും. തുടർന്നു തെക്കേഗോപുരനടയിൽ സജ്ജീകരിച്ചിരിക്കുന്ന ഫാസിസ്റ്റ്വിരുദ്ധ സംഗമവേദിയിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന എക്സി.അംഗങ്ങളായ കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ, രാജാജി മാത്യു തോമസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എ ഐ വൈ എഫ് ദേശീയ സെക്രട്ടറി ആർ തിരുമലൈ, സിപിഐയുടെയും എ ഐ വൈ എഫിന്റെയും സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനാനന്തരം തൈവമക്കൾ കണിമംഗലം അവതരിപ്പിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും