രാജ്യത്തെ വർഗ്ഗീയതയുടെ പേരിൽ വിഭജിക്കുന്ന ബിജെപി സംഘപരിവാർ ശക്തികളുടെ അജണ്ടകൾക്കെതിരെയും യുവതലമുറയെ പട്ടിണിക്കിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും എഐവൈഎഫ് നടത്തുന്ന സംസ്ഥാന വ്യാപക കാൽനട ജാഥയ്ക്ക് ഇന്ന് തുടക്കമാകുന്നു. മോദി സർക്കാർ അധികരാത്തിലേറിയതു മുതൽ രാജ്യത്തിനു നഷ്ടപ്പെട്ട മതേതരത്വ മൂല്യങ്ങളും പൊതുമേഖല സ്ഥാപനങ്ങൾ കോർപ്പറേറ്റ് ശക്തികൾക്ക് മുന്നിൽ അടിയറവ് വച്ച് അതിലൂടെ രാജ്യത്തെ യുവതലമുറയെ ഇരുട്ടിലാക്കിയ കിരാത ഭരണത്തിനും എതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ രാജ്യത്തെ വിപ്ലവയുവജന പ്രസ്ഥാനം എഐവൈഎഫ് നയിക്കുന്ന സേവ് ഇന്ത്യ മാർച്ചിനു ഇന്ന് തിരുവനന്തപുരത്തിന്റെ മണ്ണിൽ തുടക്കമാകും.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖല കാൽനട ജാഥയാണ് ഇന്ന് ആരംഭിക്കുന്നത്. വൈകിട്ട് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നതോടെ സേവ് ഇന്ത്യ മാർച്ചിനു തുടക്കമാകും. തെക്കൻ മേഖല ജാഥാ ക്യാപ്റ്റനായ ടി ടി ജിസ്മോനും വൈസ് ക്യാപ്റ്റരൻമാരായി എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, അഡ്വ. ഭവ്യ കണ്ണൻ ഡയറക്ടറായ അഡ്വ. ആർ ജയൻ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകും.
കേരളത്തിന്റെ എല്ലാ ജില്ലകളിലൂടെയും കടന്ന് വർഗ്ഗീയ ശക്തികൾക്കെതിരെ കേരളജനതയെ ഒന്നടങ്കം കൈകോർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ, പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ്, തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.