ടി ടി ജിസ്മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി
ജനാധിപത്യ സംരക്ഷണത്തിനും ഭരണഘടനയ്ക്കും വേണ്ടി എക്കാലത്തും ഉജ്ജ്വലമായ സന്ധിയില്ലാത്ത സമരങ്ങൾ നടത്തിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ചുരുക്കിപ്പറഞ്ഞാൽ സമരങ്ങളാണ് കേരളത്തെ ഇന്നീ കാണുന്ന തരത്തിൽ രൂപപ്പെടുത്തിയെടുത്തത്. രാജ്യത്ത് എന്തു തരം അനീതി നടന്നാലും, അത് ഭരണകൂട ഭീകരത ആയിക്കോട്ടെ മത വർഗീയ കലാപങ്ങൾ ആയിക്കോട്ടെ, പ്രതിഷേധത്തിന്റെ ചൂണ്ടുവിരൽ ആദ്യം ഉയരുന്നത് ഇങ്ങു തെക്കെയറ്റത്തുള്ള കേരളത്തിൽ നിന്നായിരിക്കും. രാജ്യം ചർച്ച ചെയ്ത എത്രയെത്ര സമര മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുണ്ടായിരിക്കുന്നു.
കോർപ്പറേറ്റു വൽക്കരണത്തിനെതിരെ, തൊഴിലില്ലായ്മക്കെതിരെ, ദാരിദ്ര്യവും പട്ടിണിയും കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടങ്ങൾക്കെതിരെ എത്രയെത്ര മുദ്രാവാക്യങ്ങൾ, എത്രയെത്ര സമരങ്ങൾ…മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും മതനിരപേക്ഷ പുരോഗമന കേരളം ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്. ആ മുദ്രാവാക്യങ്ങൾ പിന്നീട് രാജ്യം ഏറ്റു വിളിച്ചിട്ടുണ്ട്. അങ്ങനെയൊരു മുദ്രാവാക്യത്തെ കുറിച്ചാണ് ഇനി പറയുന്നത്.
ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി മെയ് മാസത്തിലെ കനത്ത ചൂടു വകവയ്ക്കാതെ എ ഐ വൈ എഫ് കേരളമാകെ നടക്കാൻ പോവുകയാണ്. ആ നടത്തത്തിന്റെ മാറ്റൊലികൾ കേവലം അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഒരു കുഞ്ഞു സംസ്ഥാനത്തിൽ മാത്രമല്ല അലയടിക്കാൻ പോകുന്നത്. രാജ്യത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും, ഓരോ ജനാധിപത്യ വിശ്വാസിയും, ഓരോ മതേതര മനസ്സും ഈ മുദ്രാവാക്യം ഏറ്റുവിളിക്കും. ഈ മുദ്രാവാക്യത്തിലൂടെ കേരളം മുന്നേ നടക്കും, പിന്നാലെ ഇന്ത്യ നടക്കും… സാഹോദര്യത്തിന്റെ, സമാധാനത്തിന്റെ മതേതരത്വത്തിന്റെ നല്ല നാളേക്കായി എഐവൈഎഫ് നടക്കാൻ ഇറങ്ങുമ്പോൾ അഭിവാദ്യമർപ്പിക്കാം, ആ മുദ്രാവാക്യം ഹൃദയത്തോട് ചേർത്തു വെക്കാം…
മെയ് 15 മുതലാരംഭിക്കുന്ന മാർച്ച് 28ന് സമാപിക്കും. കേരളത്തിന്റെ എല്ലാ ജില്ലകളിലൂടെയും കടന്ന് വർഗ്ഗീയ ശക്തികൾക്കെതിരെ കേരളജനതയെ ഒന്നടങ്കം കൈകോർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിക്കുക. പൊരി വെയിൽ വകവയ്ക്കാതെ എഐവൈഎഫിന്റെ പ്രവർത്തകർ മാർച്ചുമായി കേരളത്തിലൊന്നടങ്കം രംഗത്ത് വരുമ്പോൾ അവർക്കൊപ്പം അണിചേരാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ എത്തുകയും അവർ ഈ കാൽനട ജാഥയെ ഏറ്റെടുക്കുകയും ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്ക് എതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.
ജാഥകളുടെ പ്രചാരണത്തിനായി വിപുലമായ തയ്യാറെടുപ്പുകൾ ആണ് എഐവൈഎഫ് നടത്തുന്നത്. ജില്ലാ മണ്ഡലം തലങ്ങളിൽ സംഘാടക സമിതികൾ രൂപീകരിച്ചു വരുന്നു. കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി നിരവധി പ്രചാരണ ക്യാമ്പയിനുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.