കൊല്ലം സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എസ്ബിഇഎ) സംസ്ഥാന സമ്മേളനത്തിനു കൊല്ലം ടൗൺ ഹാളിൽ തുടക്കമായി. രാവിലെ 9.30 ന് പ്രസിഡന്റ് എസ് സുരേഷ് കുമാർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം എഐബിഇഎ ദേശീയ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്തു. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ പ്രസംഗിച്ചു.
വൈകിട്ട് 4.45 ന് ചിന്നക്കടയിൽ നിന്ന് ടൗൺ ഹാളിലേക്ക് പ്രകടനം നടക്കും. തുടർന്നുനടക്കുന്ന പൊതു സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. പിന്നീട് കലാസന്ധ്യ അരങ്ങേറും. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ൽ അധികം പ്രതിനിധികൾ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ വനിതാ ജീവനക്കാരുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കുമെന്ന് എസ്ബിഇഎ ഭാരവാഹികളായ എസ് സുരേഷ് കുമാർ, വി. അനിൽ കുമാർ, സന്തോഷ് സെബാസ്റ്റ്യൻ, എസ്. പിങ്കി, ടി ജി പ്രദീപ്, വിജയകുമാർ എന്നിവർ അറിയിച്ചു.