Sunday, November 24, 2024
spot_imgspot_img
HomeKeralaഎസ്‌ബിഐ വിപണന പരിഷ്‌കാരം, പ്രക്ഷോഭവുമായി എഐബിഇഎ

എസ്‌ബിഐ വിപണന പരിഷ്‌കാരം, പ്രക്ഷോഭവുമായി എഐബിഇഎ

തിരുവന്തപുരം: എസ്ബിഐയിലെ വിപണന പരിഷ്ക്കാരങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി ട്രാവങ്കൂർ സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ). ശാഖകളിലെ ബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള അശാസ്ത്രീയ വിപണന പദ്ധതി പിൻവലിക്കുക, ശാഖകളിൽ ജീവനക്കാരുടെ ഒഴിവുകൾ സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, ഇടപാടുകാർക്ക് തടസ്സരഹിതവും മെച്ചപ്പെട്ടതുമായ സേവനങ്ങൾ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴിൽ- ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴിൽശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭങ്ങളാരംഭിക്കുവാൻ എഐബിഇഎ ഇന്നലെ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. ട്രാവങ്കൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന്റെ ഭാ​ഗമായി ഡിസംബർ 28 ന് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളടക്കം സംഘടിപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ. 2023 ജനുവരി 3ന് തിരുവനന്തപുരം ലോക്കൽ ഹെഡ്ഡാഫീസിനു മുന്നിൽ സംസ്ഥാനതല ധർണ, ജനുവരി 11ന് വിവിധ കേന്ദ്രങ്ങളിൽ ധർണ എന്നിങ്ങനെയാണ് പ്രഥമഘട്ട പ്രക്ഷോഭ പരിപാടികളെന്ന് അവർ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കടക്കമുള്ള സമരപരിപാടികൾ തീരുമാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടതൽ ശാഖകളും ബിസിനസ്സുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിസിനസും വരുമാനവും ലാഭവും വർദ്ധിപ്പിക്കുവാനെന്ന പേരിൽ ശാഖകളിൽ നിന്നും ജീവനക്കാരെ ഗണ്യമായി കുറച്ച് വിപണന ജോലിയിലേക്ക് മാറ്റുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. തന്മൂലം ശാഖകളിലെ സേവനങ്ങൾ അവതാളത്തിലാകും. 1200 ലധികം ക്ലർക്കുമാരുടെ സേവനം ശാഖകളിൽ നിന്ന് പിൻവലിക്കപ്പെടുന്നതോടെ, കൗണ്ടറുകളിലെത്തുന്ന ഇടപാടുകാരുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കപ്പെടാതെ വരുന്ന സാഹചര്യം സംജാതമാകും എന്നാണ് വിലയിരുത്തൽ. സവിശേഷമായ വിപണന ജോലികൾക്ക് അനുയോജ്യരും ആവശ്യവുമായ ജീവനക്കാരെ നിയമിക്കാതെ ശാഖാ കൗണ്ടറുകളിൽ നിന്നും ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് ജോലികൾക്ക് നിയോഗിക്കുന്നത് യുക്തിരഹിതമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.

ഇതു മൂലം ബാങ്കുശാഖകളിലെ സേവനങ്ങൾ പ്രതിസന്ധിയിലാകും. ശാഖകളിൽ അവശേഷിക്കുന്ന ജീവനക്കാരുടെ ജോലി ഭാരം വർദ്ധിക്കുമ്പോൾ കാര്യക്ഷമതയെ ബാധിക്കും. കിട്ടാക്കടങ്ങൾ സൃഷ്ടിക്കുന്ന വരുമാന-ലാഭ ചോർച്ചയ്ക്ക് പ്രതിവിധിയെന്ന നിലയിൽ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവുചുരുക്കുവാൻ പദ്ധതികൾ തയ്യാറാക്കുമ്പോൾ ബാങ്കിടപാടുകാർക്ക് അവശ്യം ലഭിക്കേണ്ട സേവനങ്ങളാണ് തകിടം മറിയുന്നതെന്നും അസോസിയേഷൻ അം​ഗങ്ങൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിലും ബാങ്കിന്റെ ബിസിനസിലും കസ്റ്റമർ അടിത്തറയിലും ഗണ്യമായ വികാസമുണ്ട്. എന്നാൽ കൃത്യമായ ഇടവേളകളിൽ ബിസിനസ്സിനും ഒഴിവുകൾക്കും ആനുപാതികമായി നിയമനം നടന്നിട്ടില്ല. തന്മൂലം ശാഖകളിൽ ജീവനക്കാരുടെ രൂക്ഷമായ കുറവാണ് അനുഭവപ്പെടുന്നത്. ഇത് കസ്റ്റമർ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ജീവനക്കാരുടെ മേൽ അതിയായ ജോലി ഭാരവും കടുത്ത സമ്മർദ്ദവും നിലവിൽത്തന്നെ ഉണ്ടാക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ഇത് കൂടുതൽ വഷളാക്കുന്ന സ്ഥിതിയാണ്. ബാങ്കിന്റെ വിലപ്പെട്ട ഇടപാടുകാർക്ക് കാര്യക്ഷമവും സമയബന്ധിതവുമായ മികച്ച സേവനം നല്കാൻ ജീവനക്കാർ ഏറെ പാടുപെടുന്ന ഇന്നത്തെ സ്ഥിതിയിൽ, നിലവിലെ ജീവനക്കാരിൽ ഒരു ഭാഗത്തെ ശാഖകളുടെ പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കുന്നത് ശാഖകളുടെ സുഗമമായ പ്രവർത്തനത്തെയും ജീവനക്കാരുടെ തൊഴിൽ- ജീവിത സന്തുലനത്തെയും ഇടപാടുകാർക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരത്തെയും, മൊത്തത്തിൽ ബാങ്കിന്റെ പ്രതിച്ഛായയെയും ഏറെ പ്രതികൂലമായി ബാധിക്കും. അതിനാൽ അപ്രായോഗികവും അശാസ്ത്രീയവുമായ ഈ വിപണന -പരിഷ്കാരത്തിൽ നിന്ന് ബാങ്ക് ഉടൻ പിൻമാറണമെന്ന് അസോസിയേഷൻ ശക്തമായി ആവശ്യപ്പെടുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares