തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിൽ സുതാര്യതയില്ലെന്ന പ്രതിപക്ഷ പാർടികളുടെ വാദം ശരിവച്ച് സുപ്രീംകോടതിയും. ‘തെരഞ്ഞെടുപ്പ് കമീഷണർമാരുടെ തസ്‌തികകളിലേക്ക് പരിഗണിക്കപ്പെട്ടവരുടെ വിവരങ്ങൾ നിയമനസമിതിയിലെ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യാതിരുന്നത് ആശങ്കാജനകമാണെന്ന്’ സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പുതിയ തെരഞ്ഞെടുപ്പ് കമീഷണർമാരെ തിരക്കിട്ട് നിയമിച്ച നടപടിയിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചത്.
എന്നാൽ, നിയമനസമിതിയിൽനിന്ന് ചീഫ്‌ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയുടെ നിയമസാധുത പരിശോധിക്കാമെന്ന് കോടതി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വെബ്‌സൈറ്റിൽ പുറത്തുവിട്ടത്. ആ ഉത്തരവിലാണ്, തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിക്കാൻ പരിഗണിച്ചവരുടെ വിവരങ്ങൾ നിയമനസമിതിയിലെ മുഴുവൻ അംഗങ്ങൾക്കും കൈമാറാത്തത് ആശങ്കാജനകമാണെന്ന നിരീക്ഷണമുള്ളത്. കേന്ദ്രസർക്കാരിന്റെ പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കേണ്ട സമിതിയിൽ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നിർദേശിച്ച കേന്ദ്രമന്ത്രി എന്നിവരാണ് അംഗങ്ങൾ.
ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവെന്നനിലയിൽ സമിതിയിൽ അംഗമായ കോൺഗ്രസ് എംപി അധിർരഞ്ജൻ ചൗധ്‌രി തെരഞ്ഞെടുപ്പ് കമീഷണർമാരായി പരിഗണിക്കുന്നവരുടെ വിവരങ്ങൾ അവസാനനിമിഷംവരെ തനിക്ക് ലഭിച്ചിരുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഈ പരാതി ശരിവയ്ക്കുന്ന രീതിയിലുള്ള നിരീക്ഷണങ്ങളാണ് ജസ്റ്റിസ് സഞ്‌ജീവ്‌ഖന്ന, ജസ്റ്റിസ് ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ ഉത്തരവിലുള്ളത്. ‘തെരഞ്ഞെടുപ്പ് കമീഷനിലെ രണ്ട് ഒഴിവുകളിലേക്ക് ഈ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത രീതിയിൽ കോടതിക്ക് ആശങ്കയുണ്ട്. വളരെ പ്രധാനപ്പെട്ട ഭരണഘടനാപദവിയാണിത്. ആ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ മുഴുവൻ വിശദാംശവും നിയമനസമിതിയിലെ എല്ലാ അംഗങ്ങൾക്കും കൈമാറിയശേഷമേ നിയമനം പാടുണ്ടായിരുന്നുള്ളൂ’ സുപ്രീംകോടതി നിരീക്ഷിച്ചു.