തിരുവന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവർ മുഖ്യാതിഥികളായെത്തും.
മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. കലോത്സവ സ്വർണക്കപ്പ് വിതരണവും 62ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്‌കൂൾ കായികമേളയുടെയും മാധ്യമ പുരസ്‌കാര വിതരണവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, പി പ്രസാദ്, സജി ചെറിയാൻ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, ഒ ആർ കേളു, വി അബ്ദുറഹ്മാൻ എന്നിവർ സമ്മാനദാനം നിർവഹിക്കും. എം എൽ എമാരും കലോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരുമായ ആന്റണി രാജു, കെ ആൻസലൻ, ജി സ്റ്റീഫൻ, ഒ എസ് അംബിക, വി ശശി, ഡി കെ മുരളി, സി കെ ഹരീന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ് ഷാനവാസ്, അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു, സ്വീകരണ കമ്മിറ്റി കൺവീനർ സാലു ജെ ആർ തുടങ്ങിയവർ പങ്കെടുക്കും.
സ്വർണ കപ്പ് രൂപകല്പന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻനായരെ സമാപനസമ്മേളനത്തിൽ പൊന്നാട അണിയിച്ചു ആദരിക്കും. പാചക രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച ഹരിത കർമ്മസേന, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ആദരിക്കും. പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നൽകുന്നത്. വേദിയിലെത്തി സമ്മാനം സ്വീകരിക്കുന്നതിനായി പരമാവധി പത്ത് പേരെ മാത്രമേ അനുവദിക്കൂ. എട്ട് വിദ്യാർഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് അനുമതി. ഇവർക്ക് പ്രത്യേകം തിരിച്ചറിയൽ കാർഡ് നൽകും. വേദിയിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ക്രമീകരണം. സമാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം ഉണ്ടാകും. സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ല.
ഉച്ചക്ക് രണ്ടുമണിയോടെ മത്സരങ്ങൾ എല്ലാം പൂർത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അപ്പീലുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും. നാല് മണിയോടെ സ്വർണ കപ്പ് വേദിയിലേക്ക് കൊണ്ട് വരുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ കലാമേള മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഗതാഗതക്രമീകരണങ്ങൾ നടത്തുന്നതിനും സഹായിച്ച പോലീസിനും സന്നദ്ധപ്രവർത്തകർക്കും സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി ജി ആർ അനിൽ നന്ദി അറിയിച്ചു. എംഎൽഎമാരായ ആന്റണി രാജു, ഐ ബി സതീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.