ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടിൽ വിവരങ്ങൾ നൽകാത്തത് ഭരണഘടനാ ലംഘനമാണെന്ന് വിധിച്ച് സുപ്രീം കോടതി. ഇലക്ട്രൽ ബോണ്ട് കോടതി അസാധുവാക്കി. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ രാജ്യത്തേ ഓരോ പൗരൻമാർക്കും അവകാശമുണ്ടെന്ന് കോടതി തുറന്നടിച്ചു. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ട്രൽ ബോണ്ട്. കള്ളപ്പണം തടയാനെന്ന പേരിൽ വിവരങ്ങൾ രഹസ്യമാക്കി വെക്കാനാവില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് വിധി പറഞ്ഞത്.
സംഭാവന നൽകുന്നവർക്ക് പാർട്ടികളിൽ സ്വാധീനവും ഉന്നത ബന്ധവുമുണ്ടാകും. ഇത് നയ തീരുമാനങ്ങളെ ബാധിക്കും. രാഷ്ട്രീയ സംഭാവനയ്ക്ക് സ്വകാര്യത അവകാശം ബാധകമല്ല. അറിയാനുള്ള അവകാശം രാഷ്ട്രീയ സംഭാവനകൾക്കും ബാധകമാണ്. കള്ളപ്പണം നിയന്ത്രിക്കാൻ ഇലക്ട്രൽ ബോണ്ട് മാത്രമല്ല ഉപാധി. കള്ളപ്പണ നിയന്ത്രണത്തിന് വേണ്ടി അറിയാനുള്ള അവകാശം ലംഘിക്കാനാവില്ല. അജ്ഞാത ഇലക്ട്രൽ ബോണ്ട് അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇലക്ട്രൽ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കണം. ഇലക്ട്രൽ ബോണ്ടുകളുടെ വിതരണം നിർത്താൻ കോടതി എസ്ബിഐയോട് നിർദേശിച്ചു. 2019 മുതലുള്ള വിവരങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും കോടതി പറഞ്ഞു. 2017ലെ നിയമ ഭേദഗതി സുപ്രിംകോടതി റദ്ദാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്.
2017 ൽ അരുൺ ജെയ്റ്റ്ലിയാണ് ധന ബില്ലിനൊപ്പം ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. 2018 ജനുവരി 29ന് സർക്കാർ ഇലക്ടറൽ ബോണ്ട് സ്കീം ചർച്ചയില്ലാതെ പാസാക്കി. ധന ബില്ലാക്കിയായിരുന്നു പദ്ധതി അവതരിപ്പിച്ചത്. വിദേശത്തുനിന്ന് ഉൾപ്പെടെ കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലാണ് നിയമം വിഭാവനം ചെയ്തത്. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. അതിനായി സ്റ്റേറ്റ് ഓഫ് ബാങ്ക് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതി. നേരത്തെ, നിയമപ്രകാരം ഒരു വിദേശ കമ്പനിക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കഴിയില്ലായിരുന്നു. അത് ഈ സ്കീം നിലവിൽ വന്നശേഷം ഇല്ലാതായി.
ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമൻമാരിൽനിന്ന് പരിധിയില്ലാതെ പണം സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 2018 മുതൽ 2022 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ 57 ശതമാനവും നേടിയത് ബി ജെ പിയാണ്. രണ്ടാമത് കോൺഗ്രസും മൂന്നാമത് തൃണമൂൽ കോൺഗ്രസുമാണ്.
അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ബോണ്ടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തിയിരിക്കുന്നു. വിവരങ്ങളിലുള്ള സുതാര്യത നഷ്ടപ്പെടുന്നതിലാണ് കമ്മിഷൻ ആശങ്ക അറിയിച്ചത്. പദ്ധതിയോട് എതിർപ്പില്ലെങ്കിലും ലഭിക്കുന്ന സംഭാവനകൾ എത്രയെന്ന് കമ്മിഷന് അറിയാൻ കഴിയാത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു വിശദീകരണം.