മാനന്തവാടി: വയനാട് വാകേരിയിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ആറാം ദിവസമായ ഇന്നും തുടരും. കുങ്കി ആനകളായ വിക്രമിനെയും ഭരതിനെയും ഉപയോഗിച്ചാണ് തെരച്ചിൽ. മൂന്നിടത്ത് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കൂടുതൽ ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ചു.
ചെതലയം, മേപ്പാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നുള്ള വനപാലകരും ആർ.ആർ.ടിയും അടങ്ങുന്ന നൂറംഗ സംഘവും നോർത്തേൺ സി.സി.എഫ് കെ.എസ്. ദീപ, ഡി.എഫ്.ഒ ഷജ്ന കരീം, വൈൽഡ് ലൈഫ് വാർഡൻ പി. ദിനേശ് കുമാർ, ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അജേഷ് മോഹൻദാസ്, ചെതലയം റെയിഞ്ചർ അബ്ദുൾസമദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ഡബ്ല്യൂ ഡബ്ല്യു എൽ 45 എന്ന പതിമൂന്ന് വയസുള്ള ആൺകടുവയാണ് വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനായ മരോട്ടിത്തറപ്പിൽ പ്രജീഷിനെ ആക്രമിച്ചതെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടല്ലൂരിലെ കോഴിഫാമിനോട് ചേർന്ന് സ്ഥാപിച്ച രണ്ട് ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതും വനംവകുപ്പിന്റെ കൈവശമുള്ള ചിത്രവും ഒത്തുനോക്കിയാണ് കടുവയെ തിരിച്ചറിഞ്ഞത്.
നരഭോജി കടുവയെ തിരിച്ചറിഞ്ഞതോടെ ഇതിനെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറകർ ഡോ. അരുൺ സക്കറിയ വാകേരിയിൽ എത്തി.
കഴിഞ്ഞ ആറ് ദിവസത്തിനിടെ മൂന്ന് തവണയാണ് പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിലാണ് ആദ്യം ചിത്രം പതിഞ്ഞത്. ചൊവ്വാഴ്ച കാടുവെട്ടുന്നതിനിടെ പ്രദേശവാസിയായ ഷാജി കടുവയെ കണ്ടു. ബുധനാഴ്‌ച പ്രദേശത്തെ കോഴിഫാമിന് സമീപം കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവിടെ ക്യാമറ സ്ഥാപിച്ചു. അതിലും കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.